'ആ സംഭവം സുരേഷേട്ടന് വിഷമമുണ്ടാക്കി; പിന്നീട് സംസാരിക്കാൻ മടി തോന്നി; മകന് വേണ്ടി ചെയ്ത സഹായം'; പ്രിയങ്ക
വിവാദങ്ങൾ തുടരെ വരുമ്പോഴും നടൻ സുരേഷ് ഗോപിയെ പിന്തുണച്ച് നിരവധി പേർ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം മിക്കവരും തങ്ങളുടെ വ്യക്തി ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നത്. സിനിമാ, സീരിയൽ മേഖലയിൽ സുരേഷ് ഗോപിയോട് കടപ്പാടുള്ള ഒരുപാട് പേരുണ്ട്. പലരുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് സുരേഷ് ഗോപിയുണ്ടാക്കിയത്. സുരേഷ് ഗോപിയെക്കുറിച്ച് നടി പ്രിയങ്ക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നടനെ വർഷങ്ങളായി പ്രിയങ്കയ്ക്ക് അറിയാം. കിച്ചാമണി എംബിഎ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിൽ തുടക്കം കുറിക്കുന്നതും. മൈൽസ്റ്റോൺ മേക്കേർസിന്റെ പ്രത്യേക പരിപാടിയിലാണ് പ്രിയങ്ക മനസ് തുറന്നത്. കുട്ടികളുടെ സംഘടനയിൽ ഞാനുണ്ടായിരുന്നു. അതിന്റെ സ്റ്റേറ്റ് പ്രസിഡന്റ് ആയിരുന്നു ഞാൻ. പരിപാടിയിൽ ചേട്ടൻ വരും. സിനിമാ താരമെന്നതിനപ്പുറം വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിഞ്ഞു. സുരേഷേട്ടന്റെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു.

അത് കഴിഞ്ഞ് മലയാളത്തിലെ എന്റെ ആദ്യ സിനിമ കിച്ചാമണി എംബിഎ ചെയ്തു. സുരേഷേട്ടനെന്ന വ്യക്തി എന്ത് ഇമോഷനായാലും കള്ളത്തരമില്ലാതെ കാണിക്കുന്ന പച്ചയായ മനുഷ്യനാണ്. സിനിമാ രംഗത്ത് എല്ലാവർക്കും സ്നേഹമാണ് പക്ഷെ എന്തിനും എപ്പോഴും വിളിക്കാവുന്ന എന്റെ സ്വന്തമെന്ന് തോന്നിയൊരാൾ സുരേഷേട്ടനാണ്. എന്റെ ജീവിതത്തിൽ ചീത്ത പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയാത്ത വളരെ അപൂർവം ആളുകളേയുള്ളൂ. അതിലൊരാൾ സുരേഷേട്ടനാണ്. തന്നോട് ദേഷ്യപ്പെട്ടിട്ടും പിണങ്ങിയിട്ടുമുണ്ടെന്നും പ്രിയങ്ക തുറന്ന് പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പൂർണ മനസോടെ സേവനമനുഷ്ഠിക്കുന്ന ആളാണ് സുരേഷ് ഗോപിയെന്ന് പറഞ്ഞ പ്രിയങ്ക ഇതിനുദാഹരണമായി തന്റെ അനുഭവവും പങ്കുവെച്ചു. മകന് സ്കൂളിൽ അഡ്മിഷൻ വന്നപ്പോൾ അടുത്ത വർഷം മകനെ കേന്ദ്രീയ വിദ്യാലയത്തിലാക്കാമെന്ന് സുരേഷേട്ടൻ പറഞ്ഞു. ചേട്ടനന്ന് രാജ്യസഭാ എംപിയാണ്. ചേട്ടന്റെ ക്വാട്ടയിൽ അഡ്മിഷൻ കിട്ടും. അപ്ലിക്കേഷൻ കൊടുക്കേണ്ട സമയത്ത് എന്റെ അമ്മൂമ്മ മരിച്ചു.

എനിക്ക് അപ്ലിക്കേഷൻ കൊടുക്കാൻ പറ്റിയില്ല. ഒരു ഡ്രെെവറുടെയടുത്ത് കൊടുത്തയച്ചിട്ട് സുരേഷേട്ടൻ അത് വാങ്ങി. ആദ്യത്തെ പേര് എന്റെ മകന്റേതായിരുന്നു. ഇന്നും എന്റെ മനസിൽ നിൽക്കുന്നത് അതാണ്. ഞാനാവശ്യപ്പെട്ടിട്ട് പോലുമില്ല. കുഞ്ഞ് സ്കൂളിൽ പോയി. ഒരു മാസമായപ്പോഴേക്കും മകൻ തളർന്ന് പോയി. രാവിലെ ആറ് മണിക്ക് പോയാൽ വൈകുന്നേരമേ തിരിച്ചെത്തൂ. അതോടെ അവിടത്തെ സ്കൂൾ പഠനം നിർത്തി. ഇത് ചേട്ടനോട് പറഞ്ഞപ്പോൾ വളരെ വിഷമമായി.
മറ്റൊരു കുട്ടിയുടെ അവസരമാണ് പോയത്. എന്നും രാവിലെ ഗുഡ് മോർണിംഗ് പറയുന്ന ആളായിരുന്നു. പക്ഷെ കുറേ നാൾ എനിക്കങ്ങോട്ട് സംസാരിക്കാനുള്ള വിഷമം ആയി. അല്ലാതെയും എന്റെ ജീവിതത്തിലുണ്ടായ ഒന്ന് രണ്ട് സാഹചര്യങ്ങളിൽ ചേട്ടനെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അതൊരു സ്നേഹമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
പ്രിയങ്കയ്ക്ക് വേണ്ടി സഹായങ്ങൾ ചെയ്തതിന് കാരണം നടിയൊരു സിംഗിൾ മദർ ആയതിനാലാണെന്ന് സുരേഷ് ഗോപിയും അഭിമുഖത്തിൽ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ ഗരുഡൻ എന്ന സിനിമ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബിജു മേനോൻ, അഭിരാമി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷം ചെയ്തത്. അരുൺ വർമയാണ് ഗരുഡന്റെ സംവിധായകൻ.


Click it and Unblock the Notifications