'കാശ് വേസ്റ്റ് ചെയ്യാറില്ല, ഭർത്താവിന്റെ ജീവിതം കണ്ടപ്പോൾ ഷോക്കായിരുന്നു, മുതലാളിയായി പെരുമാറാറില്ല'; രാധ!
ഇന്നത്തെ കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് നായികമാർക്ക് ദീർഘകാലം പിടിച്ച് നിൽക്കാൻ സാധിക്കില്ല. ചുരുക്കം ചിലർക്ക് മാത്രമാണ് അതിന് സാധിക്കുന്നത്. എന്നാൽ നായികമാർ തമ്മിലുള്ള മത്സരം ശക്തമായിരുന്ന വേളയിൽ പോലും തെന്നിന്ത്യയിലെ നാല് ഭാഷകളിലും ഹിന്ദിയിലും ഒരു കൈനോക്കി വിജയം വരിച്ചൊരു നായികയുണ്ട് മലയാളികൾക്ക്. മലയാളികൾ ഇനിയും മറക്കാത്ത രാധയാണ് ആ അപൂർവ്വനേട്ടം സ്വന്തമാക്കിയ നായിക.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു രാധ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാലോകമൊക്കെ എൺപതുകളിൽ രാധയുടെ ഡേറ്റിനായി കാത്തുനിന്നിരുന്നു. അപൂർവ്വം ചില നടിമാർക്ക് മാത്രം സാധിച്ച അപൂർവ്വമായ റെക്കോർഡോഡെയാണ് രാധയുടെ സുവർണകാലം കഴിഞ്ഞത്. വിവാഹത്തോടെയാണ് രാധ അഭിനയം ഉപേക്ഷിച്ചത്.

ഉദയ ചന്ദ്രിക എന്നായിരുന്നു താരത്തിന്റെ പേര്. സിനിമയിലെത്തിയ ശേഷമാണ് അത് രാധയായി മാറിയത്. ചേച്ചി അംബികയേക്കാൾ പലരുടെയും ഹൃദയം കവർന്നത് രാധയായിരുന്നു. അഭിനയം താരം ഉപേക്ഷിച്ചത് മക്കൾക്കും ഭർത്താവിനും വേണ്ടിയാണ്. അമ്പത്തിയെട്ടുകാരിയായ രാധയുടെ മൂത്തമകൾ കാർത്തിക നായർ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒട്ടനവധി ബിസിനസുകൾ രാധയ്ക്കും ഭർത്താവിനുമുണ്ട്. താരമിപ്പോൾ കുടുംബസമേതം തിരുവനന്തപുരത്താണ് സെറ്റിലായിരിക്കുന്നത്. ഇപ്പോഴിതാ വളരെ നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ രാധ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ ബിസിനസിനെ കുറിച്ചും സിനിമ ഉപേക്ഷിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ചും രാധ സംസാരിച്ചിരുന്നു. സംരംഭകനും രാഷ്ട്രീയപ്രവർത്തകനുമായ രാജശേഖരനാണ് രാധയുടെ ഭർത്താവ്. ഇൻഡോ അറബിന്റെ എക്സലൻസ് അവാർഡ് സ്വീകരിക്കാൻ ദുബായ് എത്തിയപ്പോഴാണ് താരം വിശേഷങ്ങൾ പങ്കിട്ടത്.
'എല്ലാ കാര്യങ്ങളും അതായത് ഫാമിലി, പാഷൻ, കുട്ടികൾ, ബിസിനസ് ഇവയെല്ലാം ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകാനുള്ള ഒരു കഴിവ് എനിക്ക് ഈശ്വരൻ തന്നിട്ടുണ്ട്. അതുകൊണ്ട് എല്ലാത്തിലും എനിക്കൊരു ഇൻവോൾവ്മെന്റുണ്ട്. എന്റെ ഹസ്ബെന്റ് വളരെ എനർജറ്റിക്കായിട്ടുള്ള ഒരു ബിസിനസ്മാനാണ്.'

'ഞാൻ സിനിമ ചെയ്തിരുന്ന കാലത്ത് ഒരു വർഷം 13 സിനിമകൾ വരെ ചെയ്തിരുന്നു. ആഴ്ചയിൽ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും ജോലി. രണ്ട് ഷെഡ്യൂളായാണ് ഞാൻ വർക്ക് ചെയ്തിരുന്നത്. പക്ഷെ വിവാഹശേഷം ഞാൻ ഭർത്താവിന്റെ ജീവിതം എങ്ങനെയാണെന്ന് കണ്ടു. വെളുപ്പിന് മൂന്ന് മണിക്കാണ് ജോലിയെല്ലാം തീർത്ത് അദ്ദേഹം വരിക.'
'രാവിലെ 11മണിയാകുമ്പോൾ വീണ്ടും ജോലിക്കായി പോകും. അദ്ദേഹത്തിന്റെ ആ ജീവിതരീതി എനിക്ക് വലിയ ഷോക്കിങായിരുന്നു. അതുവരെ ഞാൻ കരുതിയത് സിനിമയിലാണ് ഏറ്റവും ഹാർഡ് വർക്ക് വേണ്ടത് എന്നാണ്. കേരളത്തിൽ സെറ്റിലാവണമെന്നത് എന്റെ ആഗ്രഹമായിരുന്നു.'
'അങ്ങനെയാണ് കേരളത്തിൽ ബിസിനസ് ആരംഭിക്കുന്നത്. എവിടെ പോയി എന്ത് സമ്പാദിച്ചാലും സ്വന്തം നാട്ടിൽ വന്ന് അവിടെ എന്തെങ്കിലും തുടങ്ങി അവിടെയുള്ള കുറച്ച് പേർക്ക് വരുമാന മാർഗം ഉണ്ടാക്കി കൊടുക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഉദയ സമുദ്ര എന്ന ഹോട്ടൽ തുടങ്ങിയത്. ഇന്ന് ഒരുപാട് ഹോട്ടലുകളും സ്കൂളുമുണ്ട്.'
'കാശ് ഒരിക്കലും ഞാൻ വേസ്റ്റാക്കാറില്ല. അമ്മ അങ്ങനെയാണ് എന്നേയും ചേച്ചിയേയും വളർത്തിയത്. അതുകൊണ്ട് തന്നെ ആഢംബര ജീവിതത്തോട് ക്രേസില്ല. ഒരു ബുക്ക് എഴുതാൻ ആഗ്രഹമുണ്ട്. ഞാൻ എന്നൊരാൾ ഉണ്ടായിരുന്നുവെന്ന് പത്ത് തലമുറ കഴിഞ്ഞാലും എന്റെ കുടുംബത്തിലുള്ളവരെങ്കിലും അറിഞ്ഞിരിക്കണം അതിന് വേണ്ടി മാത്രം', എന്നാണ് വിശേഷങ്ങൾ പങ്കിട്ട് രാധ പറഞ്ഞത്.


Click it and Unblock the Notifications











