ആ സുഹൃത്തുക്കളൊക്കെ എനിക്ക് പാരകളാവുകയാണ് ചെയ്തത്; സിനിമയിലെ സൗഹൃദത്തെ കുറിച്ച് നടി രാധിക
എൻ്റെ സ്വഭാവത്തിന് സുഹൃത്തുക്കളെയെല്ലാം മനസിലാക്കി വന്നപ്പോഴെക്കും താമസിച്ചു. ഇനിയെന്തിനാണ് ഈ പാരകളെന്ന് കരുതി കോൺടാക്ട് തന്നെ ഇല്ലാതായി
നിരവധി ഹിറ്റ് ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള ക്യൂട്ട് സുന്ദരിയായിരുന്നു നടി രാധിക. ലേശം കുറുമ്പ് കാണിക്കുന്നതും മണവാട്ടിയായിട്ടുമൊക്കെ രാധിക ആല്‍ബങ്ങളില്‍ അഭിനയിച്ചു. സിനിമയിലേക്ക് എത്തിയപ്പോഴും വേറിട്ട വേഷങ്ങളാണ് നടിയ്ക്ക് ലഭിച്ചത്.
ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രം ചെയ്തതിന് ശേഷമാണ് രാധിക ജനപ്രിയയാവുന്നത്. സിനിമയിലെ റസിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് പില്‍ക്കാലത്ത് നടി അറിയപ്പെട്ടതും.
വിവാഹത്തോട് കൂടിയാണ് സിനിമയില്‍ നിന്നും രാധിക മാറി നിന്നത്. പിന്നീടൊരു തിരിച്ച് വരവ് ഉണ്ടാവാത്തതിനെ പറ്റി നടിയും സംസാരിച്ചില്ല. എന്നാല്‍ അഭിനയം ഉപേക്ഷിച്ച് പോയതല്ല താനെന്ന് പറയുകയാണ് നടിയിപ്പോള്‍.
സിനിമകള്‍ക്കിടയില്‍ വലിയൊരു ഗ്യാപ്പ് വന്നപ്പോഴെക്കും പലരും തന്നെ മറന്ന് പോയതാണ്. അങ്ങനെ ചിന്തിച്ചതോടെ സ്വയം ഇറങ്ങി സിനിമകള്‍ ചെയ്യുന്നതിനെ പറ്റി ചോദിക്കുന്നതൊക്കെ താന്‍ നിര്‍ത്തിയെന്ന് രാധിക പറയുന്നു.

മാത്രമല്ല സിനിമയില്‍ നിന്നും കൂടെ കൂട്ടിയ സൗഹൃദങ്ങളൊന്നും പിന്നീട് നിലനിര്‍ത്തിയിരുന്നില്ല. എല്ലാം നല്ല പാരകളായി മാറിയതാണ് അതിന് കാരണമെന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ രാധിക പറയുന്നു.
'എല്ലാവരും എന്നെ മറന്ന് പോയിട്ടുണ്ട്. നാട്ടില്‍ നിന്നും ദുബായിലേക്ക് ഒക്കെ മാറി നില്‍ക്കുമ്പോള്‍ ശരിക്കും മറന്നേക്കും. ആരെയും കോണ്‍ടാക്ട് ചെയ്യാത്തത് കൊണ്ടായിരിക്കും എന്നെ മറന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു.
സിനിമയില്‍ നിന്നും എപ്പോഴും സംസാരിക്കുന്ന ക്ലോസ് സര്‍ക്കിള്‍ കുറവാണെന്നാണ്', രാധിക പറയുന്നത്.
'സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ എല്ലാവരോടുമുള്ള ടച്ച് വിട്ട് പോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു.
എന്റെ ക്യാരക്ടര്‍ വെച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി തിരിച്ച് വാങ്ങിക്കുന്നതെന്ന് തോന്നി.
അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. അതോടെ എല്ലാവരുമായിട്ടും അകന്നു. ഞാന്‍ ആരെയും പൂര്‍ണമായും വിട്ടിട്ടില്ല. സിനിമയില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും.
എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്ന് പോയെന്ന് തന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു'.

'ദുബായിലേക്ക് കൂടി പോയതോടെ സിനിമയിലേക്ക് വിളിച്ചാല്‍ അവിടുന്ന് വേണം വരാന്‍. പ്രാക്ടീക്കലി അത് എത്രത്തോളം പോസിബിള്‍ ആണെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാവും.
തിരിച്ച് വരുന്നില്ലേ എന്ന് ആരും എന്നോട് ചോദിച്ചിരുന്നില്ല. അടുത്തിടെ ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചതെന്ന്', രാധിക പറയുന്നു.
ഞാന്‍ സിനിമ വിട്ട് പോയി, ഇനി വരില്ലെന്ന് ഒക്കെ ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവും. ആളുകള്‍ എന്തിനാണ് അങ്ങനെ ചിന്തിച്ചതെന്ന് എനിക്ക് അറിയില്ല. ഞാനൊരിക്കലും അങ്ങനെ വിചാരിച്ചിട്ട് പോലുമില്ല.
'സത്യത്തില്‍ എന്റെ എല്ലാ സിനിമകള്‍ കഴിയുമ്പോഴും ഒരു ഗ്യാപ്പ് വരുമായിരുന്നു. അങ്ങനെ വന്ന് വന്ന് ശരിക്കും ഗ്യാപ്പ് ഏതാണെന്ന് എനിക്ക് തന്നെ മനസിലാകാതെയായി.
ഒരു വര്‍ഷം കഴിഞ്ഞൊരു പടം വരുന്നു, പിന്നൊരു ഗ്യാപ്പ്. ശേഷം അതുപോലൊരു ഗ്യാപ്പില്‍ അടുത്ത പടം, അങ്ങനെ എനിക്കും ശീലമായെന്ന്', രാധിക വ്യക്തമാക്കുന്നു.
മഞ്ജു വാര്യര്‍ നായികയായിട്ടെത്തിയ ആയിഷ എന്ന സിനിമയിലാണ് അവസാനം രാധിക അഭിനയിച്ചിരിക്കുന്നത്. ദുബായില്‍ വച്ച് ചിത്രീകരിച്ച സിനിമയിലൂടെ തിരിച്ച് വരവ് നടത്തിയ രാധികയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.


Click it and Unblock the Notifications











