എന്ത് അവകാശമാണ് അയാൾക്ക് ഉള്ളത്?, ഇതിന് എതിരെ ചോദിക്കാൻ ഒരു നിയമവും ഇല്ലേ..?; പരാതിയുമായി രാജിനി ചാണ്ടി!
ഒരു മുത്തശ്ശി കഥ എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ശ്രദ്ധനേടിയ അഭിനേത്രിയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ രാജിനി ചാണ്ടി. പ്രായം എഴുപത് പിന്നിട്ടുവെങ്കിലും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് താരം. ഇപ്പോഴിതാ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. താൻ വോട്ട് ചെയ്ത് വിജയിപ്പിച്ച സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മറ്റൊരു പാർട്ടിയിൽ ചേർന്നതിന്റെ രോഷമാണ് രാജിനി ചാണ്ടി വീഡിയോയിലൂടെ പ്രകടിപ്പിച്ചത്.
ഇങ്ങനെയെങ്കിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചവരുടെ അവകാശങ്ങൾക്ക് എന്ത് വിലയാണുള്ളതെന്ന് രാജിനി ചോദിക്കുന്നു. എല്ലാവർക്കും നമസ്കാരം... എനിക്ക് ഒരു സംശയമുണ്ട്. അത് എല്ലാവരോടും ചോദിക്കാനാണ് ഞാൻ വന്നത്.

ഞാൻ ഒരു പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തു. ഞാൻ ആർക്ക് വോട്ട് ചെയ്തുവോ ആ സ്ഥാനത്ത് അയാൾ വിജയിക്കുകയും ചെയ്തു. എന്നാൽ വിജയിച്ചശേഷം അയാൾ ആ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നു. എന്ത് അവകാശമാണ് അയാൾക്ക് അതിന് ഉള്ളത്. ഞാനും വോട്ട് ചെയ്താണ് അയാൾ വിജയിച്ചത്. പക്ഷെ വിജയിച്ചശേഷം നമ്മുടെ ആരുടേയും അനുവാദമില്ലാതെ അയാൾ മറ്റൊരു പാർട്ടിയിൽ ചേർന്നു.
ഇതിന് എതിരെ ചോദിക്കാൻ ഒരു നിയമവും ഇവിടെ ഇല്ലേ..? എന്ന് ചോദിച്ചുകൊണ്ടാണ് രാജിനി വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങൾ ഏറെയും രാജിനി ചാണ്ടിയെ അനുകൂലിച്ചുള്ളതായിരുന്നു. ഏത് സ്ഥാനാർത്ഥിയെ കുറിച്ചാണ് നടി പരാതി ഉന്നയിച്ചതെന്ന് വ്യക്തമല്ല.
അങ്ങനെ ഉള്ളവരെ ഒഴിവാക്കാൻ ഒരു വഴിയും നിലവിൽ ഇല്ലെന്നാണ് മനസിലാക്കുന്നത്. തീർച്ചയായിട്ടും ഇത് വഞ്ചനയാണ്. നമ്മൾ അത് കോടതി വഴി അഡ്രസ്സ് ചെയ്യണം. പിന്നെ ആ പാർട്ടിയെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യണം. രണ്ടുപേരെയും... അതായത് പോയവരെയും സ്വീകരിച്ചവരെയും, 2026 ഇലക്ഷന് വിശ്വസിക്കാൻ കൊള്ളാത്ത ആ പാർട്ടിയ്ക്ക് വോട്ട് ചെയ്യാതെ ഇരുന്നാൽ മതി,
ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള കൂറുമാറ്റ നിരോധന നിയമം ഇത്തരം വഞ്ചനയ്ക്ക് എതിരെ ഉപയോഗിക്കാം, ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് വോട്ട് ചെയ്ത ജനങ്ങൾക്ക് അവർക്ക് ഇഷ്ടമല്ലാത്ത പ്രവൃത്തി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ചെയ്യുന്നത് കാണുമ്പോൾ പിൻവലിക്കാനുള്ള അവകാശം കൂടി വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നതിന് കാരണം.

ഒരു സ്ഥാനാർത്ഥി പാർട്ടി മാറുകയാണെങ്കിൽ അത് കൂറുമാറ്റമാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയാൾ അയോഗ്യനാക്കപ്പെടും. എന്നാൽ ഒരു ഗ്രൂപ്പോ വിഭാഗമോ മാറുകയാണെങ്കിൽ കുഴപ്പമില്ല. മൊത്തത്തിലുള്ള കൂറുമാറ്റം സാധുവാണ് എന്നിങ്ങനെയാണ് ലഭിച്ച പ്രതികരണങ്ങൾ. പാലയിലാണ് രാജിനി ചാണ്ടി ജനിച്ച് വളർന്നത്. ഒരു സമയം വരെ കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താരം. എന്നാൽ ഇപ്പോൾ താരം നാട്ടിൽ സ്ഥിര താമസമാണ്.
2016ൽ ആണ് രാജിനിയുടെ ആദ്യ സിനിമയായ ഒരു മുത്തശ്ശികഥ റിലീസിന് എത്തിയത്. പിന്നീട് 2017ൽ ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയിലും രാജിനി അഭിനയിച്ചു. ശേഷം ദി ഗാംബ്ലർ, ആണും പെണ്ണും തുടങ്ങിയ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. കുറച്ച് നാളുകൾക്ക് മുമ്പ് മോഡേൺ ഔട്ട്ഫിറ്റിൽ രാജിനി നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.
ഫോട്ടോകൾ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ ഏറെ നെഗറ്റീവ് കമന്റുകളും ട്രോളുകളും രാജിനി ചാണ്ടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു അന്ന്. വയസാം കാലത്ത് എന്തിനാണ് ഇത്തരം വേഷം കെട്ടലുകൾ എന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ വിമർശനം. എന്നാൽ രാജിനിയെ അതൊന്നും ബാധിച്ചതേയില്ല.


Click it and Unblock the Notifications











