'ആ കോൾ വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല, എന്നിൽ നിന്നും വേറൊന്നും പ്രതീക്ഷിക്കരുതെന്ന് ആദ്യമേ പറയും'
അടുത്തിടെ മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്തിട്ടുള്ളതിൽ ഏറ്റവും ജനപ്രീതി ലഭിച്ച പരമ്പരയായിരുന്നു സാന്ത്വനം. സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ പരമ്പര വേഗത്തിൽ അവസാനിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു സംവിധായകൻ ആദിത്യന്റെ അന്ത്യം. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സാന്ത്വനത്തിന് പുറമെ വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളും ആദിത്യൻ സംവിധാനം ചെയ്തിരുന്നു.
ഇപ്പോഴിതാ ആദിത്യനെ കുറിച്ച് സാന്ത്വനം സീരിയൽ താരം രക്ഷ രാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ജീവിതം വളരെ കുറച്ചേയുള്ളുവെന്ന് തനിക്ക് മനസിലാക്കി തന്ന മരണമായിരുന്നു ആദിത്യൻ സാറിന്റേത് എന്നാണ് രക്ഷ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

നല്ലൊരു ഗുരുവിന്റെ കൂടെ വർക്ക് ചെയ്ത പ്രതീതിയാണ് ആദിത്യൻ സാറിനൊപ്പം പ്രവർത്തിച്ചതിനെ കുറിച്ച് ഓർക്കുമ്പോൾ തോന്നുന്നത്. ആർട്ടിസ്റ്റിന് എല്ലാ ഫ്രീഡവും തരും. എന്ത് വയ്യായ്കയുണ്ടെങ്കിലും അദ്ദേഹം പുറത്ത് കാണിക്കാതെ ഷൂട്ടിങ് സെറ്റിൽ ആക്ടീവായിരിക്കും. നമുക്കുള്ള റെസ്റ്റ് ടൈം പോലും ആദിത്യൻ സാറിനൊന്നും കിട്ടാറില്ല. എന്നിട്ടും അദ്ദേഹം ആ ദിവസം മുഴുവൻ എനർജറ്റിക്കായിരിക്കും.
നല്ല ഓർമകൾ മാത്രമെ അദ്ദേഹത്തിനൊപ്പമുള്ളു. സാറിന്റെ ഓർമകൾ ഇടയ്ക്ക് മനസിൽ വരും. പരമാവധി ആ വിഷമം വരാതിരിക്കാൻ നോക്കും. ചെയ്യുന്ന പ്രോജക്ടിനോടായിരുന്നു സാറിന് എന്നും പ്രണയം. നല്ലൊരു ടീമായിരുന്നു സാന്ത്വനത്തിന്റേത്. അവസാനമായി സാറിനൊപ്പം ഷൂട്ടുണ്ടായിരുന്നത് എനിക്കായിരുന്നു. എന്നോട് ബൈയൊക്കെ പറഞ്ഞ് നാളെ കാണാമെന്ന് പറഞ്ഞാണ് സാർ പോയത്.
എന്നാൽ കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മരണ വാർത്തയാണ് കേട്ടത്. ആ ഫോൺ കോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല. രാവിലെ മുതൽ ഒരു കുഴപ്പവുമില്ലാതെ എനർജറ്റിക്കായി വർക്ക് ചെയ്തിരുന്ന വ്യക്തിയായിരുന്നു. ജീവിതം ഇത്രയേയുള്ളുവെന്ന് എനിക്ക് മനസിലാക്കി തന്ന മരണമായിരുന്നു ആദിത്യൻ സാറിന്റേത്. സാറിന്റെ വിയോഗം കൊണ്ടാണ് സാന്ത്വനം പെട്ടന്ന് അവസാനിപ്പിച്ചത്.
അദ്ദേഹത്തിന്റെ പ്രയത്നം ആ സീരിയലിന് പിന്നിലുണ്ട്. അതുകൊണ്ട് നല്ല രീതിയിൽ പെട്ടന്ന് അവസാനിപ്പിക്കുകയായിരുന്നുവെന്ന് രക്ഷ പറഞ്ഞു. സീരിയലിൽ സജീവമാകും മുമ്പ് നിരവധി തമിഴ് സിനിമകളിലും രക്ഷ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ പോയതിന്റെ പേരിൽ തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് രക്ഷ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ സേഫ്റ്റിയെ കുറിച്ചൊക്കെ മറ്റുള്ള ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. തമിഴിൽ നിന്നും ഒരു പ്രോജക്ടിലേക്ക് വിളി വന്നപ്പോൾ തന്നെ അഭിനയം മാത്രമാണെങ്കിൽ ഞാൻ ചെയ്യാം അല്ലാതെ അഡ്ജസ്റ്റ് പോലുള്ളവ ചെയ്യണമെങ്കിൽ എനിക്ക് താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്നിൽ നിന്നും വേറൊന്നും പ്രതീക്ഷിക്കരുതെന്ന് കാസ്റ്റിങ് ഡയറക്ടറോട് വ്യക്തമായി പറയാറുണ്ട്. അതുകൊണ്ട് അഭിനയിച്ച ഒരു പ്രോജക്ടിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. നമ്മൾ ഓക്കെയല്ലെങ്കിൽ നമ്മളെ ആളുകൾ പിടിച്ച് വെച്ച് എന്തെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഞാൻ എന്റെ കണ്ടീഷൻസ് പറഞ്ഞപ്പോൾ നിങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ സ്റ്റെപ്പുകൾ കയറി പോകുന്ന സമയം എടുക്കും.
അല്ലെങ്കിൽ ലിഫ്റ്റിൽ കയറി പോകുമ്പോലെ വേഗത്തിൽ മുകളിൽ എത്താമെന്നാണ് ഒരാൾ എന്നോട് അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഒരു ഉദാഹരണം പോലെ അയാൾ പറഞ്ഞതാണ്. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് സ്റ്റെപ്പ് കയറി പോയാൽ മതിയെന്ന്... രക്ഷ പറഞ്ഞു.


Click it and Unblock the Notifications











