'എന്റെ ഫോട്ടോയ്ക്ക് ഹൽവ സമർപ്പിച്ച് പൂജിക്കുന്ന ആരാധകൻ; പേര് പച്ച കുത്തി; പച്ചക്കറി മാത്രം കഴിച്ച് ഡയറ്റിംഗ്'
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ ഗ്ലാമറസായി അഭിനയിക്കാൻ തയ്യാറായ രംഭ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറിൽ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സർഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. വലിയ മേക്കോവറാണ് തുടർന്നുള്ള സിനിമകളിൽ രംഭയ്ക്ക് വന്നത്.
അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായെത്താൻ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമൽ ഹാസൻ സൽമാൻ ഖാൻ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ലോകത്ത് സജീവമായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രംഭ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് രംഭ മനസ് തുറന്നത്.

തന്റെ സിനിമകളിൽ പ്രവർത്തിച്ച ഒരു ലൈറ്റ് മാന്റെ കടുത്ത ആരാധനയെക്കുറിച്ച് രംഭ സംസാരിച്ചു. അദ്ദേഹം എന്റെ പേര് പച്ച കുത്തി. എല്ലാ ദിവസവും എന്റെ ഫോട്ടോയ്ക്ക് ഹൽവ സമർപ്പിക്കും. അരുണാചലം എന്ന സിനിമയുടെ സെറ്റില് വെച്ച് സൂപ്പർതാരം രജിനികാന്ത് ആണ് ആരാധകനെക്കുറിച്ച് രംഭയോട് പറയുന്നത്. എന്നാൽ അദ്ദേഹം പറഞ്ഞത് താൻ വിശ്വസിച്ചിരുന്നില്ലെന്ന് രംഭ ഓർത്തു.
രജിനി സർ ലൈറ്റ് മാനെ വിളിച്ച് പച്ച കുത്തിയത് എന്നെ കാണിച്ചു. തമിഴിലായിരുന്നു എഴുതിയത്. എനിക്ക് തമിഴ് വായിക്കാനറിയില്ല. ഇതെന്റെ പേര് ആണെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന് വിഷമമായി. മാം, നിങ്ങളുടെ പേര് തന്നെയാണെന്ന് പറഞ്ഞു. രംഭയെന്ന് തമിഴിൽ എഴുതുക ഇങ്ങനെയാണെന്ന് അന്നാണ് എനിക്ക് മനസിലായത്.

അദ്ദേഹം ഇന്നും സിനിമാ രംഗത്തുണ്ടാകും. ഊട്ടിയിലെ വീട്ടിൽ റൂമിലുള്ള തന്റെ ഫോട്ടോയ്ക്ക് മുന്നിൽ ഹൽവ സമർപ്പിക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രംഭ ഓർത്തു. അക്കാലത്തെ നായികമാരുടെ ഡയറ്റിംഗ് രീതികളെക്കുറിച്ചും രംഭ സംസാരിച്ചു. ഞങ്ങൾക്ക് പച്ചക്കറികൾ മാത്രമായിരുന്നു. ഇപ്പോൾ കുറഞ്ഞത് ചിക്കനെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്താം.
എന്നാൽ അന്ന് പച്ചക്കറികൾ ചൂടാക്കി ഉപ്പും കുരുമുളകും ഇട്ട് തരും. കണ്ണടച്ച് കഴിക്കണം. അന്നൊക്കെ ഡയറ്റിംഗിനെക്കുറിച്ച് കൃത്യമായി അറിയില്ലായിരുന്നെന്നും രംഭ ചൂണ്ടിക്കാട്ടി. നിരവധി ഹിറ്റ് ഡാൻസ് രംഗങ്ങളിൽ രംഭ ചുവട് വെച്ചിട്ടുണ്ട്. എന്നാൽ താൻ ഡാൻസ് പഠിച്ചയാളല്ലെന്നാണ് രംഭ പറയുന്നത്. തൊണ്ണൂറുകളിലെ നായികമാർ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും രംഭ സംസാരിച്ചു.
അന്ന് സിനിമകളുടെ ഓഫർ വരുമ്പോൾ എനിക്കെത്ര ഗാനരംഗങ്ങളുണ്ട്, ആ നടിക്ക് എത്ര ഗാനരംഗങ്ങളുണ്ട് എന്ന് ചോദിക്കും. കോസ്റ്റ്യൂമുകളെക്കുറിച്ചും ചോദിക്കും. അല്ലാതെ തയ്യാറെടുപ്പൊന്നുമില്ല. ഇന്നൊക്ക നടിമാർക്ക് കാരവാനുണ്ട്. അന്ന് ഞങ്ങൾ ഏതെങ്കിലും വീട്ടിൽ പോയാണ് കോസ്റ്റ്യൂം മാറ്റണം. അവിടെ പോകാനും വരാനുമൊക്കെ സമയമെടുക്കും. സുരക്ഷിതവുമല്ല.
അതിനാൽ കർട്ടൺ കൊണ്ട് നാല് ഭാഗവും മറച്ച് ഷൂട്ടിംഗ് സ്പോട്ടിൽ നിന്നാണ് വസ്ത്രം മാറുക. വാഷ്റൂമില്ല. ഇന്ന് കാരവാനും ഫെെവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുമുണ്ടെന്ന് രംഭ ചൂണ്ടിക്കാട്ടി. ഇത്ര സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ നന്നായി അധ്വാനിച്ചു. അതൊക്കെ നല്ല അനുഭവങ്ങളാണ്. ഷൂട്ടിംഗ് സെറ്റിൽ കുടുംബം പോലെയായിരുന്നെന്നും രംഭ ഓർത്തു.


Click it and Unblock the Notifications