അച്ഛന്റെ ബിസിനസ് തകർന്നു, സാമ്പത്തിക പ്രശ്നങ്ങൾ; ആന്ധ്രയിൽ നിന്നും താമസം മാറിയപ്പോൾ...: രംഭ
സിനിമാ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് രംഭ. വശ്യതയുള്ള നായിക നടിയായി രംഭ ആരാധകരുടെ മനസിൽ ഇടം പിടിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ രംഭയെ വെല്ലാൻ അക്കാലത്ത് പല നടിമാർക്കും കഴിഞ്ഞില്ല. മീന, സൗന്ദര്യ തുടങ്ങിയ നായിക നടിമാർ വാഴുന്ന തെന്നിന്ത്യൻ സിനിമാ രംഗത്ത് രംഭ തന്റേതായ സ്ഥാനം കണ്ടെത്തുന്നത് ഗ്ലാമറസ് വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയുമാണ്. രാജകുമാരിയെ പോലെയുള്ള പരിഗണനയാണ് തനിക്ക് സിനിമാ സെറ്റുകളിൽ ലഭിച്ചിരുന്നതെന്ന് അടുത്തിടെയും ഒരു അഭിമുഖത്തിൽ രംഭ പറയുകയുണ്ടായി.
ആന്ധ്രക്കാരിയായ രംഭ മലയാള ചിത്രം സർഗത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് തെലുങ്ക്, സിനിമകളിലേക്ക് കടന്നു. താൻ ചെന്നെെയിലേക്ക് മാറിയതിനെക്കുറിച്ച് രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ ജനിച്ചത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്. സ്കൂൾ പഠനം അവിടെയായിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. അച്ഛന് ബിസിനസിൽ നഷ്ടങ്ങളുണ്ടായി.

ആ സമയത്ത് രംഗ എന്ന പ്രശസ്തനായ രാഷ്ട്രീയ നേതാവുണ്ട്. അദ്ദേഹം കൊല ചെയ്യപ്പെട്ടു. അതിന് ശേഷം വിജയവാഡയിൽ വലിയ പ്രശ്നങ്ങളുണ്ടായി. അത് കാരണം ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നു. അമ്മ ഞങ്ങളെ ചെന്നെെയിലെ സ്കൂളിലേക്ക് മാറ്റുകയായിരുന്നെന്നും രംഭ ഓർത്തു. വിജയലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ പേര്. ഇതേക്കുറിച്ചും രംഭ സംസാരിച്ചു. വിജയലക്ഷ്മിയായാണ് ഞാൻ ഉറങ്ങുന്നത്. എണീക്കുന്നത് രംഭയായും. തനിക്ക് ഒരു ചേട്ടനും ചേച്ചിയുമുണ്ടെന്നും രംഭ പറഞ്ഞു.
സാമ്പത്തിക പ്രശ്നം വന്ന സമയത്ത് ചേട്ടൻ വിദേശത്ത് നിന്നും പഠനം നിർത്തി ചെന്നെെയിലേക്ക് വന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. അച്ഛൻ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വിജയവാഡയിൽ തന്നെ തുടർന്നു. സിനിമകളിൽ അവസരം വന്നപ്പോൾ ചേട്ടനാണ് തനിക്ക് പ്രോത്സാഹനം തന്നതെന്നും രംഭ ഓർത്തു.


Click it and Unblock the Notifications
















