പ്രതിഫലം കൂട്ടിയപ്പോള്‍ സിനിമകള്‍ കുറഞ്ഞു, ചെറിയ പൈസയാണ് പക്ഷേ കൃത്യമായി കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും; രമ്യ
അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തി പിന്നീട് ശ്രദ്ധയായി മാറിയ നടിയാണ് രമ്യ സുരേഷ്. സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ സിനിമകളായി. ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയാണ് രമ്യയെ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിച്ചത്.
പടവെട്ട് എന്ന സിനിമയിലെ ഗംഭീരപ്രകടനം കൂടി കാഴ്ചവച്ചതോടെ തമിഴിലും അവസരങ്ങളായി. രജനികാന്തിനൊപ്പം വേട്ടയ്യാന്‍ എന്ന സിനിമയിലാണ് ഒടുവില്‍ രമ്യ അഭിനയിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തില്‍ കാര്യമായ സിനിമകള്‍ ഒന്നും നടിക്ക് ലഭിക്കുന്നില്ല. അതെന്ത് കൊണ്ടാണെന്ന് പറയുകയാണ് നടിയിപ്പോള്‍.

സിനിമകളിലെ പ്രതിഫലത്തിന്റെ കാര്യം പറയുന്നതോട് കൂടി തനിക്ക് സിനിമകള്‍ നഷ്ടപ്പെടാറുണ്ടെന്നാണ് രമ്യ സുരേഷിപ്പോള്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ സുരേഷ്.
'മലയാളത്തില്‍ ഈയിടെയായി സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. എന്തുപറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ചെറിയ ബജറ്റില്‍ അല്ലേ സിനിമ ചെയ്യുന്നത്. എന്നെക്കാള്‍ കുറച്ച് പ്രതിഫലം വാങ്ങുന്നവരും അത് ചോദിക്കാത്തവരും ഉണ്ട്. അപ്പോള്‍ പിന്നെ അവരെ കാസ്റ്റ് ചെയ്യുന്നത് നല്ലതെന്ന് അണിയറക്കാര്‍ക്ക് തോന്നിക്കാണും.
എന്നുവച്ച് ഞാന്‍ വലിയ പ്രതിഫലം ഒന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ പൈസയാണ്. പക്ഷേ അത് തന്നെ കൃത്യമായി തന്നില്ലെങ്കില്‍ എന്ത് ചെയ്യും? ആദ്യം വാക്ക് പറഞ്ഞ് ഉറപ്പിച്ചിട്ട് പിന്നെ മാറും. അല്ലാതെ കടുംപിടുത്തം ഒന്നുമില്ല. അങ്ങനെ മിസ്സ് ആയി പോയ സിനിമകള്‍ ഇഷ്ടംപോലെയുണ്ട്. സംവിധായകന്‍ പറഞ്ഞിട്ടാവും നമ്മളെ സമീപിക്കുന്നത്. എന്നാല്‍ പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കും. പകരം സംവിധായകനോട് പറയുന്നത് അവര്‍ക്ക് ഡേറ്റില്ല തിരക്കിലാണ് എന്നൊക്കെ ആയിരിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അത് പറയാറുണ്ട്.

തുടക്കത്തില്‍ കൈനിറയെ സിനിമകള്‍ ഉണ്ടായിരുന്നു. പതിയെ പ്രതിഫലം കൂട്ടിയപ്പോള്‍ സിനിമകള്‍ കുറഞ്ഞു തുടങ്ങി. അതില്‍ എനിക്ക് സങ്കടമില്ല. ഒരേ പോലെയുള്ള വേഷങ്ങള്‍ ചെയ്യുന്നതിന് പകരം വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കാമല്ലോ. ഇതുവരെ എനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം ഏകദേശം ഒരേ പോലെയുള്ളവയാണ്. ടൈപ്പ് കാസ്റ്റ് ആയി പോകുന്നുവെന്ന് റിവ്യൂ പറഞ്ഞ് അങ്ങനെയായി പോകുന്നുമുണ്ട്. ആക്ഷന്‍, സൈക്കോ, റൗഡി, കുശുമ്പത്തി, നെഗറ്റീവ് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും രമ്യ പറയുന്നു.
ദുബായില്‍ നേഴ്‌സ് ആയിരുന്ന സമയത്താണ് രമ്യയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ജീവിതത്തില്‍ അതൊരു വഴിത്തിരിവായി മാറുമെന്ന് താന്‍ കരുതിയില്ലെന്നാണ് നടി പറയുന്നത്. അതേസമയം അത്യാവശ്യം ഗ്ലാമര്‍ ലുക്കില്‍ എത്തിയ രമ്യയുടെ കിടിലന്‍ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീല നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications