'അവൻ എന്നെ വെല്ലുവിളിച്ചപ്പോൾ വാശിയായി, എന്താണ് ചെയ്യേണ്ടതെന്ന് പോലും ധാരണയുണ്ടായിരുന്നില്ല'; രശ്മിക മന്ദാന!
വിജയ് നായകനായി ജനുവരി 11ന് റിലീസിനെത്തിയ വാരിസിന് ഗംഭീര വരവേൽപ്പാണ് തെന്നിന്ത്യയൊട്ടാകെ നൽകിയത്. സിനിമയുടെ ആദ്യ ദിന ആഘോഷങ്ങളും ആരാധകരുടെ ആവേശവും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സിനിമ ബോക്സ് ഓഫീസിലും ഇടം നേടി. എന്നാൽ ചിത്രം കർണാടകയിൽ മാത്രം വേണ്ട വിജയം നേടിയില്ല.
വാരിസിന്‍റെ 291 ഷോകള്‍ കര്‍ണാടകയില്‍ വെട്ടിക്കുറച്ചതായും റിപ്പോർട്ട് വന്നിരുന്നു. കർണാടക ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാകാത്തതിന്റെ കാരണം ചിത്രത്തിൽ നായികയായെത്തിയ രശ്മിക മന്ദാനയാണ് എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഒരു അഭിമുഖത്തിനിടെ രശ്മിക ആദ്യ ചിത്രമായ കിറുക്ക് പാർട്ടിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ പരംവ സ്റ്റുഡിയോയുടെ പേര് പറയാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതാണ് നടിയുടെ ചിത്രം കർണാടകയിൽ വിജയിക്കാത്തതിന്റെ കാരണമായി നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. 2016ൽ രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം കിറുക്ക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തുന്നത്. പരംവ സ്റ്റുഡിയോയുടെ സഹസ്ഥാപകനാണ് രക്ഷിത്.

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. വിവാഹ നിശ്ചയം വരെ എത്തിയ രക്ഷിത്-രശ്മിക പ്രണയത്തിൽ നിന്ന് നടി പിൻമാറിയതും കന്നട സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
രശ്മികയ്ക്ക് കന്നട സിനിമ ലോകത്ത് തന്നെ അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹങ്ങളും വന്നിരുന്നു. ഇരുപത്തിയാറുകാരിയായ രശ്മിക ഇന്ന് നാഷണൽ ക്രഷാണ്. വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഇന്ന് രശ്മികയ്ക്കുണ്ട്.

മാത്രമല്ല കന്നടയും തെലുങ്കും തമിഴുമെല്ലാം കടന്ന് രശ്മിക ബോളിവുഡിൽ എത്തി നിൽക്കുകയാണ്. മോഡലിങിൽ നിന്നാണ് രശ്മിക അഭിനയത്തിലേക്ക് എത്തിയത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 2018ൽ ചെയ്ത സിനിമയായ ഗീത ഗോവിന്ദം വൈറലായതോടെയാണ് രശ്മിക നാഷണൽ ക്രഷായി വളർന്നത്.
രശ്മികയുടെ ക്യൂട്ട് ലുക്കാണ് താരത്തിന് ഏറെ ആരാധകരെ ലഭിക്കാൻ പ്രധാന കാരണം. രശ്മികയെ ഫോളോ ചെയ്യുന്നവരെല്ലാം പ്രത്യേകം നോട്ട് ചെയ്യുന്നൊരു കാര്യമാണ് താരത്തിന്റെ വലത് കൈ തണ്ടയിലുള്ള ടാറ്റു. ഇറപ്ലേസബിൾ എന്ന വാക്കാണ് നടിയുടെ കൈ തണ്ടയിൽ ടാറ്റു ചെയ്തിരിക്കുന്നത്.

അത്തരത്തിൽ ഒരു വാക്ക് താൻ കൈയ്യിൽ പച്ച കുത്തിയതിന് പിന്നിലെ കഥ അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.
വാശിക്ക് താൻ ചെയ്ത ടാറ്റുവാണെന്നാണ് രശ്മിക പറയുന്നത്.
'ഒരിക്കൽ എന്റെ കോളജിലെ ഒരു ആൺകുട്ടി എന്നോട് പറഞ്ഞു.... പെൺകുട്ടികൾക്ക് ടാറ്റു ചെയ്യാൻ പേടിയാണെന്ന്. സൂചിയും വേദനയും അവർക്ക് ഭയമായതിനാൽ പെൺകുട്ടികൾ ഇത്തരം പ്രവൃത്തികൾക്ക് മുതിരില്ലെന്നും അവൻ പറഞ്ഞു. അത് കേട്ടതും റിബൽ ചിന്താഗതി എനിക്ക് വന്നു. പിന്നെ ടാറ്റു ചെയ്യണമെന്നത് വാശിയായി.'

'അങ്ങനെ ടാറ്റു ചെയ്യാൻ തീരുമാനിച്ചു. പക്ഷെ എന്താണ് ടാറ്റു ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പിന്നെ കുറേ ആലോചിച്ചും അങ്ങനെയാണ് ഇറപ്ലേസബിൾ എന്ന വാക്കിലേക്ക് എത്തിയത്. ഞാന്‍ പകരം വയ്ക്കാനില്ലാത്തവളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'
'എന്നെപ്പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ. നമ്മള് ഓരോരുത്തരും നമ്മുടെ രീതിയില്‍ അദ്വിതീയരാണ്. നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കും മറ്റൊരു വ്യക്തിയെ പകരം വെയ്ക്കാന്‍ കഴിയില്ല അതിനാലാണ് ആ വാക്ക് ടാറ്റു ചെയ്തത്' രശ്മിക വിശദീകരിച്ചു.

'വേദന എല്ലാവര്ക്കും ഉളളതാണ് ആണ്-പെണ് എന്നൊന്നുമില്ല. സ്ത്രീകള്‍ക്ക് വേദന സഹിക്കാനുളള കഴിവില്ല എന്നു പറയുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത്' രശ്മിക കൂട്ടിച്ചേർത്തു. അതേസമയം ഗുഡ് ബൈയാണ് വാരിസിന് മുമ്പ് പുറത്തിറങ്ങിയ രശ്മികയുടെ മറ്റൊരു ചിത്രം.
ചിത്രത്തിൽ അമിതാഭ് ബച്ചനായിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തത്. അതേസമയം വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്.


Click it and Unblock the Notifications











