'അച്ഛൻ ഒരു വർഷം എന്നോട് സംസാരിച്ചില്ല; ആ നടൻ കാമുകനോ സുഹൃത്തോ ആയിരുന്നില്ല, പക്ഷെ...'; രേഖ
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് രേഖ ഹാരിസ്. ഏയ് ഓട്ടോ, ദശരഥം, റാംജി റാവു സ്പീക്കിംഗ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത രേഖ തമിഴിലും തിരക്കേറിയ നടിയായിരുന്നു. പുന്നഗെെ മന്നൻ, എങ്ക ഊര് പാട്ടുക്കാരൻ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകളിലും രേഖ അഭിനയിച്ചു. കരിയറിലെ ഒരു ഘട്ടത്തിൽ നായിക നിരയിൽ നിന്ന് മാറിയ രേഖ പിന്നീട് സഹനടി വേഷങ്ങളും ചെയ്തു. 1996 ലാണ് രേഖ വിവാഹിതയാകുന്നത്. ഹാരിസ് കൊട്ടടത്ത് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുകയാണ് രേഖ.
ഞാൻ നടിയാകാൻ തീരുമാനിച്ചപ്പോൾ അച്ഛൻ എന്നോട് ഒരു വർഷം സംസാരിച്ചിട്ടില്ല. കുടുംബാംഗങ്ങൾ എന്റെ സിനിമകൾ കണ്ടിട്ടില്ല. നിങ്ങൾ നല്ല നടിയല്ല എന്ന് മകൾ ഇപ്പോഴും പറയും. ഡാൻസോ അഭിനയമോ പഠിച്ചിരുന്നില്ല. സംവിധായകർ പറഞ്ഞത് ചെയ്തു. ഇനിയും നന്നായി അഭിനയിക്കണമെന്നാണ് മകൾ പറയാറെന്നും രേഖ വ്യക്തമാക്കി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മുമ്പൊരിക്കലും തന്റെ പിതാവിനെക്കുറിച്ച് രേഖ സംസാരിച്ചിട്ടുണ്ട്. തനിക്കൊപ്പം ഷൂട്ടിംഗിന് വന്നിരുന്നത് അമ്മയാണ്. ഷൂട്ടിംഗ് തിരക്കുകൾ കാരണം അച്ഛന്റെ കാര്യങ്ങൾ നോക്കാൻ തനിക്ക് കഴിഞ്ഞില്ല. അച്ഛൻ അസുഖം ബാധിച്ച് മരിച്ചു. ഇപ്പോഴും തനിക്കിതിന്റെ പേരിൽ കുറ്റബോധമുണ്ടെന്നും അന്ന് രേഖ തുറന്ന് പറഞ്ഞു. ബിഗ് ബോസ് തമിഴിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് രേഖ ഇതേക്കുറിച്ച് സംസാരിച്ചത്. പുതിയ അഭിമുഖത്തിൽ സിനിമാ രംഗത്തെ പഴയ ഓർമ്മകളും രേഖ പങ്കുവെക്കുന്നുണ്ട്.
നടൻ രജിനികാന്തിന്റെ പെരുമാറ്റത്തെ രേഖ പ്രശംസിച്ചു. ഒരാളെ ബഹുമാനിക്കുന്നതിൽ അദ്ദേഹത്തെ മറികടക്കാൻ ആരും ഇല്ല. ചായ കൊടുക്കുന്ന പയ്യൻ വന്നാലും എഴുന്നേറ്റ് നിന്നാണ് അദ്ദേഹം ചായ വാങ്ങുക. നമ്മൾ വന്ന വഴി മറക്കാൻ പാടില്ല. ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് വന്നത്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. എങ്കിലും താൻ പണത്തിന് മാത്രം പ്രാധാന്യം നൽകിയിരുന്നില്ലെന്നും രേഖ വ്യക്തമാക്കി.

സഹതാരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഒരിക്കലും ഇടപെട്ടിട്ടില്ല. അവരെ തിരുത്താൻ പോകാറില്ല. കണ്ടാലും കാണാത്തത് പോലെ പോകും. നടൻ രഘുവരൻ തനിക്ക് ഏറെ ആരാധന തോന്നിയ നടനായിരുന്നെന്നും രേഖ പറയുന്നു. അദ്ദേഹം എന്റെ സുഹൃത്തോ കാമുകനോ സഹോദരനോ ഒന്നുമായിരുന്നില്ല. പക്ഷെ അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ഞാൻ വലിയ നടിയാകണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. നിനക്ക് കഴിവുണ്ട്, അത് പുറത്തെടുക്ക്, എന്തിന് സോഫ്റ്റായി അഭിനയിക്കുന്നു എന്ന് പറയുമായിരുന്നു.
ഒരുപാട് സംസാരിക്കുമായിരുന്നു. മകളെ കൂട്ടി വാ, എന്റെ മകനെയും കൊണ്ട് വരാം എന്ന് പറഞ്ഞിരുന്നു മരിക്കുന്നതിന് മൂന്ന് മാസം മുമ്പും ഞങ്ങൾ ഒരു സിനിമ ചെയ്തിരുന്നെന്നും രേഖ ഓർത്തു. മോഹൻലാലിന്റെ അഭിനയത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രേഖ തന്മാത്രയിലെ നടന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. മലയാളത്തിൽ ഡിയർ ഫ്രണ്ട് എന്ന സിനിമയിലാണ് രേഖയെ അവസാനമായി പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications