'18 വർഷമായി ഭർത്താവിനെ കാണാനില്ല, ഞാനും മകളും പിരിഞ്ഞ് താമസിക്കുന്നത് നക്ഷത്രങ്ങൾ ചേരാത്തതിനാൽ'; രേഖ നായർ
സീ തമിഴ് ടിവിയിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പുള്ള ഷോയാണ് തമിഴ തമിഴ എന്ന പ്രതിവാര ചർച്ച പരിപാടി. കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ചർച്ചാ വിഷയമാകാറുള്ളത്. അടുത്തിടെ തമിഴ തമിഴയിൽ നടന്ന ഒരു എപ്പിസോഡ് ജ്യോതിഷത്തെ കുറിച്ചായിരുന്നു. ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ഒരു വശത്തും വിശ്വസിക്കാത്തവർ മറുവശത്തുമായി ചേരി തിരിഞ്ഞ് ഇരുന്നാണ് ചർച്ച നടന്നത്. അവതാരകനാണ് ചർച്ച നിയന്ത്രിച്ചത്. ഇന്ത്യയിൽ ഒട്ടനവധി ആളുകൾ ജ്യോതിഷത്തിൽ വിശ്വസിക്കുന്നുണ്ട്.
എന്തിന് ഏറെ പറയുന്നു സെലിബ്രിറ്റികൾ പോലും ഏത് നല്ല കാര്യം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പും തങ്ങൾക്ക് വിശ്വാസമുള്ള ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടും. ബോളിവുഡിലാണ് ഈ രീതി കൂടുതൽ. മലയാളത്തിലും അടുത്തിടെയായി ഈ പ്രവണത കാണുന്നുണ്ട്. ഹിന്ദു വിവാഹങ്ങൾ പോലും നിശ്ചയിക്കുന്നത് ജാതകവും ജ്യോതിഷവും പരിഗണിച്ചാണ്.

ജ്യോതിഷമെന്നത് പ്രവചനമല്ലെന്നും സൂചനകളാണെന്നും മുൻകരുതലുകൾ എടുത്താൽ ഒട്ടൊക്കെ രക്ഷപെടാൻ കഴിയുന്ന സൂചനകളാണെന്നുമാണ് ഇതിൽ വിശ്വസിക്കാൻ പറയാറുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ നടി രേഖ നായരും എത്തിയിരുന്നു. തമിഴ് സിനിമ ടിവി രംഗത്തെ അറിയപ്പെടുന്ന നടിയാണ് രേഖ നായര്‍. ഒപ്പം തന്നെ മൊട്ടിവേഷണല്‍ സ്പീക്കര്‍, ലൈഫ് കോച്ച്, അവതാരക, വ്ലോഗർ ഇങ്ങനെ പല വേഷങ്ങളിലും രേഖ എത്താറുണ്ട്.
വംശം വംശം, പകൽ നിലാവ്, ആണ്ടാൾ അഴഗർ, നാം ഇരുവർ നമുക്ക് ഇരുവർ, ബാല ഗണപതി തുടങ്ങിയ സീരിയലുകളിലൂടെ തമിഴ് കുടുംബങ്ങള്‍ക്ക് സുപരിചിതയാണ് രേഖ. സൺ ടിവിയിൽ വാര്‍ത്ത അവതാരകയായും രേഖ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചർച്ചയിൽ പങ്കെടുത്ത രേഖ ജ്യോതിഷവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അവയിൽ ചിലതൊക്കെ അതിശയിപ്പിക്കുന്നതായിരുന്നു.
അപ്രതീക്ഷിതമായി തന്റെ വീട്ടിൽ ഒരാൾ വന്ന് തന്റെ ദാമ്പത്യത്തെ കുറിച്ച് പ്രവചിക്കുകയും പിന്നാലെ ഭർത്താവിനെ കാണാതാവുകയും ചെയ്തുവെന്നും ഷോയിൽ വെച്ച് രേഖ വെളിപ്പെടുത്തി. പത്തൊമ്പത് വയസിൽ വിവാഹിതയായതാണ് ഞാൻ. ഞാനും ഭർത്താവും താമസിക്കുന്ന വീടിൻ്റെ ഉമ്മറത്ത് ഒരാൾ വന്ന് പ്രവചനം പോലെ പലതും സംസാരിച്ചു. അന്ന് ആ പ്രായത്തിൽ എനിക്കത് മനസിലായില്ല. പക്ഷെ രേഖ സൂക്ഷിക്കണമെന്ന് അയൽവാസി എന്നെ ഉപദേശിച്ചു.
അന്ന് ജോതിഷത്തിൽ വിശ്വാസമില്ലാതിരുന്നതിനാൽ ഞാൻ അത് തള്ളികളഞ്ഞു. എന്നാൽ വൈകാതെ എന്റെ ഭർത്താവിനെ കാണാതെയായി. എവിടെ പോയി, എങ്ങനെയുണ്ട്, ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ഒരു വിവരവുമില്ലായിരുന്നു. 18 വർഷമായി കാണാതെയായിട്ട്. ഏകദേശം മൂന്ന് വർഷം മുമ്പ് ഞാൻ രണ്ടാം വിവാഹം കഴിച്ചു.

അന്ന് അയാൾ പറഞ്ഞത് വിശ്വസിക്കാതിരുന്നത് എന്നെ ഇന്നും വേട്ടയാടുന്നു. അയാളെ വിളിച്ച് കൃത്യമായി ഞാൻ കാര്യങ്ങൾ ചോദിക്കണമായിരുന്നു. അല്ലെങ്കിൽ ആ സമയം ഞാൻ ഒരു ജ്യോത്സ്യനെ കാണണമായിരുന്നു രേഖ പറയുന്നു. ഒരു ദിവസം രാവിലെ ജോലിക്ക് പോയ ഭർത്താവ് പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ ബാംഗ്ലൂരിൽ പോയെന്ന് പറഞ്ഞു. ഞങ്ങൾ ഭർത്താവിന്റെ നാട്ടിലേക്ക് പോയി. അവിടെ നിന്നും കണ്ടെത്താനായില്ല.
ഏകദേശം വർഷങ്ങൾക്ക് ശേഷം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപ്പിക്കുന്ന ചില വിവരങ്ങൾ ലഭിച്ചു അത്രമാത്രം. തുടക്കത്തിൽ എനിക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ലായിരുന്നു. ഞാൻ പലയിടത്തും അതിനെതിരെ സംസാരിച്ചിട്ടുണ്ട്. ഒരു ജോത്സ്യൻ എനിക്ക് രണ്ടാം കല്യാണം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അതുപോലെ നക്ഷത്രവും ഗ്രഹനിലയും അനുസരിച്ച് എനിക്കും മകൾക്കും ഒരുമിച്ച് ജീവിക്കാൻ കഴിയില്ല.
ഇന്ന് വരെ അവധി ദിവസങ്ങളിൽ മാത്രമാണ് മകൾ വീട്ടിൽ വരുന്നത്. എൻ്റെ മകൾ കൂടെയുണ്ടെങ്കിൽ ഞങ്ങൾ വഴക്കിടും. ഒന്നുകിൽ അവൾ മരിക്കും അല്ലെങ്കിൽ ഞാൻ മരിക്കും. ആ സാഹചര്യം വന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞങ്ങൾ വേർപിരിഞ്ഞ് താമസിക്കണമെന്ന് തീരുമാനിച്ചതെന്നും രേഖ പറയുന്നു.


Click it and Unblock the Notifications