'സിനിമയിൽ തുടർന്നിരുന്നുവെങ്കിൽ എന്തൊക്കയോ ആകുമായിരുന്നുവെന്ന തോന്നലില്ല, നടിയായി പരിഗണിച്ചിട്ടില്ല'
നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമായ രേണുക മേനോന്‍. എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസിയെന്ന പാട്ട് മാത്രം മതി സിനിമയുള്ളിടത്തോളം കാലം രേണുകയെന്ന നായികയെ മലയാളികൾ ഓർക്കാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും രേണുക അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനായി 2006ല്‍ പുറത്തിറങ്ങിയ പതാക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രേണുകയുടേതായി പുറത്തിറങ്ങിയത്.
വിവാഹിതയായി അമേരിക്കയിലേക്ക് പോയ രേണുക പിന്നീട് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയില്ല. ഇപ്പോള്‍ കലിഫോര്‍ണിയയില്‍ രേണുക ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. മാത്രമല്ല രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയും കുടുംബിനിയുമായി ജീവിതം ആസ്വദിക്കുകയാണ് താരം. ഓരോ വർഷവും കുടുംബസമേതം കേരളത്തിലേക്ക് എത്താറുണ്ട് രേണുക.

എന്നാൽ സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവ് അത്യാവശ്യമാണെന്ന തോന്നൽ രേണുകയ്ക്കില്ല. സിനിമയിൽ തുടർന്നിരുന്നുവെങ്കിൽ എന്തൊക്കയോ ആകുമായിരുന്നുവെന്ന തോന്നലില്ലെന്നും രേണുക സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നു. അമേരിക്കയിലാണ് താമസമെങ്കിലും പുതിയതായി മലയാളത്തിൽ റിലീസ് ചെയ്ത സിനിമകൾ എല്ലാം തന്നെ രേണുകയും കുടുംബവും കാണാറുണ്ട്.
കല്യാണശേഷം ഞാൻ അഭിനയിച്ച സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. നമ്മൾ സിനിമ മക്കൾ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. മലയാളത്തിലുള്ള താരങ്ങളെയും തമിഴിലെ താരങ്ങളായ വിജയിയേയും സൂര്യയേയും മാത്രമെ മക്കൾക്ക് അറിയൂ. മൂത്ത മകൾ ഞാൻ നടിയാണെന്ന് മനസിലാക്കിയത് സ്കൂളിൽ പോയശേഷമാണ്. അവളുടെ മലയാളി സുഹൃത്തുക്കൾ വഴിയാണ് ഞാൻ അഭിനേത്രിയാണ് മക്കൾ മനസിലാക്കിയത്.
മലയാളികൾ ഒരുപാട് പേർ എന്റെ അടുത്ത് നൃത്തം പഠിക്കുന്നുണ്ട്. കുട്ടികൾ മാത്രമല്ല മുതിർന്നവരും എന്റെ സ്റ്റുഡന്റ്സാണ്. പലരും ഓൺലൈനായി നൃത്തം അഭ്യസിക്കുന്നവരാണ്. നാട്ടിൽ വന്ന് ഒരു മാസം കഴിയുമ്പോൾ തിരികെ അമേരിക്കയിലേക്ക് പോയി സ്വന്തം വീട്ടിലെ ബെഡിൽ പോയി കിടന്നുറങ്ങാമെന്ന തോന്നൽ വരും. പത്ത് മാസം അമേരിക്കയിലും രണ്ട് മാസം നാട്ടിലും എന്ന രീതിയിലാണ് ഞാൻ ഇപ്പോൾ കുറച്ച് വർഷങ്ങളായി ജീവിക്കുന്നത്. മക്കൾക്ക് കേരളത്തിലെ ചില പഴങ്ങളും ഭക്ഷണങ്ങളും വളരെ അധികം ഇഷ്ടമാണ്.
അവിടെയും കേരളത്തിലെ ഭക്ഷ്യ വസ്തുക്കൾ കിട്ടുമെങ്കിലും അവർക്ക് ഇന്ത്യയിൽ വന്ന് കഴിക്കുന്നതിനോടാണ് താൽപര്യം. ടേസ്റ്റിലും വ്യത്യാസമുണ്ട്. ഞാൻ എന്താണ് അഭിനയിക്കാത്തതെന്ന് മകൾ പണ്ട് ചോദിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അഭിനയിക്കാൻ സാധിക്കില്ല. ഞാൻ എന്റെ ലൈഫുമായി ബിസിയാണ്.

നമ്മൾ ഉൾപ്പെടെ എനിക്ക് വന്ന എല്ലാ സിനിമകളും എന്നെ തേടി വന്നതാണ്. ഞാൻ വളരെ ഡിമാന്റുള്ള നടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഭർത്താവ് സൂരജ് ഒരിക്കലും എന്നെ ഒരു അഭിനേത്രിയെന്ന രീതിയിൽ കണ്ടിട്ടില്ല. രേണുക എന്ന പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന് മാത്രമെ അദ്ദേഹത്തിനുള്ളു. സൂരജ് പഠിച്ചതും വളർന്നതും എല്ലാം കേരളത്തിന് പുറത്താണ്. അതുകൊണ്ട് തന്നെ ഒരുപാട് മലയാള സിനിമ കാണാറില്ല. നമ്മൾ സിനിമ കണ്ടിട്ടുണ്ട്.
ഭർത്താവ് എന്നെ താരമെന്ന രീതിയിൽ പരിഗണിച്ചിട്ടില്ല. പിന്നെ സിനിമയിൽ തുടർന്നിരുന്നുവെങ്കിൽ എന്തൊക്കയോ ആകുമായിരുന്നുവെന്ന തോന്നലില്ല എനിക്ക്. അതുപോലെ പുറത്ത് പോകുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. മക്കൾക്ക് പക്ഷെ ഇതൊക്കെ ഭയങ്കര എക്സൈറ്റ്മെന്റാണ്. മക്കളുടെ സന്തോഷം കാണുമ്പോൾ കൗതുകം തോന്നാറുണ്ട്.
മക്കളുടെ എക്സൈറ്റ്മെന്റ് കാരണമാണ് ഇന്റർവ്യുവിന് സമ്മതിച്ചത് പോലും. മലയാള സിനിമകൾ വീക്കെന്റിലാണ് കാണാറുള്ളത്. ചിലപ്പോൾ ഫാമിലിയായും മറ്റ് ചിലപ്പോൾ ഒറ്റയ്ക്ക് ഇരുന്നും ഞാൻ മലയാള സിനിമ കാണാറുണ്ട്. ഞാൻ ഇംഗ്ലീഷ് പടമൊന്നും കാണാറില്ല. മലയാള സിനിമ മാത്രമെ കാണാറുള്ളുവെന്നും രേണുക പറയുന്നു.


Click it and Unblock the Notifications











