അഹങ്കാരവും ധാർഷ്ട്യവുമുള്ള പെൺകുട്ടി, അന്നേ ഞങ്ങൾ വിലക്കി, എനിക്ക് മനസിലാകും രവി സാറിന്റെ അവസ്ഥ; നടി റിഹാന
ജയം രവിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ദിവസം നടന്ന വികാരാധീനമായ വാർത്താസമ്മേളനത്തിൽ വിവാഹമോചനം നിയമപരമായി പൂർത്തിയാകുന്നത് വരെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് നടൻ പ്രഖ്യാപിച്ചു. 23 വർഷമായി കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ച തന്നെ മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും കോടികള്‍ സമ്പാദിച്ച താന്‍ ഇപ്പോള്‍ കടക്കാരനായി വാടകവീട്ടിലാണ് താമസിക്കുന്നതെന്നുമാണ് നിറഞ്ഞ മിഴികളോടെ നടൻ പറഞ്ഞത്. വീഡിയോ വൈറലായശേഷം നടനെ വിമർശിച്ചാണ് ഏറെയും പേർ രംഗത്ത് എത്തിയത്.
ഭൂരിഭാഗം പേരും നടന്റെ ഭാര്യയുടെ പക്ഷം ചേർന്നാണ് സംസാരിച്ചത്. പക്ഷെ നടന്റെ അവസ്ഥ തനിക്ക് മനസിലാകുമെന്ന് പറയുകയാണ് തമിഴ് സീരിയൽ നടി റിഹാന. ഭാര്യയുടെ അഹങ്കാരവും ധാർഷ്ട്യവുമുള്ള പെരുമാറ്റം കാരണം തന്റെ സഹോദരന് ജീവൻ നഷ്ടപ്പെട്ടതായും ആ വേദന ഇന്നും തന്നെ അലട്ടുന്നതായും റിഹാന പറയുന്നു.

ജയം രവിയുടെ പ്രസ്മീറ്റ് കണ്ടപ്പോൾ എന്റെ അനിയനെയാണ് ഓർമ വന്നത്. ഇന്ന് അവൻ ഞങ്ങൾക്കൊപ്പം ജീവനോടെയില്ല. ഇരുപത്തിനാല് വയസിൽ മരിച്ചു. ആത്മഹത്യയായിരുന്നു. ജയം രവിക്ക് സംഭവിച്ചതുപോലെ ദാമ്പത്യത്തിലെ പ്രശ്നം തന്നെയായിരുന്നു കാരണം. അറേഞ്ച് മാരേജായിരുന്നു. ഞങ്ങൾ കണ്ടുപിടിച്ച പെൺകുട്ടിയാണ്. പിന്നെ എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിച്ചശേഷം ഒരു വർഷത്തെ ഗ്യാപ്പുണ്ടായിരുന്നു കല്യാണത്തിന്. അതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി.
ഇക്കാലയളവിൽ ഞങ്ങൾ മനസിലാക്കിയിരുന്നു ആ പെൺകുട്ടിയുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അഹങ്കാരവും ബഹുമാനക്കുറവും പുച്ഛവും ധാർഷ്ട്യവുമാണെന്ന്. ആളുകൾ ഉച്ചത്തിൽ സംസാരിച്ച് ബഹളം വെക്കുന്നതിനോട് താൽപര്യമില്ലാത്തയാളാണ് എന്റെ അനിയൻ. പക്ഷെ ആ പെണ്ണ് സംസാരിച്ചാൽ അടുത്തുള്ള കവലവരെ ശബ്ദം കേൾക്കും. ഇരുവരും ഒരുമിച്ച് മുന്നോട്ട് പോയാൽ ശരിയാവില്ലെന്ന് മനസിലാക്കിയപ്പോൾ ഞങ്ങൾ അവനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി.
പക്ഷെ അവളെ മാത്രമെ വിവാഹം കഴിക്കൂവെന്ന് അവൻ വാശി പിടിച്ചു. ഞങ്ങൾ സമ്മതിക്കില്ലെന്ന് കണ്ടപ്പോൾ വിഷം കഴിച്ചു. അവസാനം ഞങ്ങൾ വിവാഹത്തിന് സമ്മതിച്ചു. അവന് ഒരു കുഞ്ഞ് പിറന്നു. ആ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ അന്ന് അവന് എന്റെ വീട്ടിലേക്ക് വന്നു. അന്ന് അവൻ എനിക്ക് മുന്നിലിരുന്ന് ഒരുപാട് കരഞ്ഞു. നീ അന്ന് പറഞ്ഞപ്പോൾ അനുസരിക്കാത്തതിന്റെ ഫലം ഇന്ന് ഞാൻ അനുഭവിക്കുന്നു. കഴിഞ്ഞ ദിവസം അവൾ എന്നെ അടിച്ചുവെന്ന് പറഞ്ഞാണ് കരഞ്ഞത്.
അമ്മയുടെ കൂടെ കിടന്ന് ഒരു കുഞ്ഞിനെ ഉണ്ടാക്കിയാൽ പോരായിരുന്നോ എന്തിന് എന്നെ വിവാഹം കഴിച്ചു എന്നൊക്കെ അവൾ അവനോട് ചോദിച്ചത്രെ. അഴക്ക് പിടിച്ച ഒരു ഡ്രസ് മാത്രമായിരുന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു. അതുമായി അവൻ ഇറങ്ങി വരികയായിരുന്നു പിന്നീട് കുറേക്കാലം ഞാനാണ് അവനെ സംരക്ഷിച്ചത്. മൂന്നര വർഷത്തോളം അവൻ ഭാര്യയിൽ നിന്നും അകന്ന് കഴിഞ്ഞു. കുഞ്ഞിനെ കാണാതിരിക്കാൻ കഴിയില്ലാത്തതിനാൽ ഭാര്യവെച്ച കണ്ടീഷൻസിന് എല്ലാം ഓക്കെ പറഞ്ഞ് വീണ്ടും അവൻ അവർക്കൊപ്പം ജീവിക്കാൻ തുടങ്ങി.

എന്നോട് സംസാരിക്കരുതെന്ന് ഭാര്യ അവനോട് പറഞ്ഞിരുന്നു. അവൻ പക്ഷെ എന്നെ വിളിച്ചു. അത് അറിഞ്ഞ് ഭാര്യ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി. നിനക്ക് അവളെ കെട്ടിയാൽ പോരായിരുന്നുവോയെന്ന് ചോദിച്ച് അവൾ കുഞ്ഞിനേയും കൊണ്ട് വീട് വിട്ടുപോയി. ആ വിഷമത്തിൽ എന്റെ സഹോദരൻ അന്ന് തന്നെ ആത്മഹത്യ ചെയ്തു. രവി സാറിന്റെ പ്രസ്മീറ്റിന് താഴെ ആളുകൾ മോശം കമന്റുകൾ ഇടുന്നത് ഞാൻ കണ്ടു. മക്കളെ ഓർത്ത് ജീവിക്കണമായിരുന്നു എന്നൊക്കെ.
എന്റെ സഹോദരൻ ഭാര്യയോടൊപ്പം ചേർന്ന് ജീവിക്കാൻ ശ്രമിച്ചത് കുഞ്ഞിനെ ഓർത്തിട്ടായിരുന്നു. പക്ഷെ അവസാനം അവന് സ്വയം ജീവനൊടുക്കേണ്ടി വന്നു. അവൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. എനിക്ക് പക്ഷെ സഹോദരനെ നഷ്ടപ്പെട്ടു. രണ്ടുപേരിൽ ആരുടെ എങ്കിലും ജീവൻ പോയാൽ മാത്രമെ ആളുകൾ സത്യം മനസിലാക്കാൻ ശ്രമിക്കൂ. അവർക്ക് പിരിഞ്ഞ് താമസിച്ചാൽ മതിയായിരുന്നുവെന്ന് പിന്തുണച്ച് സംസാരിക്കു. ചത്താലും പ്രശ്നമില്ല ത്യാഗം ചെയ്യാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലാണല്ലോ സമൂഹം ചിന്തിക്കുന്നത്.
ആ ബന്ധത്തിൽ നിന്നും പുറത്ത് വന്ന് കെനീഷയോട് ചേർന്ന് ബാക്കിയുള്ള ലൈഫും ടാലന്റും വെച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് രവി സാർ ചിന്തിച്ചത്. അതിനിടയിൽ എല്ലാവരും ചേർന്ന് പ്രശ്നം സൃഷ്ടിക്കുന്നത് ശരിയാണോ?. എന്റെ കുടുംബത്തിൽ സമാനമായ സംഭവം നടന്നതുകൊണ്ട് എനിക്ക് മനസിലാകും രവി സാറിന്റെ അവസ്ഥ. മനസാക്ഷിയില്ലാത്ത മൃഗങ്ങളാകരുത്. മറ്റുള്ളവരുടെ വേദന കൂടി മനസിലാക്കാൻ ശ്രമിക്കൂ എന്നും റിഹാന പറഞ്ഞു.


Click it and Unblock the Notifications


