രഘുവരന് ശേഷം മറ്റൊരാൾ വരാത്തതിന് കാരണം; അമ്മ ആത്മഹത്യ ചെയ്തതാണ്; ഇതുവരെയും തുറന്ന് പറഞ്ഞിട്ടില്ല; രോഹിണി
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ നായികയായിരുന്നു രോഹിണി. പിൽക്കാലത്ത് അമ്മ വേഷങ്ങളാണ് നടി കൂടുതലും ചെയ്തത്. കരിയറിനൊപ്പം രോഹിണിയുടെ വ്യക്തി ജീവിതവും വലിയ തോതിൽ ജനശ്രദ്ധ നേടിയിട്ടുണ്ട്. അന്തരിച്ച നടൻ രഘുവരനായിരുന്നു രോഹിണിയുടെ ഭർത്താവ്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവർക്ക് ജനിച്ച മകന്റെ പേര്. വിവാഹമോചനം നേടി കുറച്ച് വർഷങ്ങൾക്ക് ശേഷം രഘുവരൻ മരിച്ചു.
മദ്യപാനമാണ് രഘുവരന്റെ ജീവിതത്തെ നശിപ്പിച്ചതെന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിരുന്നു. മികച്ച നടനായ രഘുവരന് ജീവിതത്തിൽ സംഭവിച്ച പാളിച്ചകൾ സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. എന്നാൽ രഘുവരെ കുറ്റപ്പെടുത്തി പൊതുവിടങ്ങളിലൊന്നും രോഹിണി ഇതുവരെ സംസാരിച്ചിട്ടില്ല. രഘുവരനെക്കുറിച്ച് സംസാരിക്കുകയാണ് രോഹണിയിപ്പോൾ.

പ്രണയമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയാണെന്ന് കരുതുന്നു. പ്രണയത്തിലല്ലെങ്കിൽ നിങ്ങൾ ജീവിക്കുന്നില്ല. ഈ ലോകം മനോഹരമായി തോന്നും. പ്രണയത്തിലാകുമ്പോൾ മാത്രമാണ് നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ മറ്റാെരാളെക്കുറിച്ച് ചിന്തിക്കുന്നത്. അദ്ദേഹം നമ്മളെ എങ്ങനെ കാണുന്നു, കേൾക്കുന്നു എന്നതെല്ലാം പ്രധാനമാകും. ആ പ്രണയത്തിൽ നിന്ന് പുറത്ത് കടന്നാലും നല്ല നിമിഷങ്ങളേ ഓർക്കൂ. വെറുപ്പ് എങ്ങനെയോ അപ്രത്യക്ഷമാകുമെന്നും രോഹിണി വ്യക്തമാക്കി.
രഘുവരനോട് തനിക്കിന്നും സ്നേഹമുണ്ടെന്ന് രോഹിണി തുറന്ന് പറഞ്ഞു. അദ്ദേഹവുമായി വളരെയധികം സ്നേഹത്തിലായിരുന്നു. അതുകൊണ്ടാണ് വിവാഹം ചെയ്തത്. ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ താൻ രഘുവരനുമായി അത്രമാത്രം സ്നേഹത്തിലായിരുന്നെന്ന് രോഹിണി വ്യക്തമാക്കി. രഘുവരന് ശേഷം മറ്റൊരു വ്യക്തി ആ സ്ഥാനത്തേക്ക് വരാത്തതിനെക്കുറിച്ചും രോഹിണി സംസാരിച്ചു.

അതേക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. അതിനേക്കാൾ പ്രധാനമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ടായിരുന്നു. മകൻ ഋഷിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കൽ, നടി, ഫിലിം മേക്കർ എന്ന നിലയിൽ എന്ത് ചെയ്യണം എന്നതിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്നും രോഹിണി വ്യക്തമാക്കി. തന്റെ അമ്മയുടെ മരണത്തെക്കുറിച്ചും രോഹിണി സംസാരിച്ചു.
എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് അമ്മ മരിച്ചത്. ആദ്യമായാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് എന്തെങ്കിലുമൊന്ന് ചെയ്യണമെന്നുണ്ടായിരുന്നു. കഥയെഴുതുകയോ, ലേഖനമെഴുതുകയോ ഡോക്യുമെന്ററി ചെയ്യുകയോ മറ്റോ. ഇപ്പോൾ ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്. ചില കാര്യങ്ങൾ പറയാനുണ്ട്. അമ്മയില്ലാതെ വളർന്ന കുട്ടിയെന്ന നിലയിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. എന്തിന് ആത്മഹത്യ ചെയ്തു. എന്തായിരുന്നു അവരുടെ സാഹചര്യം.
എന്തിന് ഇത്രയും കടുത്ത ഒരു കാര്യം ചെയ്തു എന്നാെക്കെയുള്ള ചോദ്യങ്ങളുണ്ടെന്നും രോഹിണി വ്യക്തമാക്കി. ഇതുവരെയും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. അമ്പത് വർഷത്തോളം തനിക്കിതിനായി വേണ്ടി വന്നിട്ടുണ്ടെന്നും രോഹിണി തുറന്ന് പറഞ്ഞു. ബാലതാരങ്ങളെക്കുറിച്ചുള്ള ഒരു ഷോർട്ട് ഫിലിമും താൻ ചെയ്യുന്നുണ്ട്. ഈ രണ്ട് സിനിമകളും തനിക്ക് വളരെ വ്യക്തിപരമായി. ഒരു പുസ്തകം എഴുതാൻ സാധ്യതയുണ്ടെന്നും രോഹിണി വ്യക്തമാക്കി. സിനിമാ രംഗത്ത് രോഹിണിയിപ്പോൾ സജീവമാണ്. അജയന്റെ രണ്ടാം മോഷണം ആണ് മലയാളത്തിൽ രോഹിണിയുടെ പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications











