'ജിപിക്കൊപ്പം അഞ്ജലി ചെറിയമ്മ പോയപ്പോൾ അവൾക്ക് വിഷമമായി... അതിനാണ് കരഞ്ഞത്'; ദേവൂട്ടിയെ കുറിച്ച് സജിത!
കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടി ഗോപിക അനിലിന്റെയും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം. തൃശൂരിൽ കെങ്കേമമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി സിനിമാ താരങ്ങളും സീരിയൽ താരങ്ങളും എത്തിയിരുന്നു. താലികെട്ട് ചടങ്ങ് വടക്കുംനാഥ ക്ഷേത്രത്തിൽ ആയിരുന്നു. ശേഷം പാർട്ടി പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ വെച്ചായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്കുശേഷമാണ് വിവാഹം നടന്നത്.
ജിപിയുടെയും ഗോപികയുടെയും വിവാഹം ആഘോഷമാക്കാൻ ഗോപികയെ അഞ്ജലിയായി ജനങ്ങൾ ഏറ്റെടുക്കാൻ കാരണമായ സാന്ത്വനം സീരിയലിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപികയുടെയും ജിപിയുടെയും ഹൽദി, മെഹന്ദി ആഘോഷങ്ങൾ എല്ലാമായി തിരക്കിലായിരുന്നു സാന്ത്വനം ടീം. സാന്ത്വനം സീരിയലിൽ ഏറ്റവും ജനപ്രിയമായ ഒരു കഥാപാത്രമാണ് ഗോപികയുടെ അഞ്ജലി.

ബാലേട്ടൻ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ അഞ്ജലിയെയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചയം. അതേസമയം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നടി സജിത ബേട്ടിയുടെ മകളുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. സാന്ത്വനത്തിൽ ഏറ്റവും അവസാനം അംഗമായ കുട്ടിത്താരമാണ് സജിത ബേട്ടിയുടെ മകൾ ഇസ. സാന്ത്വനം സീരിയലിലെ കഥാപാത്രങ്ങളായ ഹരിയുടെയും അപ്പുവിന്റെയും മകളായ ദേവൂട്ടിയായാണ് ഇസ അഭിനയിച്ചത്.
കുറച്ച് എപ്പിസോഡുകളിൽ മാത്രമെ ഇസ അഭിനയിച്ചിട്ടുള്ളുവെങ്കിലും അതിവേഗത്തിൽ ഇസയുടെ ദേവൂട്ടി ജനഹൃദയം കീഴടക്കി. സാന്ത്വനത്തിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്ന എല്ലാവരുമായും ഇസ നല്ല കൂട്ടാണ്.
ഗോപികയുടെ അഞ്ജലി ചെറിയമ്മ ഇസയ്ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. അതുകൊണ്ട് തന്നെ ജിപിക്കൊപ്പം കൈപിടിച്ച് തന്റെ അഞ്ജലി ചെറിയമ്മ പോകുന്നത് ഇസയ്ക്ക് സഹിക്കാനായില്ല. അതുകൊണ്ട് തന്നെ അമ്മയ്ക്കും അച്ഛനുമൊപ്പം ഗോപിക-ജിപി വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇസ ഗോപിക യാത്ര പറഞ്ഞ് പോയപ്പോൾ കരയാൻ തുടങ്ങി. അവൾക്ക് വിഷമമായി... ജിപി അങ്കിളിന്റെ കൂടെ അഞ്ജലി ചെറിയമ്മ പോയപ്പോ എന്നാണ് മകളെക്കുറിച് സജിത വൈറലാകുന്ന വീഡിയോയിൽ പറഞ്ഞത്.
വിവാഹച്ചടങ്ങിന് എത്തിയ ഇസയെ ഗോപിക എടുത്ത് ഉമ്മ വെയ്ക്കുന്നതും സാന്ത്വനം ടീമിനോടുള്ള ഗോപികയുടെ ചിത്രങ്ങളും സജിത ബേട്ടി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. സഹതാരങ്ങൾ എന്നതിലുപരി ഒരു കുടുംബം പോലെയാണ് സാന്ത്വനത്തിലെ താരങ്ങൾ ഇതുവരെ കഴിഞ്ഞത്.

കുറച്ച് ദിവസം മുമ്പാണ് സാന്ത്വനം സീരിയൽ അവസാനിച്ചത്. അതുകൊണ്ട് തന്നെ സാന്ത്വനം താരങ്ങൾക്ക് വീണ്ടും ഒത്തുകൂടാനുള്ള വേദിയായിരുന്നു ഗോപികയുടെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വളരെ നീണ്ട ഇടവേളയെടുത്തിരുന്നു ഇസ മോൾടെ അമ്മ കൂടിയായ നടി സജിത ബേട്ടി. അടുത്തിടെ ഉപ്പും മുളകും സീരിയലിലെ അമ്മ വേഷത്തിലൂടെ മടങ്ങിയെത്തിയിട്ടുണ്ട് താരം. സജിതാ ബേട്ടിയുടെയും ഷമാസിന്റേയും ഏക മകളാണ് ഇസ.
തെങ്കാശിപ്പട്ടണം സിനിമയിൽ സംയുക്ത വർമയുടെ കൂട്ടുകാരികളായ കുട്ടികളുടെ കൂടെ സജിതാ ബേട്ടിയെയും കാണാം. പിന്നീട് ഒരു സീരിയലിൽ തനി വില്ലത്തിയായി തിളങ്ങി നിന്ന ശേഷമായിരുന്നു വിവാഹം. നിരവധി സിനിമകളിലും സജിത അഭിനയിച്ചിട്ടുണ്ട്. അതേസമയം സാന്ത്വനം സീരിയൽ അവസാനിച്ചപ്പോൾ മനോഹരമായ കുറിപ്പ് ഗോപിക പങ്കിട്ടിരുന്നു.
അഞ്ജലിയുടെ അവസാന ഷോട്ട് ശരിക്കും ഹൃദയഭേദകമായിരുന്നു. ഇനി അഞ്ജലിയായി നിങ്ങള്‍ക്ക് മുന്നിലും ക്യാമറയ്ക്ക് മുന്നിലും എത്താന്‍ കഴിയില്ല എന്നറിയുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. അഞ്ജലിയാകുന്നത് ഞാന്‍ മിസ് ചെയ്യും. എന്റെ ഹൃദയം നിറഞ്ഞ കഥാപാത്രമാണ് അഞ്ജലി. ആ കഥാപാത്രം എനിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഗോപിക കുറിച്ചത്.
സാന്ത്വനം തീർന്നപ്പോൾ നല്ല സങ്കടമായിരുന്നു. ഞങ്ങൾ ഒരു കുടുംബമായിരുന്നു. എല്ലാരേയും ഒരുമിച്ച് കാണാനുള്ള അവസരം ആയിരുന്നു ഈ വിവാഹം. നമ്മൾ മൂന്നുവർഷം ഞങ്ങൾ ഒരുമിച്ചുപോയ കുടുംബമാണ് എന്നാണ് സാന്ത്വനം താരങ്ങൾ ഗോപികയുടെ വിവാഹത്തിൽ പങ്കെടുത്തശേഷം പറഞ്ഞത്.


Click it and Unblock the Notifications











