'കഴിഞ്ഞ വർഷം പകുതി മുതൽ തൊഴിൽ രഹിത, കുടുംബ സ്വത്തോ നീക്കിയിരിപ്പോ ഇല്ല, വണ്ടികൂലിയുണ്ടോയെന്ന് പോലും...'
ഷട്ടർ അടക്കം നിരവധി സിനിമകളിൽ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേത്രിയും എഴുത്തുകാരിയുമെല്ലാമായ സജിത മഠത്തിലിനെ സിനിമാപ്രേമികൾക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. നാടകങ്ങളാണ് സിനിമയിലേക്ക് എത്താൻ സജിതയ്ക്ക് വഴിതെളിച്ചത്. 2010 മുതൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ നടി അവതരിപ്പിച്ച് കഴിഞ്ഞു. ഷട്ടറിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടുകയും ചെയ്തു.
അവസാനം റിലീസ് ചെയ്ത സജിത ഭാഗമായ സിനിമ നാരായണീന്റെ മൂന്ന് ആൺമക്കളാണ്. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം പങ്കിട്ട പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രോഗ്രാമുകൾക്ക് ക്ഷണം ലഭിച്ച് ചെല്ലുമ്പോൾ വണ്ടികാശ് പോലും പലരും തരാറില്ലെന്ന് സജിത പറയുന്നു. ചിലവഴിച്ച മണിക്കൂറുകൾക്ക് അനുസരിച്ച് അർഹതപ്പെട്ട പ്രതിഫലം ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് സജിത പറഞ്ഞു.

മിനിമം മര്യാദ കാണിക്കുന്നവരുടെ പരിപാടികളിൽ മാത്രമെ താൻ ഇനി ഭാഗമാവുകയുള്ളുവെന്നും നടി കുറിച്ചു. ഈ വർഷം ഞാൻ നന്നാവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത് തുറന്ന് പറയണമെന്ന് കരുതുന്നത്. ഞാൻ കഴിഞ്ഞ വർഷം പകുതി മുതൽ തൊഴിൽ രഹിതയാണ്. കുടുംബ സ്വത്തോ നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാൽ എനിക്ക് ഇല്ല. പക്ഷെ എനിക്ക് ജീവിച്ച് പോകാനുള്ളത് എഴുത്തും വല്ലപ്പോഴും കിട്ടുന്ന അഭിനയവും മറ്റുമായി ഞാൻ ഉണ്ടാക്കുന്നുണ്ട്.
ഞാൻ എന്റെ ചെറിയ ജീവിതത്തിൽ ഏറെ സന്തോഷവതിയുമാണ്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. അവിടെ എനിക്ക് മിണ്ടാൻ കുറേ കഥാപാത്രങ്ങളെ ലോകം ചുറ്റുന്നതിനിടയിൽ ഞാൻ വാങ്ങിച്ച് വെച്ചിട്ടുണ്ട്. എത്രനേരം വേണമെങ്കിലും ആ ലോകത്ത് സമാധാനമായി ജീവിക്കും.
പറഞ്ഞ് വരുന്നത് മറ്റൊരു കാര്യമാണ്... കേരളത്തിന് അകത്തും പുറത്തും പരിപാടികളിൽ പങ്കെടുക്കാൻ വിളിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടുമാണ് നിങ്ങൾ എന്നെ ഓർക്കുന്നതിലും പരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നതും എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് താൽപര്യമുള്ള വിഷയങ്ങളിൽ യാതൊരു മടിയുമില്ലാതെ ഞാൻ അങ്ങോട്ട് ആവശ്യപെട്ട് പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്യും.
പക്ഷെ നിങ്ങളുടെ പരിപാടികൾ എന്റെ ആവശ്യമാക്കി മാറ്റരുത്. സംസാരിക്കാനുള്ള വിഷയം പഠിച്ച് അതിന് കുറെ സമയം ചിലവഴിച്ച് യാത്ര ചെയ്ത് പോയിട്ടും വണ്ടികൂലിക്ക് കാശുണ്ടോയെന്ന് പോലും ചോദിക്കാത്തതിനാൽ ദുഃഖത്തോടെ മടങ്ങി വന്ന സന്ദർഭം ഉണ്ടായിട്ടുണ്ട്. സജിതക്ക് പണത്തിന്റെ ആവശ്യം ഇല്ലല്ലോയെന്ന് കരുതുന്നവർ സിനിമ മേഖലയിലെ അറ്റത്ത് നിൽകുന്നവർക്ക് പോലും പ്രതിഫലം നൽകാൻ ഉത്സാഹം കാണിക്കും.

മിനിമം മര്യാദ കാണിക്കുന്നരോട് മാത്രമെ ഇനി കൂട്ട് കൂടുന്നുള്ളൂവെന്ന് ഞാൻ തീരുമാനിച്ചു. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്. ചിലവഴിച്ച മണിക്കൂറുകൾ അനുസരിച്ച് റീസണബിളായ പ്രതിഫലം കിട്ടുക നൽകുക എന്നത് മിനിമം മര്യാദയാണ്. അത് ചോദിക്കുകപോലും ഇല്ലാതെ പരിപാടികളിൽ ഇനി പങ്കെടുക്കണമെന്ന് എന്നെ നിർബന്ധിക്കരുത്. മിനിമം ചോദിക്കുകയെങ്കിലും വേണം. ഇത്രയും എഴുതിയത് കുറേ ആലോചിച്ചാണ്. ക്ഷമിക്കണം.
നിവൃത്തി ഇല്ലാഞ്ഞിട്ടാണ് എന്നുമായിരുന്നു സജിത മഠത്തിലിന്റെ കുറിപ്പ്. നടിയുടെ തീരുമാനത്തെ ഫോളോവേഴ്സും സ്വാഗതം ചെയ്തു. ഏത് ജോലിയ്ക്കും അതിനനുസരിച്ച പ്രതിഫലം ആവശ്യപ്പെടാം, ആദ്യം തന്നെ കാശിൻ്റെ കാര്യം ഉറപ്പിക്കണം. സൗഹൃദം വേറെ... അധ്വാനം വേറെ, ഉള്ളവന് പിന്നെയും പിന്നെയും വാരിക്കൊടുക്കാൻ പല സംഘാടകർക്കും വലിയ ആവേശമാണ്. അയാൾക്ക് അതാവശ്യമില്ലെങ്കിലും നിർബന്ധിച്ച് പിടിപ്പിക്കും.
അർഹിക്കുന്നവൻ വണ്ടിക്കൂലി ചോദിച്ചാലോ മഹാ അപരാധവും സ്വന്തം അറിവിനും അധ്വാനത്തിനുമുള്ള പ്രതിഫലം ചോദിച്ച് വാങ്ങാൻ ഒരു മടിയും കാണിക്കരുത് എന്നാണ് സജിതയെ അനുകൂലിച്ചവർ കുറിച്ചത്.


Click it and Unblock the Notifications











