റൂമറല്ല സത്യമായിരുന്നു... ഇത് പ്രതീക്ഷിച്ചില്ല, ആ പഴയ ചിരി വീണ്ടും കണ്ടു; സാമന്തയും രാജ് നിദിമോരും വിവാഹിതരായി
തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. ചടങ്ങിന്റെ ഫോട്ടോകൾ നടി തന്നെ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ പുറത്തുവിട്ടു. ഇന്ന് രാവിലെ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. സാമന്തയുടെ മാത്രമല്ല രാജ് നിദിമോരുവിന്റെയും രണ്ടാം വിവാഹമാണ്. കഴിഞ്ഞ വർഷം മുതൽ ഇരുവരേയും ചേർത്തുള്ള റിലേഷൻഷിപ്പ് റൂമറുകൾ പ്രചരിക്കുന്നുണ്ട്.
അന്നൊന്നും സാമന്തയോ രാജോ പ്രതികരിച്ചിരുന്നില്ല. ഏറെക്കാലമായി എല്ലാ യാത്രകളിലും സാമന്തയ്ക്കൊപ്പം രാജും ഉണ്ടായിരുന്നു. കോയമ്പത്തൂരിലെ ഇഷ യോഗ സെന്‍ററില്‍ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ട്. റെഡ് ചില്ലി നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായിരുന്നു നടി.

സർവ്വാഭരണ വിഭൂഷിതയായിരുന്നു താരം. മെസി ബൺ ഹെയർസ്റ്റൈലിൽ മുല്ലൂവും ചൂടിയിരുന്നു. വെളുത്ത പൈജാമയും സ്വർണ്ണ നിറത്തിലുള്ള നെഹ്റു ജാക്കറ്റുമാണ് രാജ് അണിഞ്ഞിരുന്നത്. ഇന്ത്യൻ സിനിമയിലെ താരങ്ങളും ആരാധകരുമെല്ലാം സാമന്തയുടെ കമന്റ് ബോക്സിലെത്തി ആശംസകൾ നേർന്നു. ഇരുവരുടേയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹ ചടങ്ങിന് മുമ്പ് താരങ്ങൾ മോതിരങ്ങൾ കൈമാറി. ഒരു ഫോട്ടോയിൽ രാജ് തന്നെ അണിയിച്ച വലിയ വജ്രമോതിരം സാമന്ത അഭിമാനത്തോടെ കാണിക്കുന്നുണ്ട്. സ്റ്റാർ ഷെയ്പ്പിൽ വളരെ വ്യത്യസ്തമാണ് നടിയുടെ വിവാഹമോതിരം. 1.12.2025 എന്ന് എഴുതി ഒപ്പം രണ്ട് വൈറ്റ് ഹാർട്ട് കൂടി നൽകിയായിരുന്നു സാമന്ത ക്യാപ്ഷൻ കുറിച്ചത്.
ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വാർത്ത എന്നായിരുന്നു ആശംസകൾ അറിയിച്ച് എത്തിയ സെലിബ്രിറ്റികൾ അടക്കം കുറിച്ചത്. ഹൻസിക, പാർവതി, ദിവ്യപ്രഭ, മുക്ത, ദേവ് മോഹൻ, ഉപാസന കാമിനേനി, പ്രിയ അറ്റ്ലി, അനുപമ പരമേശ്വരൻ തുടങ്ങിയവരെല്ലാം ആശംസകൾ കുറിച്ച് എത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ... ഏറ്റവും സന്തോഷകരമായ വാർത്ത എന്നാണ് ഉപാസന കുറിച്ചത്. സന്തോഷകരമായ ജീവിതം സാമന്ത അർഹിക്കുന്നുവെന്നും കമന്റുകളുണ്ട്.
മുപ്പത്തിയൊന്ന് മിനിറ്റിനുള്ളിൽ സാമന്തയുടെ പോസ്റ്റിന് പത്ത് ലക്ഷത്തിന് അടുത്ത് ലൈക്കും മുപ്പത്തിമൂവായിരത്തിന് മുകളിൽ കമന്റുകളും ലഭിച്ചു. ആദ്യമായാകും നടിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇത്ര വേഗത്തിൽ മില്യൺ തൊടുന്നത്. 2024 മുതലാണ് സാമന്തയും രാജും തമ്മിലുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച് തുടങ്ങിയത്.

മാത്രമല്ല ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള പോസ്റ്റുകൾ സാമന്തയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. നടിയുടെ ഒട്ടുമിക്ക സോഷ്യൽമീഡിയ പോസ്റ്റുകളിലും രാജിന്റെ സാന്നിധ്യമുണ്ട്. 2021ൽ ദി ഫാമിലി മാൻ സീസൺ 2ൽ ആണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ച് തുടങ്ങിയത്. രാജും ഡികെയും ചേർന്നാണ് ദി ഫാമിലി മാൻ സീരിസ് എഴുതിയതും ക്രിയേറ്റ് ചെയ്തതും.
ദി ഫാമിലി മാൻ സീസൺ 2വിൽ നല്ലൊരു വേഷം ചെയ്തുകൊണ്ടായിരുന്നു സാമന്തയുടെ ബോളിവുഡ് എൻട്രി. ഫാമിലിമാന് ശേഷം നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്നും സാമന്തയെ തേടി വരുന്നുണ്ട്. വരുൺ ധവാൻ നായകനായ സിറ്റാഡൽ: ഹണി ബണ്ണിയിൽ കൂടി ഒരുമിച്ച് പ്രവർച്ചതോടെ രാജുമായുള്ള സാമന്തയുടെ സൗഹൃദം ദൃഢമാവുകയായിരുന്നു.
2024ൽ സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തപ്പോൾ മുതൽ സാമന്തയും രാജും തമ്മിലുള്ള വിവാഹ വാർത്ത കാണാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. മുപ്പത്തിയെട്ടുകാരിയായ സാമന്തയുടെ ആദ്യ വിവാഹം 2017ൽ ആയിരുന്നു. നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചനം പ്രഖ്യാപിച്ചത്.


Click it and Unblock the Notifications











