എന്റെ മരണം അവനെ വിഷമിപ്പിച്ചു... ഒരുപാട് കരഞ്ഞു, അഭിനയിക്കാൻ അനുവാദം തരുന്നുവെന്നും പറഞ്ഞു; സമീറ റെഡ്ഡി
തെന്നിന്ത്യൻ പ്രേക്ഷകർക്ക് എല്ലാ കാലവും വാരണമായിരത്തിലെ മേഘ്നയാണ് നടി സമീറ റെഡ്ഡി. വാരണമായിരത്തിന് മുമ്പും ശേഷവും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ സിനിമയിലൂടെ കിട്ടിയ സ്വീകാര്യത മറ്റൊന്നിലൂടെയും സമീറയ്ക്ക് ലഭിച്ചിട്ടില്ല. സൂര്യയുടെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് വാരണമായിരം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത സിനിമ പലരുടേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്.
അടുത്തിടെ മകനെ താൻ വാരണമായിരം കാണിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സമീറ റെഡ്ഡി. ഗലാട്ട പിങ്ക് ഗോൾഡൺ ക്യൂൻ അവാർഡ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. തമിഴ് സിനിമയിലേക്ക് എന്നാണ് തിരിച്ച് വരികയെന്ന് ചോദിച്ചപ്പോഴാണ് മകനുമായി നടത്തിയ രസകരമായ സംഭാഷണത്തെ കുറിച്ച് നടി വാചാലയായത്.

വാരണം ആയിരം സിനിമയിൽ തന്റെ കഥാപാത്രത്തിന് ഡബ് ചെയ്ത ഗായിക ചിന്മയിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സമീറ സംസാരിച്ച് തുടങ്ങിയത്. മേഘ്ന മേഘ്നയായത് എന്റെ അഭിനയം കൊണ്ട് മാത്രമല്ല. മേഘ്നയ്ക്ക് ശബ്ദം നൽകിയ വ്യക്തിയും അതിന് കാരണക്കാരിയാണ്. ചിന്മയിയാണ് മേഘ്നയ്ക്ക് ശബ്ദം നൽകി ആ കഥാപാത്രത്തെ കൂടുതൽ സ്പെഷ്യലാക്കി മാറ്റിയത്.
ഞാൻ അത് ഒരിക്കലും മറക്കില്ല. തമിഴ് സിനിമയിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. കുറച്ച് മുമ്പ് സംവിധായകൻ അശ്വത്ത് മാരിമുത്തുവുമായി ഞാൻ സംസാരിച്ചു. അതുപോലെ എന്റെ മകൻ വളരെ സ്വീറ്റാണ്. അവനിപ്പോൾ ഒമ്പത് വയസാണ് പ്രായം. അടുത്തിടെ സംസാരിക്കുന്നതിനിടെ അവൻ എന്നോട് ചോദിച്ചു... എയർപോട്ടിൽ വെച്ച് കാണുമ്പോഴൊക്കെ ആളുകൾ എന്തിനാണ് മമ്മയെ മേഘ്നയെന്ന് വിളിക്കുന്നത്? എന്ന്.
മമ്മയുടെ പേര് സമീറ എന്നല്ലേയെന്ന്. അതിനുള്ള കാരണം പിന്നീട് ഞാൻ അവന് വിശദീകരിച്ച് കൊടുത്തു. മാത്രമല്ല വാരണമായിരം സിനിമ അവന് ഞാൻ കാണിച്ച് കൊടുത്തു. അവൻ ആ സിനിമ കണ്ട് കരഞ്ഞു. ഞാൻ മരിക്കുന്ന സീനാണ് അവനെ വിഷമിപ്പിച്ചത്. മാത്രമല്ല സിനിമയിലേക്ക് തിരിച്ച് പോകണമെന്നും അതിനുള്ള അനുവാദം താൻ തന്നിരിക്കുന്നുവെന്നും മകൻ പറഞ്ഞു സമീറ പറയുന്നു.
വാരണം ആയിരത്തിലെ സൂര്യയെപ്പോലൊരു ഭർത്താവിനെയാണ് തനിക്ക് ലഭിച്ചതെന്നും സമീറ പറയുന്നു. ഗിറ്റാർ വായിക്കുകയും മോട്ടർ സൈക്കിൾ ഓടിക്കുകയും ചെയ്യുന്ന ഒരു യുവാവിനെ തന്നെയാണ് ഞാൻ വിവാഹം ചെയ്തത്. എന്റെ ചിന്തയിൽ മേഘ്നയ്ക്ക് ഇപ്പോൾ രണ്ട് കുട്ടികളുണ്ട്. മാത്രമല്ല സന്തോഷത്തോടെ ഗോവയിൽ ജീവിക്കുന്നുണ്ട് എന്നാണ് സമീറ പറഞ്ഞത്.

സംരംഭകനായ അക്ഷയ് വർദ്ദെയാണ് സമീറയുടെ ഭർത്താവ്. 2014ലാണ് സമീറയും അക്ഷയിയും വിവാഹിതരായത്. 2015ലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. മകന് ഹൻസ് എന്നാണ് ദമ്പതികൾ നൽകിയ പേര്. മകൻ അച്ഛൻ കുട്ടിയാണെന്നും അതിനാൽ തനിക്ക് ഒരു പെൺകുഞ്ഞ് വേണമെന്നുമുള്ള ആഗ്രഹം മകന്റെ ജനനശേഷം നടി പ്രകടിപ്പിച്ചിരുന്നു. അതുപോലെ സംഭവിച്ചു. പിന്നീട് നടിക്ക് ഒരു പെൺകുഞ്ഞ് കൂടി പിറന്നു. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.
ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നായിക എന്ന ജാഡയൊന്നുമില്ലാതെയാണ് സമീറ സംസാരിക്കുകയും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്യാറുള്ളത്. നാൽപ്പത്തിയാറുകാരിയായ സമീറയുടെ തുടക്കം ഹിന്ദി സിനിമകളിലൂടെയായിരുന്നു. മോഡലിങ് രംഗത്ത് നിന്നാണ് സമീറ അഭിനയത്തിലേക്ക് എത്തിയത്.


Click it and Unblock the Notifications











