നയൻതാര മാമിന്റെ സ്ഥാനത്തെത്തുമ്പോൾ പറയും; അന്ന് ടെൻഷനിടിച്ചപ്പോൾ ധനുഷ് പറഞ്ഞത്; സംയുക്ത
മലയാള സിനിമയിലെ മുൻനിര നായിക നടിമാരിലൊരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സംയുക്ത മലയാളത്തിൽ ചെയ്ത സിനിമകൾ താരമത്യേന കുറവാണ്. ലില്ലി എന്ന സിനിമയിൽ മികച്ച പ്രകടനമാണ് സംയുക്ത കാഴ്ച വെച്ചത്. വെള്ളം, കടുവ തുടങ്ങിയ സിനിമകളിലും സംയുക്ത വേഷമിട്ടു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന താരമാണ് സംയുക്ത മേനോൻ. പവൻ കല്യാണുൾപ്പെടെയുള്ള തെലുങ്ക് സൂപ്പർ താരങ്ങൾക്കൊപ്പം സംയുക്തയ്ക്ക് അഭിനയിക്കാനായി. കരിയറിനെ വളരെ ഗൗരവത്തോടെ കാണുന്ന സംയുക്ത സിനിമകൾ തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്ടീവ് ആണ്.

തമിഴ് ചിത്രം വാത്തിയാണ് സംയുക്തയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ധനുഷ് ചിത്രത്തിൽ നായികാ വേഷമാണ് സംയുക്ത ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ സംയുക്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ ജീവിത്തെക്കുറിച്ച് വിവിധ ഭാഷകളിലെ സിനിമാ അനുഭവങ്ങളെക്കുറിച്ചും സംയുക്ത സംസാരിച്ചു. ബിഹൈന്റ്വുഡ്സ് തമിഴിനോടാണ് പ്രതികരണം.

സൂപ്പർ സ്റ്റാർ സിനിമകളിൽ നായികമാർ ചെറിയ വേഷം ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് സംയുക്ത സംസാരിച്ചു. 'ഇപ്പോൾ ഞാൻ വളരുന്ന ഘട്ടത്തിലാണ്. നയൻതാര മാമിന്റെ സ്ഥാനത്തെത്തിയാൾ ആളുകൾ സംസാരിക്കും. കാരണം അതുപോലൊരു യാത്രയായിരുന്നു അവരുടേത്'
'ഇന്ന് സിനിമയിൽ സ്ത്രീകൾക്ക് കൊടുക്കുന്ന പ്രാധാന്യത്തിൽ വ്യത്യാസമുണ്ട്. അതിനൊക്കെയപ്പുറം എല്ലാം സിനിമയ്ക്കും ഒരു ഉദ്ദേശ്യമുണ്ട്. തെരഞ്ഞെടുക്കുമ്പോൾ അത് മനസ്സിലാക്കണം. ഉദാഹരണത്തിന് വാത്തി ചെയ്യുമ്പോൾ എനിക്കറിയാം ചെയ്യാൻ ഒരു നല്ല കഥാപാത്രം ഉണ്ടെന്ന്'

'സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ബാലൻസ് ചെയ്യാൻ പരമാവധി ശ്രമിക്കാറുണ്ട്. കാരണം ഇതിന് മുമ്പൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഒരു സിനിമ ചെയ്ത് റിലീസിന് മുമ്പും ശേഷവും പ്രൊമോഷൻ ചടങ്ങുകളിൽ ഇരിക്കുമ്പോൾ നമ്മുടെ കഥാപാത്രത്തെ പറ്റി ഒന്നും പറയാനില്ലല്ലോ എന്ന തിരിച്ചറിവ് വരും'
'ഒരു സിനിമ ചെയ്യുമ്പോൾ ഞാനൊരു സിനിമ ചെയ്തിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാനാവണം. ഞാൻ സിനിമയിൽ അഭിനയിക്കുന്ന ആളായതിനാൽ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു. ആ പൊസിഷൻ ഞാൻ ആസ്വദിക്കുന്നുണ്ട്'

'കൊമേഴ്ഷ്യൽ സിനിമയ്ക്ക് അത്രയും റീച്ചുണ്ട്. അതും എനിക്ക് എക്സ്പീരിയൻസ് ചെയ്യണം. അതിന് പുറമെ പെർഫോമൻസ് ഓറിയന്റ്ഡ് ആയ സിനിമകളും ചെയ്യണം,' സംയുക്ത പറഞ്ഞു.
വാത്തിയിൽ ഒപ്പമഭിനയിച്ച ധനുഷിനെക്കുറിച്ചും സംയുക്ത സംസാരിച്ചു. 'ധനുഷ് എപ്പോഴും പുസ്തകങ്ങൾ വായിക്കുന്നയാളാണ്. അച്ചടക്കമുള്ള നടനാണ്. ധനുഷിനോടൊപ്പമുള്ള സംസാരം കുറവായിരുന്നു. അളന്ന് മുറിച്ച് സംസാരിക്കുകയെന്ന് പറയുന്നത് പോലെ'

'ഒരിക്കൽ ഞാൻ വളരെ സ്ട്രസിൽ ഇരിക്കുകയയിരുന്നു. വലിയ സിനിമയായതിന്റെ ടെൻഷൻ. അപ്പോൾ അദ്ദേഹം പറഞ്ഞു, നീ നിൽക്കുന്ന സ്ഥാനം എത്രയോ ആളുകൾ സ്വപ്നം കാണുന്നതാണ്. എവിടെയാണോയുള്ളത് അത് ആസ്വദിക്കുകയെന്ന്,' സംയുക്ത പറഞ്ഞതിങ്ങനെ.
തെലുങ്കിലും തമിഴിലും തിരക്കേറി വരികയാണ് സംയുക്തയ്ക്ക്.
മലയാളത്തിൽ കിംഗ് ഓഫ് കോത്തയെന്ന സിനിമയിൽ നടി അഭിനയിക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ മുഴുനീള വേഷം സംയുക്ത ചെയ്തത് ലില്ലി എന്ന സിനിമയിലാണ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.


Click it and Unblock the Notifications











