'ഞാൻ മാറാൻ പോകുന്നില്ല, എന്റെ കാലും കൈയ്യും കാണുന്നതാണ് പലരുടേയും പ്രശ്നം'; സാനിയ അയ്യപ്പൻ!
റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമായിരുന്നു നടി സാനിയ അയ്യപ്പന്റേത്. താരം കൂടുതലും ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്താണ് സമ്മാനം നേടിയത്. പിന്നീട് ബാലതാരമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മമ്മൂട്ടി നായകനായ ബാല്യകാല സഖിയായിരുന്നു ആദ്യ സിനിമ.
ചിത്രത്തിൽ സുഹറ എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായിരുന്നു സാനിയ അവതരിപ്പിച്ചത്. ശേഷം അപ്പോത്തിക്കിരിയിലും ചെറിയൊരു വേഷത്തിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ടു.
ആറ് വർഷത്തോളമായി സിനിമാ മേഖലയിലും മോഡലിങിലും ഡാൻസിലും സജീവമായ സാനിയയുടെ നായികയായുള്ള അരങ്ങേറ്റം ക്വീൻ എന്ന സിനിമയിലൂടെയായിരുന്നു.
ചിത്രത്തിൽ ചിന്നുവെന്ന കോളജ് വിദ്യാർഥിനിയായി അഭിനയിച്ച് സാനിയ പ്രശംസ നേടി. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫിലിംഫെയർ, വനിത, സൈമ അവാർഡുകൾ സാനിയയ്ക്ക് ലഭിച്ചു. ക്വീൻ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഡലിങിലടക്കം നിരവധി അവസരങ്ങൾ സാനിയയ്ക്ക് ലഭിക്കാൻ തുടങ്ങിയത്.
ഷാരിസ് മുഹമ്മദ്, ജെബിൻ എന്നിവരുടെ തിരക്കഥയായിരുന്നു ക്വീനിന്റേത്. സിനിമ സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയും.

ക്യാമ്പസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ സഞ്ചരിച്ചത്. സാനിയയെ കൂടാതെ, ധ്രുവൻ, അശ്വിൻ, എൽദോ മാത്യു, സലീം കുമാർ, ലിയോണ ലിഷോയി തുടങ്ങിയവരും സിനിമയുടെ ഭാഗമായി.
ക്വീനിന് ശേഷം പ്രേതം 2വിലും സകലകലാശാലയിലും സാനിയ അഭിനയിച്ചു. ശേഷമാണ് 2019ൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ലൂസിഫർ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ജാൻവി എന്ന കഥാപാത്രം ചെയ്യാൻ സാനിയയ്ക്ക് അവസരം ലഭിച്ചത്.
മഞ്ജുവാര്യരുടെ മകളായി സാനിയ തകർത്ത് അഭിനയിച്ചു. മോഹൻലാലായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശേഷം പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻ കുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിലും സാനിയ അഭിനയിച്ചു. മോഡലിങ് ചെയ്യുന്ന നടിമാർക്കെതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടക്കുന്ന കാലമാണിത്.
അവനവന് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കണമെങ്കിൽ പോലും മുൻകൂട്ടി സോഷ്യൽമീഡിയയിലെ സദാചാര ആങ്ങളമാരുടെ അനുവാദം വാങ്ങേണ്ട സ്ഥിതിയാണ് സെലിബ്രിറ്റികൾക്ക്. അക്കൂട്ടത്തിൽ അവനവന് ഇഷ്ടമുള്ള വേഷങ്ങൾ ധരിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട നടിമാരിൽ ഒരാളും സാനിയ അയ്യപ്പൻ തന്നെയാണ്.
തന്റെ ചെറിയ കാലയളവിലെ സെലിബ്രിറ്റി ജീവിതം കൊണ്ട് കേൾക്കാവുന്നതിന്റെയെല്ലാം അങ്ങേയറ്റം കേട്ട് കഴിഞ്ഞുവന്നാണ് സാനിയ പറയാറുള്ളത്.

ഇപ്പോൾ ഇത്തരം സൈബർ അറ്റാക്കിനെതിരെ ശക്തമായ പ്രതിഷേധം തന്റെ വാക്കുകളിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സാനിയ. കഴിഞ്ഞ ദിവസം ഒരു മാഗസീന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നവർക്കുള്ള തക്ക മറുപടി സാനിയ നൽകിയത്.
'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു പബ്ലിക്ക് ഫിഗറായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വളറെ കഷ്ടമുള്ള യാത്രയായിരുന്നു.'
'എനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ക്വീൻ എന്ന സിനിമ ഞാൻ ചെയ്യുന്നത്. ഫാഷൻ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ട് അതുമായി ബന്ധപ്പെട്ട പരിപാടികൾ ചെയ്യാറുണ്ട്.'
Recommended Video

'അതുകൊണ്ട് തന്നെ ഞാൻ ഓരോ തവണയും ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടുമ്പോഴും വളരെ മോശമായ സമീപനമാണ് പലരിൽ നിന്നും ഉണ്ടാകുന്നത്. എന്റെ കാല് കാണുന്നതും കൈ കാണുന്നതും പലർക്കും ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.'
'നിരവധി അഭ്യൂസീവ് മെസേജുകളും എനിക്ക് വന്നിട്ടുണ്ട്. കുറെനാൾ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ലെന്ന്. ഇനിയും ഇത് ഉണ്ടാകുമെന്ന് എനിക്ക് മനസിലായി.'
'അതുകൊണ്ട് തന്നെ പെൺകുട്ടികളെ നിങ്ങൾക്ക് എന്തെങ്കിലും സ്വപ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ അതിന് വേണ്ടി ശ്രമിക്കുക. സൊസൈറ്റി നമുക്ക് വേണ്ടി ഒന്നും ചെയ്ത് തരാൻ പോകുന്നില്ല. ഞാൻ എന്തായാലും മാറാൻ പോകുന്നില്ല' സാനിയ അയ്യപ്പൻ പറഞ്ഞു.


Click it and Unblock the Notifications