ഭർത്താവിന്റെ മരണം, എന്റെ മക്കളെ പട്ടിണിക്കിട്ട വീട്ടുകാർ; അന്നാണ് അവരുടെ അമ്മയാവുന്നത്; ശാന്തകുമാരി
ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പിന്നീട് സിനിമകളിലേ കാണാതെയായ ഒരുപിടി അഭിനേതാക്കളുണ്ട്. ഇവരുടെ പേര് പോലും ഒരുപക്ഷെ പ്രേക്ഷകർക്ക് അറിയില്ലായിരിക്കും. പക്ഷെ പല സിനിമകളിലും കണ്ട് മുഖം പരിചിതമായിരിക്കും. ഇത്തരത്തിൽ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്ന നടിയാണ് ശാന്തകുമാരി. സഹനടി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാന്തകുമാരിയെ ഒരുകാലത്ത് തുടരെ സിനിമകളിൽ കണ്ടിരുന്നു. എന്നാൽ പിന്നീട് കുറേക്കാലം സിനിമകളിൽ നിന്ന് ശാന്തകുമാരി അകന്നു.
അടുത്തിടെ പുറത്തിറങ്ങിയ 2018 എന്ന സിനിമയിലൂടെ വീണ്ടും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ശാന്തകുമാരി. ജീവിതത്തിൽ പല പ്രതിസന്ധികളും ശാന്തകുമാരിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചെറുപ്പകാലത്ത് സ്വന്തം വീട്ടിൽ നിന്നും നേരിട്ട അവഗണനയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ചെറിയ വേഷങ്ങളിലാണ് ശാന്തകുമാരിയെ കൂടുതലും കണ്ടിട്ടുണ്ടെങ്കിലും നടിക്ക് 1977 ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഓർമ്മ നടി പങ്കുവെച്ചു. പേപ്പറിലൂടെയാണ് അവാർഡ് ലഭിച്ചത് അറിയുന്നത്. അവാർഡിന് 5000 രൂപയുണ്ട്.
അതുവരെ അഭിനയിക്കാൻ പോവുന്നതിന് എന്നെ അടിക്കുകയും ഇടിക്കുകയും ചെയ്ത അമ്മ എന്നെ കെട്ടിപ്പിടിച്ചു. കൊല്ലാനാണോ എന്നെ കെട്ടിപ്പിടിക്കുന്നതെന്ന സംശയമായിരുന്നു എനിക്ക്. അതുവരെ എന്നെ മോളേ എന്ന് പോലും വിളിച്ചിരുന്നില്ലെന്നും ശാന്തകുമാരി ഓർത്തു.
വിവാഹത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും ശാന്തകുമാരി സംസാരിച്ചു. 'എട്ടാം ക്ലാസ് പാസായപ്പോഴാണ് വിവാഹം നടത്തുന്നത്. പരീക്ഷയുടെ അന്നായിരുന്നു വിവാഹം. അന്ന് അധ്യപകർ വിവാഹത്തെ എതിർത്തതാണ്. കുട്ടിക്ക് വയസറിയിക്കാത്ത പ്രായത്തിൽ കല്യാണം നടത്തരുതെന്ന് പറഞ്ഞു. പക്ഷെ അച്ഛനും അമ്മയും സമ്മതിച്ചില്ല. കല്യാണം കഴിപ്പിച്ച് അയച്ചാലെ അവരുടെ കടമ തീരൂ. അങ്ങനെയാണ് കല്യാണം നടത്തിയത്'
'രണ്ട് പെൺകുട്ടികൾ ജനിച്ചു. കുഞ്ഞ് മലർന്ന് കിടക്കുന്ന പ്രായത്തിലാണ് ഭർത്താവ് മരിക്കുന്നത്. ആ ഭാഗത്തോട്ട് അങ്ങനെയാണെന്ന് തോന്നുന്നു, ഭർത്താവ് മരിച്ചതോടെ ബന്ധങ്ങൾ കാണുന്നില്ല. അവർ തിരിച്ച് വീട്ടിൽ കൊണ്ട് ചെന്നാക്കി,' ശാന്തകുമാരി പറഞ്ഞു.

പതിനേഴ് വയസ്സിനുള്ളിലാണ് രണ്ട് കുട്ടികളുണ്ടായത്. ഞങ്ങൾ എട്ട് സഹോദരികളാണ്. വീട്ടിൽ എല്ലാവരെയും നോക്കാൻ അച്ഛന്റെ തുച്ഛമായ ശമ്പളം കൊണ്ട് ബുദ്ധിമുട്ടായിരുന്നെന്ന് ശാന്തകുമാരി തുറന്ന് പറഞ്ഞു. ചെറിയ പ്രായത്തിൽ അമ്മയായതിനാൽ കുഞ്ഞിന് പാല് കൊടുക്കണം എന്ന് പോലും അറിയില്ലായിരുന്നു. കുഞ്ഞ് കരഞ്ഞാൽ ഇതെന്തിനാ ഇങ്ങനെ കരയുന്നത്? അമ്മേ ഈ കൊച്ചിനെയെടുത്ത് പുറത്തെങ്ങാനും കളയ് എന്ന് താൻ പറയുമായിരുന്നെന്നും നടി ഓർത്തു.
ജോലി ചെയത് സമ്പാദിക്കെന്ന് അമ്മ പറഞ്ഞു. ഭക്ഷണം പോലും കിട്ടുന്നുണ്ടായിരുന്നില്ല. അന്നൊരു ഓണക്കാലമായിരുന്നു. എല്ലാവർക്കും കോടിയെടുത്തു. എനിക്കും കുട്ടികൾക്കും ഓണക്കോടിയില്ല. എനിക്കെടുത്തില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കാശ് തികയില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു നാടകത്തിൽ ഞാൻ പാടി അഭിനയിച്ചു. 35 രൂപ കിട്ടി. ഞാൻ ആദ്യം ചെയ്തത് ഓടിപ്പോയി കുട്ടികൾക്കുള്ള ഉടുപ്പിനുള്ള തുണിയും എനിക്കൊരു ബ്ലൗസിനുള്ള തുണിയും എടുത്തു. അത് പറയുമ്പോൾ തനിക്കിപ്പോഴും അഭിമാനമാണെന്നും നടി വ്യക്തമാക്കി.
പക്ഷെ ആണുങ്ങളുടെയൊപ്പം അഭിനയിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് തല്ല് കിട്ടി. എനിക്ക് ചോറും ചായയുമൊല്ലം നല്ലത് പോലെ തന്നാൽ അഭിനയിക്കാൻ പോന്നില്ലെന്ന് പറഞ്ഞു. അങ്ങനെ നാടകത്തിൽ അഭിനയിച്ച് തുടങ്ങിയെന്നും ശാന്തകുമാരി പറഞ്ഞു.
'പക്ഷെ വീട്ടിലെ അടിക്കും ഇടിക്കും കുറവുണ്ടായിരുന്നില്ല. ഒരു ദിവസം വീട്ടിൽ വരുമ്പോൾ കുട്ടികൾ കരയുന്നു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ നീ ചോദിക്കെന്ന് വീട്ടുകാർ. വിശക്കുന്നെന്ന് മൂത്തകുട്ടി പറഞ്ഞു. ഇവരൊക്കെ ചോറ് തിന്നുന്നു. കുട്ടികൾ വിശന്നിരിക്കുന്നു. ഓടിപ്പോയി പാത്രമൊക്കെ മറിച്ചിട്ടു'
'അന്നാണ് ഇവരുടെ അമ്മയാണെന്ന് ഞാനെന്ന് ഞാനറിയുന്നത്. പിന്നെ പൈസയുണ്ടാക്കണമെന്ന വാശിയായി. അന്ന് തന്നെ പോയി ഒരുപാെതി ചോറ് കടം മേടിച്ച് കൊണ്ടുവന്ന് മൂന്ന് പേരും കൂടി കഴിച്ചു,' ശാന്തകുമാരി പറഞ്ഞു.


Click it and Unblock the Notifications