'മോഹൻലാലിന്റെ വക്കീലായശേഷം എക്സ്പീരിയൻസ്ഡായി, കുറച്ച് ദിവസങ്ങൾ കൊണ്ട് വലിയ സൗഹൃദമുണ്ടായി'; ശാന്തി മായാദേവി!
ജീത്തു ജോസഫിന്റെ മോഹൻലാൽ സിനിമ ദൃശ്യം രണ്ടിലെ സൂപ്പർ ട്വിസ്റ്റുകളിലൊന്ന് സംഭവിച്ചത് കോടതി മുറിയിലാണ്. പ്രതിക്കൂട്ടിൽ നിൽക്കുന്ന ജോർജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ.രേണുകയുടെ മുഖം മലയാളി മറക്കാൻ ഇടയില്ല.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും തിരക്കേറിയ അഭിഭാഷകയായ ശാന്തി മായാദേവിയാണ് ദൃശ്യം 2വിൽ അഡ്വ.രേണുകയായി വേഷമിട്ടത്. തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തിൽ നിന്നുള്ള ശാന്തി പഠനകാലത്ത് സ്വകാര്യ ചാനലിൽ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു.
അച്ഛന്റെ മൂത്ത സഹോദരൻ നെടുമങ്ങാട് കെ.സതീശ് കുമാറിന്റെ പാത പിന്തുടർന്ന് വക്കീൽ കുപ്പായം അണിഞ്ഞതോടെ ചാനൽ അവതാരക വേഷത്തിന് വിടനൽകി. വഞ്ചിയൂർ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. ബാങ്ക് ഉദ്യോഗസ്ഥനായ ഷിജു രാജശേഖറിനെ 2014ൽ വിവാഹം കഴിച്ച താരത്തിന് ഒരു മകളുണ്ട്. ഇപ്പോൾ ദുബായിലാണ് താമസം.

ദൃശ്യം 2വിലൂടെ മലയാളികളുടെ മനസിൽ കയറിയ രേണുകയുടെ ഏറ്റവും പുതിയ സന്തോഷം ലിയോയുടെ വിജയമാണ്. ദളപതി വിജയ്-ലോകേഷ് കനകരാജ് സിനിമ ലിയോയിലും വക്കീലാണ് ശാന്തിയുടെ കഥാപാത്രം. അഭിനേത്രി എന്നതിലുപരി തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി. ജീത്തു ജോസഫിന്റെ അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ സിനിമ നേരിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തിയാണ്.
ലിയോയിൽ കോടതി സീനിൽ ലോകേഷിനെ അസിസ്റ്റ് ചെയ്തതും ശാന്തിയാണ്. ഇപ്പോഴിതാ ലിയോ സിനിമയെ കുറിച്ചും നേരിന്റെ വിശേഷങ്ങളുമെല്ലാം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശാന്തി.
'ദൃശ്യം 2 കണ്ടിട്ടാണ് ലിയോയിലേക്ക് എന്നെ വിളിച്ചത്. പക്ഷെ ഒരു ചെറിയ ശസ്ത്രക്രിയ ഉണ്ടായിരുന്നു. അതിനുശേഷം ഒന്നര മാസത്തോളം ഞാൻ റെസ്റ്റിലായിരുന്നു. സർജറിയും വിശ്രമവും കഴിഞ്ഞപ്പോൾ കശ്മീരിലെ ഷൂട്ടിങ് ലൊക്കേഷനിൽ പോയി ലോകേഷ് സാറിനെ കണ്ടു. കശ്മീരിലും ചെന്നൈയിലുമായിട്ടാണ് എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. ഭയങ്കര കൂളായ സംവിധായകാണ് ലോകേഷ് കനകരാജ്.'
'എന്റെ സീക്വൻസ് കോടതിയിലായതുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ തന്നെ കോടതി സീക്വൻസിൽ മുഴുവൻ നിൽക്കാമോയെന്ന് ചോദിച്ചു. അതുകൊണ്ട് ആ സീക്വൻസ് മുഴുവൻ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാൻ കഴിഞ്ഞു. വിജയ് സാറിനെ ആദ്യമായിട്ടാണ് കാണുന്നതും പരിചയപ്പെടുന്നതും. നേരിൽ കാണാൻ കഴിയും എന്നൊന്നും കരുതിയിട്ടേ ഇല്ല. അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യാൻ കംഫര്‍ട്ടബിളാണ്.'

'ഷോട്ട് ഇല്ലത്തപ്പോൾ നമ്മളോട് വിശേഷങ്ങളൊക്കെ ചോദിക്കും. ജോലിയുടെ കാര്യം കേസുകളുടെ കാര്യം ഒക്കെ ചോദിക്കും. നല്ല കൂളായ വ്യക്തിയാണ്. കുറച്ച് ദിവസങ്ങൾ കൊണ്ട് വലിയ ഒരു സൗഹൃദമാണ് അദ്ദേഹവുമായി ഉണ്ടായത്. എല്ലാവരോടും വളരെ നല്ല പെരുമാറ്റമാണ്. സ്ത്രീകളോടും കുട്ടികളോടുമൊക്കെ നല്ല കെയറോടെയാണ് പെരുമാറുന്നതെന്നും', ശാന്തി പറയുന്നു.
മോഹൻലാലിന്റെ മാത്രമല്ല ഗാനഗന്ധവർവനിൽ മമ്മൂട്ടിയുടെ വക്കീലായും ശാന്തിക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ വക്കീൽ എന്ന വിളി സുഹൃത്തുക്കളിൽ നിന്ന് പോലും കേൾക്കുന്നുണ്ടെന്നാണ് ശാന്തി പറയുന്നത്. 'മമ്മൂക്കയുടെ വക്കീലായപ്പോൾ കുറച്ച് ജൂനിയറായിരുന്നു.'
'ദൃശ്യത്തിൽ ജോർജ് കുട്ടിയുടെ വക്കീലായപ്പോൾ കുറച്ചുകൂടി എക്സ്പീരിയൻസ്ഡ് ആയി. ലിയോയിൽ ഞാൻ സംസാരിച്ചത് ഹിന്ദിയാണ്. അത് സാധാരണ സംസാരഭാഷയിൽ ഉള്ള ഹിന്ദി അല്ല ദേവനാഗരിയാണ്. അത് കാണാതെ പഠിച്ചുവേണം പറയാൻ. പിന്നെ എന്റെ ഡയലോഗിൽ കുറെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. ഞാൻ ഡയലോഗ് പറഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു.'
'ദൃശ്യത്തിന്റെ ഡയലോഗിൽ കുറച്ച് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ലിയോയിലും കുറച്ച് ഡയലോഗ് ഞാൻ ചേർത്തിട്ടുണ്ട്. ദൃശ്യം 2 കഴിഞ്ഞപ്പോൾ നേരിന്റെ തിരക്കഥ എഴുതാൻ പറഞ്ഞത് ജീത്തു ജോസഫ് സാറാണെന്നും', ശാന്തി പറയുന്നു. റാമിലും ഒരു ശ്രദ്ധേയ വേഷത്തിൽ ശാന്തി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications