മോഹന്‍ലാല്‍ അറിയാതെ മോഹന്‍ലാലിന്റെ നായികയായി; അനുഭവം തുറന്നുപറഞ്ഞ് സീമ ജി.നായര്‍
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി.നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ സജീവമായ സീമ ജി.നായര്‍ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 17-ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ സീമ പിന്നീട് സിനിമയിലേക്കും അവിടെ നിന്ന് സീരിയലിലും എത്തുകയായിരുന്നു. അഭിനയത്തിന് പുറമേ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ. ആശ്രയം അന്വേഷിച്ചു വന്ന നിരവധി പേര്‍ക്ക് കൈത്താങ്ങായിട്ടുണ്ട് സീമ. ഇതു തന്നെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നതും.
അടുത്തിടെ സീമ ജി.നായര്‍ അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയിരുന്നു. തന്റെ സിനിമാനുഭവങ്ങളെക്കുറിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ സീമ വിശദീകരിച്ചിരുന്നു. നടി സ്വാസിക അവതാരകയായ പരിപാടിയില്‍ സീമയ്‌ക്കൊപ്പം നടന്‍ കിഷോര്‍ സത്യയും ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ അറിയാതെ മോഹന്‍ലാലിന്റെ നായികയായി താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് സീമ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതിനാല്‍ ലാലേട്ടന്‍ അതോര്‍ക്കുന്നുണ്ടായിരിക്കില്ലെന്നും സീമ കൂട്ടിച്ചേര്‍ക്കുന്നു.
സീമയുടെ വാക്കുകളില്‍ നിന്നും,' ഞാന്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് മോഹന്‍ലാലിന് അറിയില്ല, സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രമായിരുന്നു അത്. മോഹന്‍ലാലിന്റെ ഭാര്യയായി ഒരു കുഞ്ഞിന്റെ അമ്മയായി അഭിനയിക്കുന്ന വേഷമായിരുന്നു അത്. ആ ചിത്രത്തില്‍ അഹല്യ, റഹ്മാന്‍ എന്നിവരൊക്കെ അഭിനയിച്ചിരുന്നു.
അഹല്യ മോഹന്‍ലാലിനെ കാണാനായി വീട്ടില്‍ വരുമ്പോള്‍ വാതില്‍ തുറന്നു കൊടുക്കുന്നതും, ഭാര്യയാണെന്ന സത്യം മനസ്സിലാക്കി പിന്നീട് വിഷമിക്കുന്നതും ഒക്കെയാണ് സീനില്‍. അന്ന് എനിക്ക് 17 വയസേ ഉള്ളൂ. അഭിനയത്തിന്റെ തുടക്കകാലമായിരുന്നു. അന്നത്തെ എന്റെ രൂപത്തില്‍ കണ്ട ലാലേട്ടന് ഒരുപക്ഷേ മനസ്സിലായിക്കാണില്ല. അതുകൊണ്ട് ഞാനാണ് ആ സീനില്‍ അഭിനയിച്ചതെന്ന് ലാലേട്ടന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. പിന്നീട് മഹാസമുദ്രത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. അതില്‍ ലൈലയുടെ സഹോദരിയായാണ് അഭിനയിച്ചത് അന്നെന്നെ അറിയാം. പക്ഷെ, ഇക്കാര്യമൊന്നും മഹാസമുദ്രത്തിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ പറഞ്ഞിട്ടുമില്ല.' സീമ പറയുന്നു.

നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ വഴിയാണ് സീമ ജി.നായര്‍ സീരിയലില്‍ എത്തുന്നത്. അതേക്കുറിച്ച് സീമ ജി.നായര്‍ പറയുന്നതിങ്ങനെ: ''ഉണ്ണി ചേട്ടന്റെ ഭാര്യ ഭവന്‍സ് സ്‌കൂളിലെ ടീച്ചറായിരുന്നു. എന്റെ ചേച്ചിയും അവിടെ ടീച്ചറാണ്. അവര്‍ സുഹൃത്തുക്കളായിരുന്നു. ദൂരദര്‍ശന് വേണ്ടി ഐപ്പ് പാറമ്മേലിന്റെ ചേറപ്പായി കഥകള്‍ സീരിയലാക്കുന്ന സമയം. ഉണ്ണികൃഷ്ണന്‍ ചേട്ടന്റെ അടുത്ത സുഹൃത്തായ വിശ്വംഭരന്‍ സാറാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. ചേറപ്പായിയുടെ ഭാര്യ കൊച്ചൊറോതയുടെ വേഷം ചെയ്യാന്‍ പറ്റിയ ഒരു ആര്‍ട്ടിസ്റ്റിനെ അന്വേഷിക്കുന്നുണ്ട്. സീമയോട് അവരെ പോയി കാണാന്‍ പറയാമോയെന്ന് ഉണ്ണി ചേട്ടന്‍ എന്റെ ചേച്ചിയോട് പറഞ്ഞു.
കളമശ്ശേരിയിലാണ് വിശ്വംഭരന്‍ സാറിന്റെ വീട്. സാര്‍ വീട്ടിലള്ള ഒരു ദിവസം ഞാന്‍ പോയി കണ്ടു. സംവിധായകന്‍ സി.കെ തോമസ് സാറും അവിടെ ഉണ്ടായിരുന്നു. അവര്‍ എന്നെ ആ വേഷത്തിലേക്ക് ഉറപ്പിച്ചു. ചേറപ്പായിയുടെ ഭാര്യയായി അഭിനയിച്ചു. അതിനുശേഷം മധുമോഹന്‍ സാറിന്റെ സീരിയല്‍ ചെയ്തു. മാനസി, ഉദ്യോഗസ്ഥ, സ്‌നേഹസീമ, കാലനും കണ്ടകശനിയും തുടങ്ങി ഒട്ടേറെ സീരിയലുകളിലും ടെലിഫിലിമുകളിലും തുടര്‍ന്ന്് അഭിനയിച്ചു.' സീമ പറയുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സീമ ജി.നായര്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് ഒപ്പം അവസാനം വരെ ഉണ്ടായിരുന്നു സീമ. ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന ശരണ്യയെ സീമയാണ് സഹായിച്ചത്. ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നിരവധി തവണ സീമ ജി.നായര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications