'അന്ന് അനുഭവിച്ച വേദന ഇന്നും എന്റെ നെഞ്ചിലുണ്ട്, സീമയെ ശരണ്യയുടെ പോറ്റമ്മയായിട്ടാണ് എന്നും തോന്നിയിട്ടുള്ളത്'
സിനിമകളിലൂടെയും സീരിയലുകളിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശരണ്യ ശശി. അസുഖബാധിതയായി മരണപ്പെട്ടെങ്കിലും ശരണ്യയുടെ ഓർമകളിലാണ് സീരിയൽ-സിനിമാ ലോകം. വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. ബ്രെയിൻ ട്യൂമറിനോട് പൊരുതി നിരവധി പേർക്ക് അതിജീവനത്തിന്‍റെ പ്രചോദന മാതൃക കാട്ടിയശേഷമാണ് ശരണ്യ ഈ ലോകത്ത് നിന്നും പോയത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യക്ക് 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ടും പതിനൊന്ന് ശസ്ത്രക്രിയകൾ നടന്നിരുന്നു.

നിരവധി തവണ ആത്മവിശ്വാസം കൊണ്ട് ട്യൂമറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശരണ്യ അർബുദബാധിതരുടെ അതിജീവനത്തിന് എന്നും പ്രചോദനമായിരുന്നു. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായി ഡോക്ടർമാരും വിലയിരുത്തിയിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്.
ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ ശരണ്യയായിരുന്നും സംരക്ഷിച്ചിരുന്നത്. അസുഖബാധിതയായി അവശനിലയിലായതോടെ നടി സീമ ജി നായരായിരുന്നു ശരണ്യക്കും കുടുംബത്തിനും താങ്ങായത്.
സീമയുടെ ഇടപെടലിലൂടെയാണ് തിരുവനന്തപുരത്ത് ശരണ്യയുടെ കുടുംബത്തിന് സ്നേഹസീമ എന്ന വീടൊരുങ്ങിയതും. എന്നാൽ അധികകാലം ആ വീട്ടിൽ കഴിയാനുള്ള ഭാഗ്യം ശരണ്യയ്ക്കുണ്ടായില്ല. സീമയോടുള്ള അതിയായ സ്നേഹത്തിന്റെ പുറത്താണ് വീടിന് സ്നേഹസീമയെന്ന പേര് പോലും ശരണ്യ നൽകിയത്. സഹപ്രവർത്തകയായിട്ടല്ല തന്റെ മകളെപ്പോലെയാണ് സീമ ശരണ്യയെ പരിചരിച്ചിരുന്നതും സ്നേഹിച്ചിരുന്നതും.
ശരണ്യയുടെ വേർപാടിന്റെ മൂന്നാം വർഷത്തിലും സീമയുടെ ഉള്ള് നീറുകയാണെന്നത് നടി പങ്കിട്ട കുറിപ്പിൽ നിന്നും വ്യക്തമാണ്. ശരണ്യ മരിച്ച ദിവസം അനുഭവിച്ച അതേ വേദന ഇന്നും തന്റെ നെഞ്ചിലുണ്ടെന്ന് സീമ കുറിച്ചു. എന്റെ പ്രിയപ്പെട്ടവൾ എന്നിൽ നിന്ന് ഒരു ശരീരം മാത്രമായി പോയിട്ട് ഇന്നേക്ക് മൂന്ന് വർഷം. മൂന്ന് വർഷം മുമ്പുള്ള ഈ ദിവസത്തെ കുറിച്ച് ഓർക്കാൻ വയ്യ. എന്നാൽ ഓർക്കാതിരിക്കാൻ പറ്റുമോ..? അതും പറ്റില്ല.

ഇന്നലെയെന്നോണം എല്ലാം മനസിലുണ്ട്. അന്ന് അനുഭവിച്ച അതേ വേദന ഇന്നും എന്റെ നെഞ്ചിലുണ്ട്. എന്റെ മാത്രം അല്ല... നിന്നെ സ്നേഹിച്ച എല്ലാരുടെയും മനസിലുണ്ട്. ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തയായ പോരാളിയായിരുന്നു നീ. ബ്രെയിൻ ട്യൂമർ ഓരോ പ്രാവശ്യവും പിടിമുറുക്കുമ്പോൾ ശക്തമായി അതിനെ എതിരിട്ടുകൊണ്ട് നീ തിരിച്ച് വന്നുകൊണ്ടേയിരുന്നു. ശാരുവും ട്യൂമറും തമ്മിലുള്ള പോരാട്ടം. ഒടുവിൽ എതിരാളി തന്നെ ജയിച്ചു.
എന്നെന്നേക്കുമായി നീ ഞങ്ങളിൽ നിന്നും വിട്ടകന്നു. നിന്നെ ഓർക്കാത്ത ഒരു സെക്കന്റ് പോലും എനിക്കില്ല. എവിടെ തിരിഞ്ഞാലും നിന്റെ കാര്യമാണ്. നിന്റെ അമ്മ ദൂരെയൊരു ക്ഷേത്രത്തിൽ നിനക്കായി പ്രാർത്ഥിക്കാൻ പോയിരിക്കുകയായാണ്.
ഞാനും നിന്റെ ഓർമകളും പേറി തിരുവനന്തപുരത്തിന് വന്നുകൊണ്ടിരിക്കുന്നു. അവിടെ നിനക്ക് വേണ്ടി ഇത്തിരി കാര്യങ്ങളുണ്ട്... മോളേ മിസ് യൂ... എന്നായിരുന്നു സീമയുടെ കുറിപ്പ്. സീമയുടെ കുറിപ്പ് ആരാധകരിലും ദുഖം നിറച്ചുവെന്നത് കമന്റുകളിൽ വ്യക്തമാണ്.
സീമയെ ശരണ്യയുടെ പോറ്റമ്മയായിട്ടാണ് എന്നും തോന്നിയിട്ടുള്ളതെന്നാണ് കമന്റുകളിൽ ഏറെയും. ശരണ്യയെ കാണുമ്പോൾ സീമയുടെ മകളായിട്ട് മാത്രമെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ശരണ്യയുടെ കാര്യത്തിൽ ഒരു പോറ്റമ്മയായിട്ടാണ് എനിക്ക് തോന്നിയത്. നിങ്ങൾക്ക് ഈ ജന്മത്തിൽ നല്ലതേ വരൂ, ലോകത്ത് ശരണ്യ ഇത്രമാത്രം സ്നേഹിച്ച മറ്റൊരു വ്യക്തിയില്ല എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications