'മമ്മൂക്കയ്ക്ക് സുലുവിനെ പേടി..., ശശിയേട്ടൻ പറഞ്ഞാൽ പോലും മമ്മൂക്കയ്ക്ക് എന്നെ കെട്ടിപിടിക്കാൻ പേടിയാണ്'; സീമ!
ബോൾഡ് എന്ന വാക്കിന് ഒരു കാലത്ത് ഏറ്റവും നല്ല ഉദാഹരണമായിരുന്നു നടി സീമ. മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നായിക. പുരോഗമന ചിന്താഗതി മലയാളത്തിലെ സിനിമാപ്രേമികളിൽ ഉണരും മുമ്പ് തന്നെ വെല്ലുവിളി ഉയർത്തുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക് സീമ ജീവൻ നൽകി.
പല നടിമാരും ചെയ്യാൻ മടിച്ച വേഷങ്ങൾ ധൈര്യസമേതം സീമ ചെയ്തു. ജയൻ മുതൽ മമ്മൂട്ടി വരെയുള്ള താരങ്ങളുടെയെല്ലാം നായികയായി. എൺപതുകളിലെ ലേഡി സൂപ്പർ സ്റ്റാർ ഇപ്പോഴും സഹനടിയായി സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഒരു കാലത്ത് സീമ മലയാളികൾക്ക് ഒരു ആവേശമായിരുന്നു. സീമയും ജയനും എക്കാലത്തെയും മികച്ച താര ജോഡികളാണ്. ഐ.വി ശശിയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു താരം. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സീമ.

അമ്പത് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് സീമ. അഭിമുഖങ്ങളിൽ അടക്കം വെട്ടിത്തുറന്നും സരസമായും സംസാരിക്കാറുള്ള സീമ കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ കെട്ടിപിടിക്കേണ്ട സീനുകൾ വരുമ്പോൾ അത് ചെയ്യാൻ മമ്മൂട്ടി എപ്പോഴും മടി കാണിച്ചിരുന്നുവെന്ന് പറയുകയാണ് സീമ.
അതിനുള്ള കാരണവും സീമ വെളിപ്പെടുത്തി. 'ശശിയേട്ടൻ മമ്മൂക്കയോട് തന്നെ എന്നെ കെട്ടിപിടിക്കാൻ പറയാറുണ്ട്. പക്ഷെ മമ്മൂക്ക തയ്യാറാവില്ല. എന്റെ ഭാര്യയാണ് നീ കെട്ടിപിടിക്കൂവെന്ന് ശശിയേട്ടൻ പറഞ്ഞാലും മമ്മൂക്ക ചെയ്യില്ല.'
'അങ്ങനൊരു രീതിയാണ് മമ്മൂക്കയ്ക്ക്. പക്ഷെ ജയനോട് പറയേണ്ട കാര്യമില്ല. അങ്ങേര് കെട്ടിപിടിച്ചോളും. പക്ഷെ മമ്മൂക്കയ്ക്ക് കുഴപ്പമാണ്. കാരണം ജയന് ഭാര്യ ഇല്ല. മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. ഒരു ലിമിറ്റ് വേണ്ടേ... മമ്മൂക്കയ്ക്ക് സുലുവിനെ പേടിയാണ്. പക്ഷെ ജയേട്ടന് ആരെയും പേടിക്കണ്ട', എന്നാണ് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സീമ പറഞ്ഞത്.
ഗായിക റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സീമ അനുഭവം പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ അടുത്തിടെ നടന്ന സുരേഷ് ഗോപി-മാധ്യമപ്രവർത്തക വിവാദവുമായി താരതമ്യപ്പെടുത്തി വരെ ആളുകൾ അഭിപ്രായം കുറിച്ചിട്ടുണ്ട്.

മമ്മൂക്ക അങ്ങനെയാണ്. സുരേഷ് ഗോപിയോട് പറഞ്ഞ് നോക്കൂ കെട്ടിപിടിക്കും, സിനിമാ നടൻമാരിൽ ഒരു പെണ്ണിന് വിശ്വസിക്കാൻ പറ്റിയയാൾ അത് മമ്മൂക്കയാണ്, മമ്മൂക്കയുമൊക്കെ ജീവിതത്തിന് അർഥം കണ്ടെത്തിയവരാണ് എന്നെല്ലാമാണ് കമന്റുകൾ. മലയാള സിനിമയിലെ ഫാമിലി മാൻ ടാഗ് ലൈനിൽ അറിയപ്പെടുന്ന നടനാണ് മമ്മൂട്ടി.
കുടുംബം കഴിഞ്ഞ് മാത്രമെ മമ്മൂട്ടിക്ക് മറ്റ് എന്ത് സന്തോഷവുമുള്ളു. ഷൂട്ടിങിനായി എവിടെപോയാലും വൈകിട്ട് വീട്ടിൽ എത്തിച്ചേരണം എന്നതിനായി മമ്മൂട്ടി പരിശ്രമിക്കും എന്നാണ് സഹപ്രവർത്തകർ തന്നെ പറയാറുള്ളത്. മഹായാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അതിരാത്രം തുടങ്ങി ഒട്ടേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്.
നര്‍ത്തകിയായി അറിയപ്പെട്ടിരുന്ന സീമയുടെ അഭിനയ ജീവിത്തിലെ വഴിത്തിരിവായ ചിത്രം ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ ആയിരുന്നു. അവളുടെ രാവുകള്‍ എന്ന സിനിമയില്‍ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ആം വയസില്‍ സീമ അവതരിപ്പിച്ചത്.
പല നടിമാരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമ എന്ന നടിയെ സംബന്ധിച്ച് അവരുടെ കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി. ഇന്നും സീമയെന്ന പേര് പറയുമ്പോൾ ആരാധകർ ആദ്യം ഓർത്തെടുക്കുന്ന സിനിമ അവളുടെ രാവുകളായിരിക്കും.


Click it and Unblock the Notifications











