'എല്ലാത്തിനോടും ദേഷ്യം, ചെറിയ കാര്യത്തിന് പോലും സഹതാരങ്ങളെ ഒഴിവാക്കും, ശാലിനിയുടെ വാക്കുകൾ വഴിത്തിരിവായി'
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന നടന്മാരിൽ ഒരാളാണ് അജിത്ത് കുമാർ അഥവാ തല അജിത്ത്. വീഴ്ചകളിൽ നിന്നും ഉയർന്ന് വരുന്നിടത്താണ് അജിത്ത് എന്ന നടന്റെ കോൺഫിഡൻസ് മനസിലാക്കേണ്ടത്. സ്വന്തം ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടു. ഒരു പ്രോഗ്രാമിനും പങ്കെടുക്കില്ല. പരസ്യങ്ങളിൽ അഭിനയിക്കാറില്ല.സിംപിൾ ലൈഫ് നയിക്കുന്ന സെലിബ്രിറ്റി. അജിത്തിനെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുന്ന വാക്കാണ് തന്നമ്പിക്കൈ... മലയാളത്തിൽ അതിന് ആത്മവിശ്വാസം എന്നാണ് അർത്ഥം.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ കൂടിയാണ് അജിത്ത്. ഇന്ത്യയിലെ ടോപ് 5 ഫോർമുല റേസർമാരിൽ ഒരാളായിരുന്നു അജിത്ത്. മറ്റ് സൂപ്പർസ്റ്റാറുകളെ അപേക്ഷിച്ച് വളരെ വിരളമായി മാത്രം സിനിമകൾ ചെയ്യുന്നൊരു താരം കൂടിയാണ് അജിത്ത്. ഇപ്പോൾ അജിത്ത് ചെയ്യുന്ന സിനിമകളെല്ലാം ബോക്സ്ഓഫീസിലും വലിയ വിജയം നേടുന്നുണ്ട്.

താരത്തിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആരോട് ചോദിച്ചാലും അജിത്തിനെ കുറിച്ച് നല്ലത് മാത്ര കേൾക്കാൻ സാധിക്കൂ. പരമസാധുവായ സാധാരണക്കാരെപോലും പരിഗണിക്കുന്ന ശാന്തനായ സ്ത്രീകളോട് അതിയായ ബഹുമാനമുള്ള ജെന്റിമാൻ എന്ന വിശേഷണമാണ് അജിത്തിനെ അടുത്തറിയുന്നവർ നൽകിയിരിക്കുന്ന വിശേഷണം. അമരാവതി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
അമരാവതി ചെയ്യുമ്പോൾ അജിത്ത് എന്ന പേര് പോലും സിനിമാപ്രേമികൾക്ക് അറിയില്ലായിരുന്നു. എന്നാൽ അമരാവതിയുടെ റിലീസിന്ശേഷം അദ്ദേഹം അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രം പുറത്ത് വരികയും അജിത്ത് വലിയ രീതിൽ ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഈ ചിത്രം അദ്ദേഹത്തിന് ഒരു വലിയ ഹിറ്റ് സമ്മാനിച്ചു.
ശേഷം അജിത്തിനെ വെച്ച് സിനിമ ചെയ്യാൻ സംവിധായകരുടെ തിരക്കായിരുന്നു. 1999ലാണ് അജിത്തിന്റെ അമർക്കളം പുറത്തിറങ്ങിയത്. നടി ശാലിനിയാണ് ചിത്രത്തിൽ അദ്ദേഹത്തിൻ്റെ ജോഡിയായി അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ ഇരുവരുടെയും പ്രണയത്തിന് തുടക്കമായി. ഒടുവിൽ വിവാഹിതരായി. ഇന്ന് അജിത്ത്-ശാലിനി ജോഡിക്ക് രണ്ട് മക്കളുണ്ട്.
മാതൃകാദമ്പതികളെ കുറിച്ച് ചോദിച്ചാൽ സിനിമാപ്രേമികൾ എപ്പോഴും പറയുന്ന ഒരു ജോഡിയാണ് അജിത്തും ശാലിനിയും. അജിത്ത് ഒരു സാധുവാണെന്ന് എല്ലാവർക്കും അറിയാം. ശാന്തസ്വഭാവക്കാരനും സമാധാനപ്രിയനുമായാണ് അജിത്തിനെ എല്ലാവരും വിശേഷിപ്പിക്കാറ്. എന്നാൽ ഇപ്പോൾ സാധുവായ അജിത്ത് ഒരു കാലത്ത് എന്തിനോടും ദേഷ്യപ്പെടുന്ന പ്രകൃതമുള്ള വ്യക്തിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഷൂട്ടിനിടയിൽ ഒപ്പം അഭിനയിക്കേണ്ട ആർട്ടിസ്റ്റ് വരാൻ വൈകിയാൽ പകരം മറ്റൊരു നടനെ കൊണ്ടുവന്ന് അജിത്ത് സിനിമ പൂർത്തിയാക്കും. എല്ലാത്തിനോടും എന്തിനോടും ദേഷ്യമുള്ള പ്രകൃതമായിരുന്നു. അത് മാറി തുടങ്ങിയത് ശാലിനിയുടെ വരവോടെയാണെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമർക്കളത്തിന് ശേഷം 2004ൽ ആണ് അജിത്ത് അട്ടഹാസം എന്ന സിനിമ ചെയ്തത്. എന്നാൽ ഷൂട്ട് തീർന്നിട്ടും സിനിമയിൽ വലിയ വിശ്വാസം അജിത്തിനുണ്ടായിരുന്നില്ല. പടം പരാജയപ്പെടുമോയെന്ന ടെൻഷനിൽ അജിത്ത് വളരെ അസ്വസ്ഥനായി. ഒരു ദിവസം അജിത്തിനെ ശാലിനി വിളിച്ചു. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ താൻ അട്ടഹാസം സിനിമയെ കുറിച്ച് ആലോചിച്ച് ടെൻഷനിലാണെന്ന് അറിയിച്ചു.
ഉടൻ ശാലിനിമയുടെ മറുപടി വന്നു. 'നിങ്ങൾ സിനിമയിൽ അഭിനയിച്ച് കഴിഞ്ഞു. ഡബ്ബിങും നന്നായി തന്നെ പൂർത്തിയാക്കി. ഇനി ദൈവവും ജനങ്ങളും ചേർന്ന് സിനിമയുടെ വിജയം തീരുമാനിക്കും. നീ സിനിമയിൽ അഭിനയിച്ചു. ഇനി ബാക്കി ദൈവവും ജനങ്ങളും നോക്കട്ടെ..' ശാലിനിയുടെ വാക്കുകൾ കേട്ടപ്പോൾ അജിത്തിന് ഏറെ ആശ്വാസമായി.
അന്ന് മുതൽ താൻ ഏത് സിനിമയിൽ അഭിനയിച്ചാലും അത് വിജയിച്ചാലും ഇല്ലെങ്കിലും അജിത്ത് വിഷമിക്കാറില്ല. മുൻശുണ്ഠിക്കാരനായിരുന്ന അജിത്തിനെ ശാലിനി മെരുക്കിയതും ഇങ്ങനെയാണ്.


Click it and Unblock the Notifications











