പണത്തിന് വേണ്ടി അഭിനയിച്ചിട്ടില്ല, പക്ഷേ മണ്ടത്തരം പറ്റിയിട്ടുണ്ട്! പിന്നീട് കുറ്റബോധം വന്നെന്ന് ഷംന കാസിം
വിവാഹവും പ്രസവവും ഇതിന് പിന്നാലെ അഭിനയവുമൊക്കെയായി തിരക്കിലാണ് നടി ഷംന കാസീം. തെലുങ്കിലും തമിഴിലും പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന നടി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍. പ്രസവം കഴിഞ്ഞിട്ട് അധികമാവുന്നതിന് മുന്‍പേ താന്‍ അഭിനയിക്കാന്‍ തിരിച്ചെത്തിയതിനെ പറ്റിയായിരുന്നു ഷംന സംസാരിച്ചത്.
എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തനിക്ക് പറ്റുന്ന അബദ്ധത്തെ പറ്റി നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരിക്കലും പണം മോഹിച്ച് അഭിനയിക്കാന്‍ പോയിട്ടില്ലെന്നാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഷംന പറയുന്നത്.

ഒരു സമയത്ത് ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുമായിരുന്നു. ഇടയ്ക്ക് നമ്മുടെ ശ്രദ്ധ മാറി പോയപ്പോള്‍ ആവശ്യമില്ലാതെയും ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. കഥകേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതെ ഞാന്‍ ചെയ്‌തൊരു സിനിമയുണ്ടായിരുന്നു. അത് ഏറ്റെടുത്തതിന് ശേഷം എനിക്ക് കുറ്റബോധം ഉണ്ടായി.
എന്നാല്‍ ഇന്നുവരെ പണത്തിന് വേണ്ടി ഞാന്‍ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ ഒരുപാട് അവസരങ്ങള്‍ തെലുങ്കില്‍ ഉണ്ടായിരുന്നു. നായികയായി അഭിനയിക്കുന്നവര്‍ക്ക് അവിടെ ഒരുപാട് അവസരങ്ങള്‍ വരും. അതിനോട് എനിക്ക് താത്പര്യമില്ല. എന്നാല്‍ ഇടയ്ക്ക് നമ്മള്‍ ചില പൊട്ടത്തരങ്ങള്‍ ചെയ്യും. അങ്ങനെ വന്ന സിനിമകളുണ്ട്.
കഥ പറയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാത്തതോ അല്ലെങ്കില്‍ ഓവര്‍ കോണ്‍ഫിഡന്റ് ആയി പോയതോ ആവും. അങ്ങനെ ചെയ്യാനാണെങ്കില്‍ മലയാളത്തില്‍ നിരവധി സിനിമകള്‍ ഉണ്ടാവുമായിരുന്നു. വലിയ സംവിധായകരുടെ സിനിമയിലേക്ക് എന്നെ വിളിക്കാറുണ്ട്. പക്ഷെ എനിക്ക് പ്രത്യേകിച്ച് റോളുകളൊന്നും ഉണ്ടാവില്ല. എങ്കില്‍ പിന്നെ എന്തിനാണ് ചെയ്യുന്നത് എന്നോര്‍ത്ത് നോ പറഞ്ഞിട്ടുണ്ട്. ചെയ്യുകയാണെങ്കില്‍ നല്ലത് ചെയ്യുക. അല്ലാതെ വെറുതേ അഭിനയിക്കാന്‍ വേണ്ടി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് കരുതിയിട്ടുണ്ടെന്ന് ഷംന പറയുന്നു.
സാധാരണ ജീവിതത്തില്‍ നിന്നുമാണ് ഇങ്ങനൊരു ഇന്‍ഡസ്ട്രിയിലേക്ക് ഞാനെത്തിയത്. അതുകൊണ്ട് എനിക്കെല്ലാം നല്ലത് മാത്രാമണ് ഉണ്ടായിട്ടുള്ളത്. നഷ്ടമെന്ന് പറയാന്‍ ഒന്നുമില്ല. എന്നാല്‍ തന്റെ വീക്ക്‌നെസ് വളരെ സെന്‍സിറ്റീവാണെന്നുള്ളതാണ്. ആളുകളെ കണ്ണുമടച്ച് വിശ്വസിക്കും. എത്ര അനുഭവം കിട്ടിയാലും അത് മാത്രം പഠിക്കില്ല. വീണ്ടും ആ പൊട്ടത്തരം തന്നെ കാണിക്കും.

പ്രസവത്തിന് ശേഷം ഞാന്‍ കൂടുതല്‍ സെന്‍സിറ്റീവായി. ഇപ്പോള്‍ ഒന്നും എനിക്ക് കേള്‍ക്കാന്‍ പറ്റില്ല. ആദ്യമൊക്കെ എന്റെ ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ എല്ലാവരും കരുതിയിരുന്നത് ഷംന കാസിമിന് എന്തൊരു അഹങ്കാരമാണെന്നാണ്. അന്ന് ആളുകള്‍ അങ്ങനെ പറയാന്‍ കാരണമുണ്ട്. ചോദിക്കുന്നതിന് മാത്രമുള്ള ഉത്തരങ്ങളെ ഞാനന്ന് പറയുമായിരുന്നുള്ളു. പിന്നെ പിന്നെ അയ്യോ നിങ്ങള്‍ ഇത്രയും സിംപിളാണെന്ന് കരുതിയില്ലെന്ന് പറയാന്‍ തുടങ്ങി.
എന്റെ വസ്ത്രധാരണം കണ്ടും വിധിയെഴുതുന്നവരുണ്ട്. അവളിട്ട ഡ്രസ് കണ്ടോ, എന്തൊരു അഹങ്കാരമാണെന്നൊക്കെ കരുതിയവര്‍ എന്നെ അടുത്തറിഞ്ഞ് തുടങ്ങിയതോടെ മാറി. എന്നാല്‍ കുഞ്ഞിന് ജന്മം കൊടുത്തതിന് പിന്നാലെ കൂടുതല്‍ സെന്‍സിറ്റീവായി. എന്ത് പറഞ്ഞാലും കരയുന്ന അവസ്ഥയായെന്ന് ഷംന പറയുന്നു.
വിവാഹ ജീവിതത്തെ കുറിച്ചും ഷംന സംസാരിച്ചിരുന്നു. 'ഭര്‍ത്താവിന് എന്ത് ഉണ്ടാക്കി കൊടുത്താലും പ്രശ്നമില്ല കുറ്റം പറയാതെ കഴിക്കും. വളരെ അധികം സപ്പോര്‍ട്ടാണ്. ആള്‍ക്ക് പാട്ടും ഡാന്‍സും അഭിനയവും ഒന്നും വശമില്ല. ബിസിനസ് മാത്രമാണ് തലയില്‍. ബാക്കിയൊന്നിനെപറ്റി തനിക്കും വലിയ ധാരണയില്ലെന്നാണ്,' നടി പറയുന്നത്.


Click it and Unblock the Notifications











