'ഇത് കണ്ണൂരിലെ ഒരു ആചാരമാണ്'; ഏഴാം മാസത്തിലെ ചടങ്ങുമായി ഷംന, വിവാഹം അടുത്തിടെയല്ലായിരുന്നോയെന്ന് ആരാധകർ!
2022 ഒക്ടോബർ മാസാവസാനമാണ് ഷംന വിവാഹിതയായത്. ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്
തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നടി ഷംന കാസിം. ഗർഭിണിയാണെങ്കിൽ കൂടിയും നൃത്തവും മറ്റുമായി സിനിമാ-മിനി സ്ക്രീൻ മേഖലയിൽ ഷംന സജീവമാണ്.
വിവാഹത്തോടെ ദുബായിൽ സെറ്റിലായ ഷംനയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് താരത്തിന്റെ യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ പേജുവഴിയുമാണ്. മറ്റുള്ള സെലിബ്രിറ്റികളെ പോലെ തന്നെ ഷംനയും തന്റെ ഗർഭകാല വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അടുത്തിടെയാണ് താരത്തിന്റെ വളകാപ്പ് ബേബി ഷവറും ആഘോഷമായി നടന്നത്. പട്ടുസാരി ചുറ്റി അതീവ സന്തോഷവതിയായി നിൽക്കുന്ന തന്റെ നിറവയർ ചിത്രങ്ങൾ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെപ്പേർ ഷംനയ്ക്ക് ആശംസകളുമായെത്തിയിരുന്നു.
വളകളും മൈലാഞ്ചി ചോപ്പും കൊണ്ട് മനോഹരമാക്കിയ കൈകളും മിതമായി അണിഞ്ഞ സ്വർണാഭരണങ്ങളും കൊണ്ട് വളകാപ്പ് ചടങ്ങിൽ ഷംന സുന്ദരിയായിരുന്നു.

2022 ഒക്ടോബർ മാസാവസാനമാണ് ഷംന വിവാഹിതയായത്. ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. വിവാഹശേഷം ഷംന സിനിമകളിൽ അഭിനയിച്ച് തുടങ്ങിയിട്ടില്ല. ദുബായിയിൽ വെച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിനിയായാണ് ഷംന.
തെലുങ്ക് ഭാഷകളിൽ നടി പൂർണ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. അഞ്ചാം മാസത്തിലേക്ക് എത്തിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം ഷംന ആരാധകരെ അറിയിച്ചത്. ഇപ്പോഴിത തന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷംന.

ഏഴാം മാസത്തിൽ എത്തി നിൽക്കുന്ന ഗർഭിണികൾക്ക് വേണ്ടി കണ്ണൂരിൽ ഒരു ആചാരമുണ്ടെന്നും തന്റെ വീട്ടുകാർ അത് തനിക്ക് വേണ്ടി നടത്തിയെന്നുമാണ് ഷംന വീഡിയോ പങ്കുവെച്ച് കുറിച്ചത്. 'ഇത് കണ്ണൂരിലെ ഒരു ആചാരമാണ്' എന്നൊരു തലക്കെട്ടും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഷംന നൽകിയിട്ടുണ്ട്.
വെളുത്തൊരു മുണ്ട് ഷംനയെ താരത്തിന്റെ ബന്ധുക്കളായ സ്ത്രീകൾ ചേർന്ന് ഉടുപ്പിക്കുന്നതും ശേഷം മുണ്ടിന് പുറത്തായി ഒരു കറുത്ത ചരട് കെട്ടുന്നതും വീഡിയോയിൽ കാണാം.

ചടങ്ങിന്റെ പേര് എന്താണെന്ന് പക്ഷെ ഷംന വെളിപ്പെടുത്തിയിട്ടില്ല. വീഡിയോ കണ്ടവരെല്ലാം തങ്ങൾക്ക് ഇത് പുതിയ അനുഭവമാണെന്നും ഇങ്ങനൊരു ചടങ്ങ് മുമ്പ് കണ്ടിട്ടില്ലെന്നുമെല്ലാം കുറിച്ചു. ചിലർ ഷംന വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടും മുമ്പ് ഗർഭിണിയായതിനെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമല്ലായിരുന്നോ കല്യാണമെന്നാണ് ചിലർ താരത്തെ പരിഹസിച്ച് കുറിച്ചത്. ഷംനയുടെ ഭർത്താവ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് മലപ്പുറം സ്വദേശിയാണെങ്കിലും ദുബായിൽ സ്ഥിരതാമസമാണ്.

ദുബായിലെ ഒരു ചടങ്ങിനിടെ ഷാനിദിനെ കണ്ടുമുട്ടിയെന്നും ദുബായിലെ ഗോൾഡൻ വിസ നടപടിക്രമങ്ങൾ സംബന്ധിച്ച് ഷാനിദുമായി നേരത്തെ സംസാരിച്ചിരുന്നുവെന്നും ഷംന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം തെലുങ്കിൽ അടക്കം ആരാധകരെ സമ്പാദിച്ചത്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന ലൈം ലൈറ്റിലേക്ക് എത്തിയത്. പിന്നീട് മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഷംന കാസിം. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് ഷംന കാസിം അവസാനമായി അഭിനയിച്ചത്.
അഖണ്ഡ, തലൈവി, സവരകത്തി, ആവുനു തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ശേഷം പിസാസു 2, അമ്മായി, ബാക്ക് ഡോർ തുടങ്ങിയ ഷംനയുടെ സിനിമകൾ വരാനിരിക്കുന്നു.


Click it and Unblock the Notifications