'കുഞ്ഞിന്റെ ഫോട്ടോകൾ എടുക്കുന്നതിന് എതിർപ്പുണ്ടായിരുന്നു, ഇത് എന്റെ സന്തോഷത്തിന് വേണ്ടിയാണ്'; മകനൊപ്പം ഷംന!
സോഷ്യൽമീഡിയയിൽ ഏറെ സജീവമായിട്ടുള്ള സെലിബ്രിറ്റിയാണ് ഷംന കാസിം. അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ വർഷമായിരുന്നു ഷംനയുടെ വിവാഹം. ദുബായിലെ ആശുപത്രിയിലായിരുന്നു ഷംനയുടെ പ്രസവം. ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. വിവാഹത്തോടെ ദുബായിൽ സ്ഥിര താമസമാണ് ഷംന. വിവാഹശേഷവും അഭിനയത്തിൽ സജീവമായ ഷംന പ്രസവത്തിന് കുറച്ച് നാൾ മുമ്പ് വരേയും അഭിനയവും നൃത്തവും എല്ലാമായി സജീവമായിരുന്നു.

മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടിയാണ് ഷംന. അന്യ ഭാഷകളിൽ പൂർണ എന്ന പേര് കൂടി നടിക്കുണ്ട്. തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി മൈ സെൽഫ് ചിന്നാട്ടി എന്ന പേരിൽ ഒരു യുട്യൂബ് ചാനലും ഷംനയ്ക്കുണ്ട്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള എല്ലാ വിശേഷങ്ങളും ഷംന ആ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്.
മകന് ഹംദാൻ ആസിഫ് അലി എന്നാണ് ഷംനയും ഭർത്താവും പേരിട്ടിരിക്കുന്നത്. അടുത്തിടെയാണ് കുഞ്ഞിന്റെ പേര് സോഷ്യൽമീഡിയ വഴി വെളിപ്പെടുത്തിയത്. പ്രസവത്തെ തുടർന്നുള്ള ശുശ്രൂഷകളും മറ്റുമായി യുട്യൂബ് വീഡിയോകൾ ചെയ്യുന്നതിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.
ഇപ്പോഴിത ഒരിടവേളയ്ക്ക് ശേഷം വീണ്ടും വളരെ സ്പെഷ്യലായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷംന കാസിം. മകന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ ഷംന പങ്കുവെച്ചിരിക്കുന്നത്. മുടി കളയുന്നതിന് മുന്നോടിയായി മകന്റെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു ഷംന. അതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ ഉള്ളത്.
ഒപ്പം പ്രസവം എത്തരത്തിലുള്ളതായിരുന്നുവെന്നും ഷംന വിശദീകരിച്ചു. ഹംദു എന്നാണ് ഷംന കുഞ്ഞിനെ ഓമനിച്ച് വിളിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്റെ പ്രസവം നടന്ന ആശുപത്രിയിലെ തന്റെ പ്രിയപ്പെട്ട ഡോക്‌ടർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഷംന സംസാരിച്ച് തുടങ്ങുന്നത്. 'ഒരുപാട് സന്തോഷമുണ്ട്. എല്ലാവരുടേയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി.'

'ഡെലിവറി നോർമലായിരുന്നു. അതൊരു പ്രത്യേക അനുഭവമായിരുന്നു. പലരും എന്നോട് ചോദിച്ചിരുന്നു ഡെലിവറി സിസേറിയനായിരുന്നുവോ നോർമലായിരുന്നുവോയെന്ന്. നോർമൽ തന്നെയായിരുന്നു. അതിന്റെ അനുഭവങ്ങൾ മറ്റൊരു വീഡിയോയിൽ പങ്കുവെക്കുന്നതായിരിക്കും. എന്റെ കുഞ്ഞിന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വീഡിയോയാണ് നിങ്ങൾ കാണാൻ പോകുന്നത്.'
'കുഞ്ഞിന്റെ ആദ്യത്തെ മുടി എടുക്കാൻ പോവുകയാണ്. അതിന് മുമ്പ് ഒരു ഫോട്ടോഷൂട്ട് നടത്തണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കുഞ്ഞിന്റെ ഫോട്ടോസ് എടുക്കുന്നതിന് വീട്ടിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷെ ഈ ഫോട്ടോകൾ ഞാൻ ഇപ്പോൾ പങ്കുവെക്കില്ല. നാൽപ്പത് ദിവസം കഴിഞ്ഞ് കാണിക്കും. സെലിബ്രിറ്റിയായതുകൊണ്ട് കാണിക്കാത്തത് അല്ല.'
'നാൽപ്പത് കഴിഞ്ഞ് കാണിക്കുന്നതാണ് ശരിയെന്ന് എനിക്ക് തോന്നുന്നുണ്ട് അതുകൊണ്ടാണ്' ഷംന പറഞ്ഞു. ഒരു വനിതാ ഫോട്ടോഗ്രാഫർ എത്തി ഹംദുവിനെ മിനുമിനുത്ത തുണിയിൽ പൊതിഞ്ഞ് തുറന്ന കൊട്ടയിൽ വെച്ചാണ് മനോഹരമായ ഫോട്ടോഷൂട്ട് നടത്തിയത്. ഒപ്പം അവന്റെ അമ്മയായ ഷംനയുമുണ്ട്. വളരെ ലളിതമായ ഷൂട്ടാണ് ഷംന ഒരുക്കിയത്. കുഞ്ഞുവാവയുടെ മുഖം സ്മൈലി കൊണ്ട് മറച്ച് പിടിച്ചാണ് ഷംന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്ത് എത്തിയത്. കോളേജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ വ്ലോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദസറയാണ് ഷംനയുടേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.


Click it and Unblock the Notifications