'മല്ലിക സുകുമാരന്റെ വീട്ടിൽ നിന്നും ഫോൺ വിളിച്ച് ശല്യപ്പെടുത്തൽ; പൊലീസ് ഇടപെട്ടപ്പോഴാണ് ആളെ മനസ്സിലായത്'
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ഷീല, ശാരദ, ജയഭാരതി എന്നീ നടിമാർ നിറഞ്ഞ് നിന്ന കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളിൽ ഷീല അഭിനയിച്ചു. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകർ കാണുന്നത്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്.
ഏറെ നാളുകൾക്ക് ശേഷം ഷീല അഭിനയിക്കുന്ന സിനിമയാണ് അനുരാഗം. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഷീല. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഒരു ആരാധകനെക്കുറിച്ചുള്ള രസകരമായ സംഭവ കഥ വിവരിച്ചിരിക്കുകയാണ് ഷീല. 'ഞാനെവിടെയെങ്കിലും വലിയ ഫങ്ഷനൊക്കെ പോവുമ്പോൾ ഞാൻ വിചാരിക്കും ലൈറ്റൊക്കെ പോയി പെട്ടെന്ന് ജനങ്ങളെല്ലാം കൂടെ കയറിയങ്ങ് വന്നാൽ നമ്മൾ എന്ത് ചെയ്യുമെന്ന്'

തുണിയൊക്കെ വിരിച്ച മേശയുടെ അടിയിൽ കയറി ഇരിക്കാമെന്ന് കരുതും. അങ്ങനെ ഒരിക്കൽ ഇരുന്നിട്ട് പോലുമുണ്ട്. സ്റ്റേജിലോട്ട് എല്ലാവരും കൂടെ ഓടി വന്നു. ഞാനാണെന്ന് വിചാരിച്ച് വേറെയാരൊക്കെയോ അവർ കെട്ടിപ്പിടിച്ചു. ഞാൻ ഇതിനകത്താണ് ഇരിക്കുന്നത്. കുറച്ച് നേരത്തിനുള്ളിൽ ലൈറ്റ് വന്നു. അപ്പോഴേക്കും പൊലീസെത്തിയപ്പോൾ ഞാൻ പതുക്കെ അതിൽ നിന്നും കയറി വന്നു.
'അന്നൊക്കെ ഒരുപാട് കത്തുകൾ വരും. ഒരു ദിവസം പത്ത് നൂറ്റമ്പത് ലെറ്ററുകൾ വരും എനിക്ക്. ഞാനിത് വലിയ സഞ്ചിയിലാക്കി ഷൂട്ടിംഗിനിടയിൽ വായിക്കും. എനിക്കൊരു നേരംപോക്ക് ഈ ലെറ്ററൊക്കെ വായിക്കുന്നതായിരുന്നു. അതിൽ ഒരാൾ എഴുതിയ ലെറ്ററിൽ എഴുതിയത് നീ എന്താ മധുവിനെ അത്രയും കെട്ടിപ്പിടിച്ച് അഭിനയിച്ചത്? എനിക്കിഷ്ടപ്പെട്ടില്ല. നസീറിന്റെ നെഞ്ചിൽ നീ ചാഞ്ഞ് കിടന്ന് അഭിനയിക്കുന്നു'

'അത് വേണ്ട കേട്ടോ. അതങ്ങ് നിർത്തിക്കോ ഇങ്ങനെയൊക്കെ പറഞ്ഞ് വഴക്ക്. പിന്നെ അയാൾ പറഞ്ഞു ഓണത്തിന് ഡ്രസ് അയക്കുന്നുണ്ട്, എന്തായാലും അതിട്ടേക്കണം എന്ന്. ഞങ്ങളുടെ വീട്ടിന് പുറത്ത് വലിയൊരു ആൽമരം ഉണ്ടായിരുന്നു. അതിന്റെ മുന്നിൽ വെക്കാമെന്നാണ് പറഞ്ഞത്. പാവയ്ക്ക് പോലും ഇടാൻ പറ്റാത്ത ചെറിയ തുണിയായിരുന്നു'
'ഞാനതെടുത്ത് വെച്ച് ചിരിച്ചു. പിന്നെ ശല്യമായി. എന്റെ വീട്ടിലെ നമ്പറെങ്ങനെയോ കിട്ടി. ഫോണിൽ കൂടെ ശല്യമായി. രാത്രി പന്ത്രണ്ട് മണിക്കൊക്കെയാണ് വിളി. ഷൂട്ടിംഗ് തീർന്ന് വന്ന് ക്ഷീണിച്ച് കിടക്കുന്ന സമയമായിരിക്കും. അപ്പോൾ ഞാൻ പൊലീസിൽ പരാതി കൊടുത്തു. കണ്ട് പിടിച്ചപ്പോൾ നടി മല്ലിക സുകുമാരന്റെ വീട്ടിൽ നിന്നാണ് കോൾ വരുന്നത്'
'ഫോണെടുത്ത് സംസാരിക്കണമെന്ന് പൊലീസ് എന്നോട് പറഞ്ഞു. രാത്രി എനിക്കൊന്ന് കാണണമെന്ന് ഞാൻ ഫോണിൽ പറഞ്ഞു. പിറ്റേ ദിവസം രാവിലെ മഞ്ഞക്കളർ പാന്റും, പച്ചക്കളർ ഷർട്ടും മഞ്ഞക്കളർ കൂളിംഗ് ഗ്ലാസും വെച്ച് വന്നു. എന്തായിത് കോമാളിയെ പോലൊരാൾ നിൽക്കുന്നെന്ന് ഞാൻ വിചാരിച്ചു'
വീഡിയോ ചുവടെ കാണാം.
'വാച്ച്മാൻ ആരാണെന്ന് ചോദിച്ചപ്പോൾ വരാൻ പറഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞു. അപ്പോളെനിക്ക് മനസ്സിലായി. ഉടനെ ബ്രദറെല്ലാം ഓടിപ്പോയ് അവനെ പിടിച്ച് തല്ലി. ഞാൻ പറഞ്ഞു, അയ്യോ വേണ്ടെന്ന്. മല്ലിക സുകുമാരന്റെ വീട്ടിലെ കുക്കാണിവൻ. അവർ രാത്രി കിടുന്നറങ്ങുമ്പോഴാണ് ഫോൺ ചെയ്യുന്നത്,' ഷീല പറഞ്ഞു. ചെന്നെെയിൽ സ്ഥിരതാമസക്കാരിയായ ഷീല വല്ലപ്പോഴുമാണ് കേരളത്തിലേക്ക് വരുന്നത്. തുടരെ സിനിമകളിൽ ഇപ്പോൾ ഷീല അഭിനയിക്കുന്നില്ല.


Click it and Unblock the Notifications