അഞ്ച് സഹോദരങ്ങൾ മരിച്ചു; ആ സഹോദരന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല; ഷീല പറയുന്നു
മലയാള സിനിമയിൽ നടി ഷീലയ്ക്കുള്ള സ്ഥാനം ചെറുതല്ല. ഒരു കാലത്ത് അഭിനയ സരസ്വതി എന്ന പേരിൽ സിനിമാ ലോകത്ത് അറിയപ്പെട്ട ഷീല ഒട്ടനവധി കഥാപാത്രങ്ങൾ സിനിമകളിൽ ചെയ്തു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിലാണ് ഷീല നായിക നടിയായി തിളങ്ങിയത്. മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമകളായപ്പോൾ അതിലെ നായിക നടി ഷീലയായിരുന്നെന്നതും പ്രത്യേകതയാണ്. ഷീലയ്ക്ക് ശേഷം അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ ലഭിച്ച നടിമാർ കുറവാണെന്ന് സിനിമാ ലോകത്ത് പൊതുവെ അഭിപ്രായമുണ്ട്.
നായികമാരുടെ സുവർണ കാലഘട്ടമായാണ് ഷീലയുൾപ്പെടെയുള്ള നടിമാർ അഭിനയിച്ച കാലഘട്ടം ഇന്നും അറിയപ്പെടുന്നത്. മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ തരംഗം വന്ന് നായിക നടിമാർക്ക് പ്രാധാന്യം കുറയുന്നതാണ് പിൽക്കാലത്ത് കണ്ടത്. വിവാഹ ശേഷവും അമ്മയായ ശേഷവും ഷീലയുടെ കരിയർ ഗ്രാഫിൽ താഴ്ച വന്നില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ മകനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി അഭിനയ രംഗത്ത് നിന്നും ഷീല പിൻവാങ്ങി. ഏറെനാൾ ഷീല സിനിമാ ലോകത്ത് നിന്നും മാറി നിന്നു. വർഷങ്ങൾക്ക് ശേഷമാണ് മനസ്സിനക്കരെ എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയത്. അനുരാഗം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുകയാണ് നടി.

ഇന്ത്യാ ഗ്ലിറ്റ്സിന് നൽകി അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സഹോദരങ്ങളുടെ മരണത്തെക്കുറിച്ചാണ് ഷീല സംസാരിച്ചത്. ഷീലയടക്കം പത്ത് മക്കളായിരുന്നു നടിയുടെ അച്ഛനും അമ്മയ്ക്കും. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് ഷീല അഭിനയ രംഗത്തേക്ക് വരുന്നത്. തന്റെ സഹോദരങ്ങളെല്ലാം നല്ല നിലയിലെത്തിയെന്നും ഷീല വ്യക്തമാക്കി.
'അഞ്ച് പേർ മരിച്ചു. അവരെല്ലാം ഇന്ന് എന്നേക്കാൾ നല്ല നിലയിലാണ്. ഞാൻ ജോലി ചെയ്ത് അവരെ വളർത്തി. അമ്മയുമാണ് വളർത്തിയത്. എന്റെ അമ്മ ഒരു മണ്ടിയായിരുന്നു. എന്നെപ്പോലെ. അങ്ങനെ കഴിവുള്ള അമ്മയല്ലായിരുന്നു. അഞ്ചാമത്തെ സഹോദരൻ മരിച്ചത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇപ്പോഴും എന്നോട് ഞങ്ങൾ ആറ് പേരാണെന്ന് പറഞ്ഞ് പോവും,' ഷീല പറഞ്ഞു.
ചെന്നെെെയിൽ തന്നെ സ്ഥിര താമസമാക്കിയതിനെക്കുറിച്ച് ഷീല സംസാരിച്ചു. 'അന്ന് എല്ലാ സിനിമകളുടെ ഷൂട്ടിംഗും ചെന്നെെയിലാണ് നടക്കുന്നത്. നടിമാരായതിനാൽ കുടുംബത്തോടെയാണ് വരിക. ഞങ്ങളെല്ലാവരും കുടുംബത്തോടെ ചെന്നെെയ്ക്ക് വന്നു. നായകൻമാരെല്ലാം കേരളത്തിലായിരുന്നു. അവരുടെ ഭാര്യയും മക്കളുമെല്ലാം ഇവിടെ ആയിരുന്നു'
'അവർക്ക് കിട്ടുന്ന കാശെല്ലാം അവർ കേരളത്തിൽ ഇൻവെസ്റ്റ് ചെയ്തു. ഞങ്ങൾക്ക് കിട്ടുന്ന കാശെല്ലാം നിലങ്ങളായി മേടിച്ചു. വീടെല്ലാം അവിടെയാണ് വെച്ചത്. സഹോദരങ്ങളെയെല്ലാം കെട്ടിച്ചത്. എന്റെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. എന്റെ മകൻ ആ നിലങ്ങളിലെല്ലാം വീടു കെട്ടി റിയൽ എസ്റ്റേറ്റായി. ബിസിനസുകളെല്ലാം അവിടെയായി,' ഷീല പറഞ്ഞു.

ഒരു ആരാധകൻ തന്നോട് ബഹുമാനത്തോടെ പെരുമാറിയതിനെക്കുറിച്ചും ഷീല സംസാരിച്ചു. 'അടുത്തിടെ ഒരു സ്ഥലത്ത് പോയി വരുമ്പോൾ റെയിൽവേ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തേണ്ടി വന്നു. ഞാൻ നോക്കുമ്പോൾ ചായക്കടയിലെ ഒരാൾ വന്ന് സിഗരറ്റ് കത്തിച്ച് വലിച്ചോണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ പെട്ടെന്ന് സിഗരറ്റ് താഴെയിട്ട് അമ്മായെന്ന് പറഞ്ഞ് ഓടി വന്നു. അന്നാണ് ഞാൻ വിചാരിച്ചത് എന്തൊരു അനുഗ്രഹിക്കപ്പെട്ട സ്ത്രീയാണ് ഞാനെന്ന്,' ഷീല ഓർത്തു.
മനസ്സിനക്കരെ, അകലെ തുടങ്ങിയ സിനിമകളിലൂടെയാണ് ഷീല മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന അമ്മ കഥാപാത്രങ്ങളാണ് ഷീലയ്ക്ക് ലഭിച്ചതെന്നും ശ്രദ്ധേയമാണ്. തനിക്ക് പ്രാധാന്യമുള്ള സിനിമകളിലേ ഇനി അഭിനയിക്കൂയെന്ന് ഷീല മുൻപും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications