ആരും കാണാതെ ഒളിച്ചാണ് നസീര്‍ സാറിനൊപ്പം പോയത്! ഒടുവില്‍ മതില്‍ ചാടി പോരേണ്ടി വന്നുവെന്ന് നടി ഷീല
ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് റെക്കോര്‍ഡ് ഇട്ടവരാണ് പ്രേം നസീറും ഷീലയും. നൂറ്റിമുപ്പതോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് താരങ്ങള്‍ക്ക് ലഭിച്ചത്. എല്ലാ കാലത്തെയും മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്.
എന്തുകൊണ്ടാണ് നസീറും ഷീലയും ഇത്രയധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ആ കെമിസ്ട്രി ഇഷ്ടമായത് കൊണ്ടാണെന്നാണ് ഷീല പറയുന്നത്. മാത്രമല്ല നസീറിന്റെ പേരിനൊപ്പം തന്റെ പേര് കൂടി ചേര്‍ത്ത് അക്കാലത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ടെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു.

നസീര്‍ സാര്‍ നിരവധി നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ചത് ഞങ്ങളായിരുന്നു എന്ന് മാത്രം. എല്ലാവര്‍ക്കും ഞങ്ങളുടെ ജോഡി ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് നിര്‍മ്മാതാക്കള്‍ ആ രസതന്ത്രം വീണ്ടും ചേര്‍ത്തു വച്ച് പടമെടുത്തത്.
സൂപ്പര്‍ താരമാണെങ്കിലും നായകനായി മാത്രമേ സിനിമ ചെയ്യുകയുള്ളൂ എന്ന വാശി നസീര്‍ സാറിന് തീരെ ഇല്ലായിരുന്നു. നായകനായും വില്ലനായും ഹാസ്യതാരമായിട്ടുമൊക്കെ അദ്ദേഹം അഭിനയിച്ചു. ചില സിനിമകളില്‍ എന്റെ മകനായിട്ടും മരുമകനായിട്ടും വരെ അദ്ദേഹം വേഷമിട്ടുവെന്നും ഷീല പറയുന്നു.
അതേ സമയം നസീറും ഷീലയും പ്രണയത്തിലാണെന്ന തരത്തില്‍ അക്കാലത്ത് പ്രചരിച്ച ഗോസിപ്പുകള്‍ക്കും നടി വിശദീകരണം നല്‍കി. 'കുറെ പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായിട്ടും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വരും. അവര്‍ ഞങ്ങളെ കണ്ടു കണ്ടു മനസ്സില്‍ പതിഞ്ഞ പോയത് കൊണ്ടാണ്.
അതുപോലെ ഇത്രയധികം സിനിമകളില്‍ നായിക നായകന്മാരായപ്പോള്‍ ഞങ്ങളെ കുറിച്ചും ഗോസിപ്പുകള്‍ പറഞ്ഞിട്ടുണ്ടാവും. പക്ഷേ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല. അന്ന് ഇത്രയധികം പത്രങ്ങളോ മറ്റു മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ? അതിനുള്ള ധൈര്യം അവര്‍ക്ക് കാണുമോന്ന് ഷീല ചോദിക്കുന്നു.
മികച്ച നടന്‍ മാത്രമല്ല നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു നസീര്‍ സാര്‍. എല്ലാവരെയും സഹായിക്കാന്‍ മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം. ഒരിക്കല്‍ പോലും അദ്ദേഹത്തെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എല്ലാം തികഞ്ഞൊഒരു മനുഷ്യ പിറവി അതാണ് പ്രേം നസീര്‍.

അക്കാലത്ത് സിനിമ ചിത്രീകരണം കേരളത്തില്‍ നടക്കാറില്ലാത്തതിനെ കുറിച്ചും ഷീല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'പണ്ട് കേരളത്തില്‍ സിനിമ ചിത്രീകരണം വളരെ അപൂര്‍വ്വമാണ്. അന്ന് സിനിമകളുടെ തട്ടകം മദ്രാസ് ആയിരുന്നു. താരങ്ങള്‍ താമസിക്കുന്നതും അവിടെയാണ്. വല്ലപ്പോഴും പാട്ട് സീന്‍ എടുക്കാന്‍ മാത്രമാണ് കേരളത്തിലേക്ക് പോകുന്നത്. അത് കേരളത്തനിമ കൊണ്ടുവരാന്‍ തെങ്ങും മറ്റു സീനുകളും ചിത്രീകരിക്കാനാണ്.
ആ സമയത്ത് നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടാവും. ഒരിക്കല്‍ ചിത്രീകരണത്തിനിടെ ലഭിച്ച ബ്രേക്ക് സമയത്ത് നസീര്‍ സാര്‍, അടൂര്‍ ഭാസി ഇവരുടെ ഒക്കെ കൂടെ ഞാനും ഒരു സിനിമ കാണാന്‍ പോയി. ഞങ്ങള്‍ തന്നെ അഭിനയിച്ച സിനിമയായിരുന്നു അത്. തലയില്‍ മുണ്ട് ഇട്ട് മുഖം മറച്ചിട്ടുമാണ് അന്ന് സിനിമയ്ക്ക് പോയത്. തിയേറ്ററിന് അകത്ത് ലൈറ്റ് ഓഫ് ആയതിന് ശേഷമാണ് കയറിയത്. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ എല്ലാം തീര്‍ന്നു.
സിനിമ കാണാന്‍ വന്ന എല്ലാവരും ഞങ്ങളെ കാണാന്‍ അടുത്തു കൂടി. തീയറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ അന്ന് രക്ഷപ്പെടുത്തിയത്. ആക്ഷന്‍ സിനിമകളിലൊക്കെ കാണുന്ന പോലെ രംഗമായിരുന്നു പിന്നെ സംഭവിച്ചത്. മതിലൊക്കെ ചാടി വീടിന്റെ ടെറസില്‍ വലിഞ്ഞു കേറി അവിടുന്ന് ചാടി ഒക്കെയാണ് ഞങ്ങളെല്ലാവരും കാറിനടുത്തേക്ക് എത്തിയത്. അന്നത്തെ ആളുകളുടെ ആരാധന അത്രത്തോളം ആയിരുന്നെന്ന് ഷീല പറയുന്നു


Click it and Unblock the Notifications











