'ആ സിനിമയില്‍ എന്നെ രണ്ടാംതരക്കാരിയാക്കി; ഇറങ്ങിപ്പോരാന്‍ തീരുമാനിച്ചതാണ്, പക്ഷെ നിര്‍മ്മാതാവ് കാല് പിടിച്ചു'
ഒരുകാലത്ത് മലയാളത്തിന്റെ നായികാസങ്കല്പമായിരുന്നു നടി ഷീല. നിത്യഹരിത നായകന്‍ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ച ഷീലയുടെ റെക്കോര്‍ഡ് ഇന്നും ആരും തിരുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളിയുടെ മനസ്സില്‍ ഇന്നും ഷീലയ്ക്ക് സ്ഥാനമുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തിന് ഷീല ഇടവേള നല്‍കിയിരുന്നുവെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ഷീല ഒരു തിരിച്ചുവരവ് നടത്തിയത്. തുടര്‍ന്ന് ഏതാനും മലയാളചിത്രങ്ങളില്‍ കൂടി അഭിനയിച്ചിരുന്നു. അമ്മയായും മകളായും കാമുകിയായും കോളെജ് കുമാരിയായും ഭാര്യയായും ഒരു കാലത്ത് നിറഞ്ഞുനിന്ന ഷീല തന്റെ വിശ്രമകാലം ആസ്വദിക്കുകയാണിപ്പോള്‍.

1968-ല്‍ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തില്‍ ഷീല അഭിനയിച്ചെങ്കിലും ഇതുവരെ കണ്ടിട്ടില്ല. അതേക്കുറിച്ചുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ താരം. കൈരളി ടിവിയിലെ ജെ.ബി. ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷീലയുടെ ഈ വെളിപ്പെടുത്തല്‍.
ഷീല അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:' സെറ്റില്‍ നിന്ന് സെറ്റിലേക്ക് ഓടുന്നതിനിടെയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. ഞാന്‍ സിനിമയുടെ തിരക്കഥയൊന്നും വായിച്ചു നോക്കിയിരുന്നില്ല. നിര്‍മ്മാതാവ് ഹരി പോത്തന്‍ അന്ന് വല്ലാതെ കഷ്ടപ്പെട്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് ഡേറ്റ് കൊടുത്തത്.

ഉച്ചകഴിഞ്ഞ് 2 മുതല്‍ 9 വരെയുള്ള സമയത്തായിരുന്നു ഷൂട്ടിന് സമയം കൊടുത്തിരുന്നത്. ഞാന്‍ ഒരുങ്ങി വന്ന് ആദ്യ ഷോട്ട് എടുത്തപ്പോള്‍ തന്നെ എനിക്ക് കാര്യം പിടികിട്ടി. അപ്പോള്‍തന്നെ ഞാന്‍ ഇറങ്ങിപ്പോന്നു. പക്ഷെ, ഉടനെ തന്നെ തോപ്പില്‍ ഭാസിയും ഹരി പോത്തനുമെല്ലാം എന്റെ പിന്നാലെ ഓടിവന്നു. നല്ല കാലത്തൊക്കെ എന്റെ കൂടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ബുദ്ധിമുട്ട് വരുമ്പോള്‍ എന്നെ കൈവിടല്ലേ എന്നു പറഞ്ഞായിരുന്നു അദ്ദേഹം എന്നെ തിരിച്ചുവിളിച്ചത്.
അദ്ദേഹത്തിന്റെ ആ വാക്കില്‍ അഭിനയിച്ചു കൊടുത്ത പടമായിരുന്നു തുലാഭാരം. പക്ഷെ, ഇതുവരെ ആ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ആ നിര്‍മ്മാതാവിനെ സഹായിക്കാന്‍ വേണ്ടിയാണ് സിനിമ ചെയ്തത്.

സിനിമയില്‍ എന്നെ രണ്ടാം തരക്കാരിയാക്കി കാണിക്കുന്നത് ഇഷ്ടമുള്ള സംഗതിയല്ല. ഞാനെപ്പോഴും സിനിമയില്‍ ഒരു രാജ്ഞിയെപ്പോലെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. പക്ഷെ, ഞാന്‍ അഹങ്കാരിയല്ല, വളരെ പാവമാണ്.
ഏതു റോളും ഞാന്‍ ചെയ്യും. നസ്സീറിന്റെ അമ്മയായി വരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ എനിക്ക് പ്രശ്‌നമേയില്ല. ആര് പറയുന്നതും ഞാന്‍ വിശ്വസിക്കും. കുറേയാളുകള്‍ എന്നെ പറ്റിച്ചിട്ടുമുണ്ട്. അതും ഈയടുത്താണ് എന്നെ ആളുകള്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നത്. പക്ഷെ, എന്റെയാളുകളാരും എന്നെ ഇതേവരെ പറ്റിച്ചിട്ടില്ല.' ഷീല തുറന്നുപറയുന്നു.

കെ.പി.എ.സിയുടെ തുലാഭാരം എന്ന പ്രശസ്ത നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു 1968-ല്‍ പുറത്തിറങ്ങിയ തുലാഭാരം എന്ന സിനിമ. എ.വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന തോപ്പില്‍ ഭാസിയായിരുന്നു.
പ്രേംനസീര്‍, മധു, ശാരദ, ഷീല, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി തുടങ്ങി നിരവധി താരങ്ങള്‍ ഈ സിനിമയുടെ ഭാഗമായി. സുപ്രിയ ഫിലിംസിന് വേണ്ടി ഹരി പോത്തനാണ് ചിത്രം നിര്‍മ്മിച്ചത്. നടി ശാരദയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയായിരുന്നു തുലാഭാരം.


Click it and Unblock the Notifications











