കുഞ്ചാക്കോ ബോബന്‍ അതേറ്റെടുക്കുമെന്ന് കരുതി്! അവര്‍ക്കെന്തെങ്കിലും കാരണമുണ്ടാവും, പക്ഷേ വിഷമമുണ്ടെന്ന് നടി ഷീല
മലയാള സിനിമയുടെ നിത്യഹരിത നായികയാണ് നടി ഷീല. ഇന്നും അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന നടി ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായിരുന്നു. പ്രേംനസീറിന്റെ നായികയായി റെക്കോര്‍ഡ് കണക്കിന് സിനിമകളിലാണ് ഷീല അഭിനയിച്ചത്. ഇന്നും ഷീല-നസീര്‍ കോംബോയെ കുറിച്ചാണ് പ്രേക്ഷകര്‍ക്ക് അറിയാനുള്ളത്.
ഇതിനൊപ്പം തന്റെ ഷീല എന്ന പേര് ഷീലാമ്മ എന്നായതിനെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. കുഞ്ചാക്കോ ബോബന്റെ വല്യപ്പച്ചന്റെ ഉദയാസ്റ്റുഡിയോയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുമ്പോഴാണ് ഷീല മനസ് തുറന്നത്.

ഉദയ സ്റ്റുഡിയോയുമായി എനിക്ക് നല്ല ബന്ധമാണ്. ഒന്ന് മുതല്‍ പത്താം തീയ്യതി വരെ എന്റെയും നസീര്‍ സാറിന്റെയും ഡേറ്റ് ഉദയ സ്റ്റുഡിയോയ്ക്ക് ആയിരിക്കും. എല്ലാ മാസവും അങ്ങനെ തന്നെയാണ്. വേറെ നിര്‍മാതാക്കളൊന്നും ആ ദിവസങ്ങളില്‍ ഡേറ്റ് ചോദിക്കില്ല. എല്ലാവര്‍ക്കും അതറിയാമായിരുന്നു. പിന്നീട് ഉദയ സ്റ്റുഡിയോസ് പോയി കണ്ടപ്പോള്‍ ഭയങ്കര സങ്കടമായി.
ഉദയ സ്റ്റുഡിയോസ് കുഞ്ചാക്കോ ബോബന്‍ ഏറ്റെടുത്ത് നടത്തുമെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. അങ്ങനൊരു ആഗ്രഹം എനിക്കുണ്ടായിരുന്നെന്ന് പറയാം. കാരണം അതുമായി അത്രയും ആത്മബന്ധം എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ തറവാട് പോലെയാണ് ഉദയ സ്റ്റുഡിയോസ്. എന്റെ വീട് കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന്റെ കുടുംബവുമായും നല്ല അടുപ്പമായിരുന്നു. അത് ഏറ്റ് നടത്താത്തതിന് പിന്നില്‍ എന്തേലും കാരണങ്ങള്‍ ഉണ്ടാവും.
ആദ്യമായി എന്നെ ഷീലാമ്മേ എന്ന് വിളിക്കുന്നത് ഉദയാസ്റ്റുഡിയോയുടെ കുഞ്ചാക്കോയാണ്. അവരുടെ ആയിഷ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലൊക്കേഷനില്‍ എല്ലാവരും എന്നെ ഷീല എന്നാണ് വിളിച്ചിരുന്നത്. ഇത് കേട്ടതോടെ കുഞ്ചാക്കോ ചോദിച്ചു, എന്താണ് ഷീല എന്ന് വിളിക്കുന്നത്. ഷീലാമ്മേ എന്ന് വിളിക്കണമെന്ന്. പക്ഷേ ആ പടം പൊട്ടിപ്പോയി.
അതുപോലെ ചെമ്മീന്‍ സിനിമയില്‍ അഭിനയിച്ചതിനെ പറ്റിയുള്ള ഓര്‍മ്മകളും നടി പങ്കുവെച്ചു. ചെമ്മീനില്‍ അഭിനയിക്കാനുള്ള ഡേറ്റ് അവര്‍ വാങ്ങിയിരുന്നു. പക്ഷേ അതേ സമയത്ത് തന്നെ എംജിആറിന്റെ കൂടെയും വേറൊരു നല്ല പടം വന്നു. അദ്ദേഹത്തിന്റെ ഹീറോയിനായിട്ടാണ് ഞാന്‍ അഭിനയിക്കേണ്ടത്. ഇതോടെ ഞാനും കണ്‍ഫ്യൂഷനിലായി. കാരണം ചെമ്മീന് കൊടുത്ത അതേ ദിവസം തന്നെ അവര്‍ക്കും വേണം. എന്റെ അമ്മയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ചെമ്മീനിന് വേണ്ടി ഡേറ്റ് കൊടുത്തതാണ്. അതുകൊണ്ട് ഇതില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു.

തമിഴില്‍ എത്രയൊക്കെ വലിയ സിനിമയില്‍ അഭിനയിച്ചാലും ചെമ്മീനില്‍ അഭിനയിച്ചിട്ട് കിട്ടുന്ന പേരിനോളം വരില്ല.പടം ഓടിയില്ലെങ്കിലും അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞത് എന്റെ അമ്മയാണ്. അങ്ങനെയാണ് ചെമ്മീനില്‍ അഭിനയിച്ചത്. ഡേറ്റ് കൊടുക്കാത്തത് കൊണ്ട് അതിന് ശേഷം ഞാന്‍ എംജിആറിന്റെ പടത്തില്‍ അഭിനയിച്ചിട്ടില്ല.
നടന്‍ മധുവിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവവും ഷീല പങ്കുവെച്ചു. എനിക്ക് മുന്‍പേ സിനിമയില്‍ വന്നയാളാണ് മധു. അദ്ദേഹം കുറേ കാലം പ്രൊഫസറായിരുന്നു. പൂനെയിലോ മറ്റോ പോയി അഭിനയവും പഠിച്ചിട്ടുണ്ട്. അവിടെ എന്തൊക്കെയാണ് പഠിപ്പിച്ചതെന്ന് ചോദിക്കുമ്പോള്‍ അനങ്ങാതെ മുകളിലേക്ക് നില്‍ക്കുകയാണ്. ഇതാണോ അഭിനയമായി പഠിച്ചതെന്ന് ഞാനും ചോദിച്ചു.
മാത്രമല്ല മധുവിന് പെണ്ണുങ്ങളെ തൊടാന്‍ വല്ലാത്ത പേടിയായിരുന്നു. അന്ന് ഞാനും അത്യാവശ്യം സിനിമകളില്‍ അഭിനയിച്ച് വന്നയാളാണ്. എന്നെ തൊടാന്‍ അദ്ദേഹത്തിന് പേടിയായി. വേറൊന്നും വിചാരിക്കണ്ടെന്നും ഞാനൊരു സ്ത്രീയാണെന്ന് കരുതണ്ട, പുരുഷനാണെന്ന് കരുതി തൊട്ടോളാന്‍ പറഞ്ഞു. ഇങ്ങനൊരു ജോലിയ്ക്ക് വന്ന് പോയി. അവിടെ ആണ്, പെണ്ണ് എന്നൊരു വ്യത്യാസമൊന്നും വേണ്ട.


Click it and Unblock the Notifications