'ജീവിതത്തിൽ ലഭിച്ച ഡയമണ്ടാണ് മകൻ, ആ സീനിൽ സ്വിം സ്യൂട്ടിൽ അഭിനയിച്ചത് ഞാനാണെന്ന് പലരും കരുതി, സത്യം അതല്ല'
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. എന്നേക്കും മലയാള സിനിമയിലെ കറുത്തമ്മ. 107ഓളം സിനിമകളിൽ പ്രേം നസീറിന്റെ നായികയായി അഭിനയിച്ച് റെക്കോർഡിട്ട പ്രതിഭ. ചെന്നൈയിൽ സെറ്റിൽഡായ താരം വിരളമായി മാത്രമാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. ഇപ്പോഴിതാ ഗ്ലാമറസ് റോളുകൾ ചെയ്യാൻ ഇഷ്ടപ്പെടാത്ത കാരണത്തെ കുറിച്ചും മകനെ കുറിച്ചും നടി ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ ഒരിക്കലും അഭിനയിക്കരുത്. നമ്മൾ നമ്മളായി ഇരിക്കണം. സിനിമയിൽ മാത്രമെ ഞാൻ അഭിനയിക്കാറുള്ളു. ജീവിതത്തിൽ അത് ചെയ്യാറില്ല. അതുകൊണ്ട് തന്നെ ഒരുപാട് ചീത്തപ്പേര് കിട്ടിയിട്ടുണ്ട്. ദേഷ്യക്കാരി എന്ന ടാഗൊക്കെ കിട്ടി. ജീവിതത്തിൽ കറക്ടായി മുന്നോട്ട് പോകുന്നവർക്ക് കോപം വരും.

പെർഫക്ഷന് പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാൻ. അത് പാലിക്കാത്തപ്പോഴും കൃത്യനിഷ്ഠ ഇല്ലാത്തപ്പോഴും മാത്രമെ ദേഷ്യം വരൂ. വെറുതെ ദേഷ്യപ്പെടാൻ എനിക്ക് ഭ്രാന്തില്ല ഷീല പറഞ്ഞ് തുടങ്ങി. അതേ കൺഗൾ എന്നൊരു സിനിമയുണ്ട്. ആ സിനിമയിൽ ഒരു ഷോട്ടിന് വേണ്ടി എന്നെ വിളിച്ചു. സ്വിമ്മിങ് സ്യൂട്ട് ധരിച്ച് അഭിനയിക്കേണ്ട സീനായിരുന്നു. പാട്ട് സീനാണ്.
സ്വിമ്മിങ് സ്യൂട്ടൊന്നും ഇടാൻ ഒട്ടും താൽപര്യമില്ലാത്തയാളാണ് ഞാൻ. ഷോട്സും ഇടാൻ താൽപര്യമില്ല. സ്വിമ്മിങ് സ്യൂട്ട് ഇട്ട് അഭിനയിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. മാത്രമല്ല സിനിമ വേണ്ടെന്നും പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നു. അതിനുശേഷം രൂപത്തിൽ എന്നെപ്പോലെ തന്നെ ഇരിക്കുന്ന മുഖ സാദൃശ്യമുള്ള ഒരു നടിയുണ്ട്.
ഗീതാഞ്ജലി എന്നാണ് പേര്. അവർ ഇന്ന് ജീവിച്ചിരിപ്പില്ല. ആ സിനിമയിൽ ബീച്ചിൽ സ്വിം സ്യൂട്ടിൽ ഒരു നടിയെ കാണാം. അത് ഞാനല്ല. ഗീതാഞ്ജലിയാണ് ആ ഷോട്ടിൽ അഭിനയിച്ചത്. പക്ഷെ ഇന്നും പലരും കരുതിയിരിക്കുന്നത് അത് ഞാനാണെന്നാണ്. ഒരുപാട് പേർ ആ വേഷം ധരിച്ചതിനെ കുറിച്ച് എന്നോട് ചോദിച്ചു. ഗ്ലാമറസ് റോൾ ഞാൻ ചെയ്യാറില്ല, ആ ഷോട്ടിലുള്ളതും ഞാനല്ല.
ആ സിനിമയെ വേണ്ടെന്ന് പറഞ്ഞ് വന്നയാളാണ് ഞാൻ. ഷട്ടിൽ കോക്ക് കളിക്കുന്ന സീനിൽ പോലും ഷോട്സ് ഇടാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ അത്തരം സീനിൽ എന്നെ അവർ റഫറിയാക്കി ചുരിദാർ ധരിക്കാൻ തരും. ഇപ്പോൾ നടിമാരൊന്നും അങ്ങനെയല്ലല്ലോ. കുറച്ചുനാൾ മാത്രമെ ഫീൽഡിൽ ഉണ്ടാകൂവെന്ന് അറിയാമെന്ന് തോന്നുന്നു.

ഹീറോസിന് ഒരുപാട് കാലം അഭിനയത്തിലുണ്ടാകും. നടിമാർ ഉണ്ടാകില്ല. ഹീറോസ് വർഷങ്ങളോളം സിനിമയിൽ നിലനിൽക്കുന്നുവെങ്കിൽ അതിന് കാരണം അവരുടെ ഹാർഡ് വർക്ക് കൂടിയാണ്. നായികമാർ രണ്ട് പാട്ട് പാടി ഗ്ലാമറസ് ഡാൻസ് ചെയ്താൽ മതി. ഹീറോസിന് സ്റ്റണ്ട് അടക്കം എല്ലാം ചെയ്യണം. ഒരു കാരണത്തിന്റെ പേരിലും നായകന്മാർ സിനിമ വിട്ട് മാറി നിൽക്കുന്നില്ലല്ലോ.
ഞാൻ പോലും പ്രസവത്തിനും അതിനുശേഷവും സിനിമയിൽ നിന്നും 16 വർഷം വിട്ടുനിന്നു. ആ ഗ്യാപ്പിലാണ് പെയിന്റിങ്ങെല്ലാം പഠിച്ചതെന്നും ഷീല പറഞ്ഞു. ഒരു മകൻ മാത്രമാണ് ഷീലയ്ക്കുള്ളത്. മകനെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെയാണ്... എനിക്ക് ജീവിതത്തിൽ ലഭിച്ച ഡയമണ്ടാണ് മകൻ. വളരെ നല്ല മകനാണ്. ദൈവം എനിക്ക് ജീവിതത്തിൽ പല കാര്യങ്ങളും തരാതെ പോയിട്ടുണ്ട്.
പക്ഷെ അതിനെല്ലാം പകരം എന്നോണം എല്ലാവർക്കും തുല്യമായൊരു ബന്ധം പോലെ നല്ലൊരു മകനെ എനിക്ക് തന്നു എന്നും ഷീല പറയുന്നു. വ്യക്തി ജീവിതത്തിൽ ഏറെ വിഷമതകൾ നേരിട്ട വ്യക്തി കൂടിയാണ് ഷീല. രവിചന്ദ്രനായിരുന്നു നടിയുടെ ഭർത്താവ്.


Click it and Unblock the Notifications











