നസീറിനോട് ദേഷ്യമായിരുന്നോ? മരിച്ചെന്ന് അറിഞ്ഞിട്ടും അവസാനമായി കാണാന്‍ പോകത്തതിന്റെ കാരണത്തെ പറ്റി ഷീല
നസീറും ഷീലയുമായിരുന്നു മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ നായിക, നായകന്മാരായി അഭിനയിച്ച താരങ്ങള്‍. നൂറ്റിമുപ്പതോളം സിനിമകളിലാണ് നസീറിന്റെ നായികയായി ഷീല അഭിനയിച്ചത്. അക്കാലത്ത് നസീറും ഷീലയും പ്രണയത്തിലാണെന്നും വിവാഹം കഴിച്ചെന്നും യഥാര്‍ഥ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവുമാണെന്നുമൊക്കെ കരുതിയിരുന്നവരുണ്ട്.
ഇടയ്ക്ക് താരങ്ങളെ ബന്ധപ്പെടുത്തി പല കഥകളും പ്രചരിച്ചു. എന്നാല്‍ മരിച്ചതിന് ശേഷം ഷീല നസീറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും വന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് ചിലര്‍ നടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ അന്ന് വരാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഷീല. പ്രേം നസീറിന്റെ മുപ്പത്തിയാറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു ഷീല സംസാരിച്ചത്.

'മരിച്ച് കിടക്കുന്ന നസീര്‍ സാറിന്റെ മുഖം കാണാന്‍ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാന്‍ വരാതിരുന്നത്. അന്ന് സ്വീഡനില്‍ സഹോദരിയ്‌ക്കൊപ്പമാണ് ഞാന്‍. സാറിന്റെ മരണവിവരം എന്നെയും അറിയിച്ചിരുന്നു. പരിശ്രമിച്ചെങ്കില്‍ അവിടെ നിന്നും എനിക്ക് വരാമായിരുന്നു. പക്ഷേ അതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു. ജീവനോടെ കണ്ട സാറിന്റെ മുഖം മനസിലുണ്ട്.അത് മതി എന്ന് ഞാന്‍ തീരുമാനിക്കകയായിരുന്നു എന്നും ഷീല പറയുന്നു.
ഇതിനൊപ്പം നസീറിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ഷീല പങ്കുവെച്ചിരുന്നു. കാമുകനായി എന്റെ മുന്നിലും ചെവികള്‍ക്ക് അടുത്ത് നിന്നും ലയിച്ചു പാടുന്ന പ്രേംനസീറിനെ കണ്ടിട്ടില്ലേ? അഞ്ഞൂറിലേറെ പാട്ടുകള്‍ ഞങ്ങള്‍ പാടി അഭിനയിച്ചെങ്കിലും നസീര്‍ സാര്‍ ഒരു വരി പോലും പാടിയിട്ടില്ല. ചുണ്ടുകള്‍ അനക്കുകയേയുള്ളൂ. ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് നസീര്‍ സാറിന് എക്കിള്‍ വന്നു. രാവിലെ ഏഴിന് തുടങ്ങിയതാണ്. പതിനൊന്ന് മണിയായിട്ടും മാറിയില്ല.
ഇടയ്ക്ക് പുറത്തുപോയ ഞാന്‍ അല്‍പ സമയത്തിന് ശേഷം തിരിച്ചു വന്നിട്ടു സാറിനോട് പറഞ്ഞു, മോന്‍ ഷാനവാസിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഞെട്ടലോടെ സാര്‍ എഴുന്നേറ്റു. അത് കേട്ടതോടെ സാറിന്റെ എക്കിള്‍ മാറി. എന്റെ അമ്മ പറഞ്ഞുതന്ന വിദ്യയായിരുന്നു അത്. എക്കിള്‍ മാറാതെ നില്‍ക്കുമ്പോള്‍ ഞെട്ടിക്കുന്ന എന്തെങ്കിലും വിവരം പറഞ്ഞാല്‍ മതിയെന്ന്. പിന്നാലെ ഷാനവാസിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാന്‍ പലവട്ടം പറഞ്ഞെങ്കിലും നസീര്‍ സാറിന് പെട്ടെന്നത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അദ്ദേഹം അത്രത്തോളം കുടുംബത്തെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു- എന്നും ഷീല പറഞ്ഞു.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡിട്ട താരജോഡിയായിരുന്നു നസീറും ഷീലയും. 130 ലധികം സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പെയര്‍ ആയി അഭിനയിച്ചത്. മറ്റ് ഇന്‍ഡസ്ട്രികളിലും അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമയിരുന്നു താരങ്ങളുടേത്.
അവസാനകാലം വരെ അഭിനേതാവായി ജീവിച്ചിരുന്ന പ്രേംനസീര്‍ വളരെ പെട്ടെന്നാണ് മരണപ്പെടുന്നത്. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മരിക്കുമ്പോള്‍ നസീറിന് 62 വയസേ ഉണ്ടായിരുന്നുള്ളു.


Click it and Unblock the Notifications