പൗഡർ ഇടാൻ പോലും സമ്മതിക്കാത്ത ഭർത്താക്കൻമാർ; എന്നോട് അദ്ദേഹത്തിന് ഭയങ്കര സ്നേഹമാണ്; ഷീലു
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. നായിക ആയും സഹനടി ആയും സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷീലു ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ഇതിനകം ചെയ്തു. വീപ്പിങ് ബോയ് എന്ന മലയാള സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്കുള്ള ചുവട് വെപ്പ്. 2013 മുതലാണ് ഷീലി സിനിമാ രംഗത്ത് സജീവമായത് ഭർത്താവ് എബ്രഹാം സംവിധാനം ചെയ്യുന്ന സിനിമകളിലാണ് ഷീലു പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. പലപ്പോഴും ഇതിന്റെ പേരിൽ ഷീലുവിന് നേരെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്.

ഭർത്താവ് സിനിമ നിർമ്മിച്ച് അതിൽ ഷീലുവിനെ അഭിനയിപ്പിക്കുന്നു എന്നാണ് വിമർശനങ്ങൾ. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് ഷീലു എബ്രഹാം. ഇന്ത്യാ ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഇത്തരം വിമർശനങ്ങൾ കാരണമാണ് താൻ തന്നെ പുതിയ ചിത്രം വീക നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് ഷീലു പറയുന്നു. ഭർത്താവ് ആണ് പണം മുടക്കുന്നതെങ്കിലും നിർമാതാവായി തന്റെ പേര് വന്നപ്പോൾ ഉത്തരവാദിത്വം കൂടിയെന്ന് ഷീലു വ്യക്തമാക്കി.

'മുമ്പ് 11 സിനിമ ചെയ്തപ്പോഴും എന്റെ തന്നെ സിനിമയായാണ് എനിക്ക് ഫീൽ ചെയ്തത്. പക്ഷെ ആൾക്കാർ സംസാരിക്കുമ്പോൾ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്നു എന്ന കമന്റുകളാണ്. വെറുതെ ഇങ്ങനെ കമന്റുകൾ പറഞ്ഞപ്പോൾ എനിക്ക് തന്നെ തോന്നി ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്ത് ഞാൻ തന്നെ അഭിനയിച്ചേക്കാം എന്ന്. അപ്പോൾ പ്രശ്നമില്ലല്ലോ. ഭർത്താവ് എന്നോട് എപ്പോഴും പറയാറുണ്ട് എടി നീ തന്നെ പ്രൊഡ്യൂസ് ചെയ്യ് എനിക്കിത് പറ്റുന്ന പരിപാടി അല്ലെന്ന്'

'കാരണം പുള്ളിക്കതിന് സമയം ഇല്ല. എന്റെ താൽപര്യത്തിലാണ് ഈ 11 സിനിമയും ചെയ്തത്. പ്രൊഡ്യൂസർ ആയി എന്റെ പേര് വന്നപ്പോൾ കുറച്ച് കൂടി ഉത്തരവാദിത്തം എടുത്തു. എന്റെ തന്നെ പേര് വരുമ്പോൾ എന്നോട് ആളുകൾ ചോദിക്കുമല്ലോ. അതിനാൽ ഈ സിനിമ നന്നായി വരാനും ബിസിനസ് നടക്കാനുമൊക്കെ പുഷ് ചെയ്തത് ഞാൻ ആയിരുന്നു'

'ഞാനെന്ന് വെച്ചാൽ അദ്ദേഹത്തിന് ഭയങ്കര സ്നേഹം ആണ്. ആ സ്നേഹത്തിന്റെ പ്രതിഫലനമാണ് ഞാനിന്നൊരു നടിയായും പ്രൊഡ്യൂസറായും ഇവിടെ ഇരിക്കുന്നത്'
'ഒരു ഭാര്യ സുന്ദരി ആയും ഹാപ്പി ആയും പ്രായം പിന്നോട്ട് പോവുന്നുമുണ്ടെങ്കിൽ അതിന് പിന്നിൽ എപ്പോഴും നമുക്ക് സന്തോഷം തരുന്ന ഭർത്താവ് ഉണ്ടായിരിക്കും. പൗഡർ ഇടാൻ പോലും സമ്മതിക്കാത്ത ഭർത്താക്കൻമാർ ഉണ്ടെന്ന് എന്റെ സുഹൃത്തുക്കൾ വരെ പറഞ്ഞ് കേട്ടിട്ടുണ്ട്. പുറത്തേക്ക് അധികം പോവാൻ സമ്മതിക്കാത്തവർ ഉണ്ട്. അങ്ങനെയൊന്നും ജീവിക്കേണ്ടവർ അല്ല സ്ത്രീകൾ'

'അതല്ലെങ്കിൽ എനിക്കും സാധാരണ സ്ത്രീകളെ പോലെ വീട്ടിലൊതുങ്ങി പോവേണ്ടി വന്നേനെ. ഞാനൊരു നഴ്സ് ആയിരുന്നു അതൊക്കെ വിട്ടിട്ടാണ് കല്യാണം കഴിച്ച് വീട്ടിൽ ഇരിക്കുന്നത്. കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് ഭർത്താവ് പറയുന്നത് കേട്ട് ജീവിതം മാെത്തം ജീവിക്കേണ്ടതില്ല. കേൾക്കണം, പക്ഷെ നമ്മളെ ഇഷ്ടങ്ങൾ കൂടി മാനിക്കണം. അങ്ങനെ സപ്പോർട്ട് ചെയ്യുന്ന ആളാണ് എന്റെ ഭർത്താവ്. അതിൽ ഞാൻ ഭാഗ്യവതിയാണ്,' ഷീലു എബ്രഹാം പറഞ്ഞു.
ഷീലുവിനെക്കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും വീകയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications