'കലയെ ഉദ്ദരിക്കാൻ എന്ന ചിന്തയോടെ സിനിമ നിർമിച്ചാൽ പൈസ നഷ്ടപ്പെട്ട് കുത്തുപാള എടുക്കും'; നടി ശീലു എബ്രഹാം!
നാടൻ കഥാപാത്രങ്ങൾ ചെയ്ത് മലയാളിക്ക് വളരെ സുപരിചിതയായ നടിയാണ് ശീലു എബ്രഹാം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സാരി അണിഞ്ഞ് തനിനാടൻ പെൺകുട്ടിയായി എത്തുന്ന ശീലുവിനെയാണ് കാണാന്‍ കഴിയുക. നടി എന്നതിലുപരി ഒരു നിർമാതാവ് കൂടിയാണ് താരം. നഴ്സായിരുന്ന ശീലു ഭർത്താവ് സിനിമാ നിർമാണത്തിലേക്ക് ഇറങ്ങിയതോടെയാണ് അഭിനയത്തിലേക്ക് ഭാഗ്യം പരീക്ഷിക്കാൻ എത്തിയത്. അബാം മൂവീസാണ് ശീലുവിന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി.
ജയറാം അടക്കമുള്ള താരങ്ങളുടെ നായികയായി സ്ക്രീനിൽ തിളങ്ങാനുള്ള അവസരവും കുറഞ്ഞ സമയത്തെ സിനിമാ ജീവിതത്തിനിടയിൽ ശീലുവിന് ലഭിച്ചിട്ടുണ്ട്. ഭർത്താവ് നിർമിക്കുന്ന സിനിമകളിൽ മാത്രമെ ശീലു അഭിനയിക്കാറുള്ളു.

ആഗ്രഹത്തിന്റെ പുറത്ത് മാത്രമാണ് സിനിമ ചെയ്യുന്നതെന്നും മുഖത്ത് ഭാവങ്ങൾ വരുന്നില്ലെന്നും മറ്റും കളിയാക്കിയുള്ള ട്രോളുകൾ താൻ കാണാറുണ്ടെന്നും പറയുകയാണ് ഇപ്പോൾ താരം. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ നിർമാണത്തിലേക്ക് തിരിഞ്ഞശേഷമുള്ള അനുഭവങ്ങൾ ശീലു പങ്കുവെച്ചത്. 'സിനിമയിൽ വലിയ പ്രതീക്ഷയൊന്നും എനിക്കില്ല.'
'നടിമാരിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് സിനിമയിൽ വർഷങ്ങളോളം നിലനിൽക്കാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അഭിനയിക്കാൻ അവസരം വരുമ്പോൾ ഡെഡിക്കേറ്റഡായി ചെയ്യുന്നുവെന്ന് മാത്രമെന്നാണ്', അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോൾ ശീലു എബ്രഹാം പറഞ്ഞത്.
'സിനിമകൾ നിർമിക്കുന്ന സമയത്ത് ഞാനും കൂടി ഇരുന്നാണ് കഥ വായിക്കാറുള്ളത്. കഥ മാത്രം നോക്കി സിനിമ തെരഞ്ഞെടുക്കുന്ന രീതിയല്ല എന്റേത്. കഥ നല്ലതാണെങ്കിലും ചിലപ്പോൾ ആർട്ടിസ്റ്റുകൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല നമ്മൾ ചെയ്യുന്നത് ഒരു ബിസിനസാണ്. അല്ലാതെ കലയെ ഉദ്ദരിക്കാനോ കഥയെ ഉദ്ദരിക്കാനോ ഒന്നുമല്ല സിനിമ ചെയ്യുന്നത്.'
'എനിക്കും എന്റെ ഭർത്താവിനും സിനിമ ഒരു ബിസിനസാണ്. സിനിമ എന്റെ പാഷനായതുകൊണ്ട് എനിക്ക് ചാൻസ് കിട്ടുമ്പോൾ ഞാൻ അഭിനയിക്കുന്നുവെന്ന് മാത്രം. അതിനെ അങ്ങനെയാണ് കാണുന്നത്. അബാം മൂവീസ് പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളിൽ എല്ലാം ശീലു അഭിനയിക്കുന്നുവെന്ന ട്രോൾ ഞാൻ കണ്ടിട്ടുണ്ട്.'

'ഞങ്ങളുടെ ബിസിനസാണ് സിനിമ. നമ്മൾ പൈസ മുടക്കുമ്പോൾ നമുക്ക് അത് തിരിച്ച് കിട്ടണം. മുടക്കി കഴിഞ്ഞ് ഒരു വർഷമൊക്കെ അത് തിരിച്ച് കിട്ടാൻ വെയിറ്റ് ചെയ്യാം. അതിനുള്ളിൽ മുടക്കിയ പൈസ തിരിച്ച് കിട്ടുക എന്നത് ഞങ്ങളുടെ കമ്പിനിയുടെ പോളിസിയാണ്.'
'അതിനിടയിൽ കലയും കഥയും ഉദ്ദരിക്കാൻ നിന്നാൽ പൈസയും പോയി കുത്തുപാള എടുത്ത് വീടും പോയി അവസാനം ഒന്നുമില്ലാതെ വഴിയിലൂടെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു സിനിമ ചെയ്യുമ്പോൾ അത് ബിസിനസ് ആകുന്ന തരത്തിലുള്ള എല്ലാം ചെയ്തശേഷമെ മുന്നോട്ട് കൊണ്ടുപോകാറുള്ളു. അല്ലാത്തതിനോട് അപ്പോൾ തന്നെ നോ പറയുമെന്നും', ശീലു എബ്രഹാം പറയുന്നു.
2022ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സിനിമ വീകത്തിലാണ് ഏറ്റവും അവസാനം ശീലു എബ്രഹാം അഭിനയിച്ചത്. അടുത്തിടെ ശീലു നടത്തിയ മേക്കോവർ വീഡിയോയും വൈറലായിരുന്നു. 2013ല്‍ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ശീലു അഭിനയരംഗത്ത് എത്തിയത്. മംഗ്ലീഷ്, ഷീ ടാക്സി, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി, മരട് തുടങ്ങിയവയാണ് ശീലുവിന്റെ പ്രധാന സിനിമകൾ. അബാം സിനിമാസിന്റെ ഉടമസ്ഥനാണ് ശീലുവിന്റെ ഭർത്താവ് എബ്രഹാം.


Click it and Unblock the Notifications