റിയാസ് ഖാനെ വർഷങ്ങളായി അറിയാം, അദ്ദേഹത്തിന് കുടുംബമാണ് വലുത്; ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം; ശിവാനി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണങ്ങളുടെ ഒരു നിര തന്നെ പുറത്ത് വരുന്നുണ്ട്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, റിയാസ് ഖാൻ തുടങ്ങിയ നടൻമാർ ആരോപണ വിധേയരായിട്ടുണ്ട്. നടി രേവതി സമ്പത്താണ് റിയാസ് ഖാനെതിരെ ആരോപണം ഉന്നയിച്ചത്. ഫോണിലൂടെ മോശമായി സംസാരിച്ചു എന്നാണ് ആരോപണം. ഇപ്പോഴിതാ റിയാസ് ഖാനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് നടി ശിവാനി ഭായ്. ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ശിവാനി പ്രതികരിച്ചത്.
നൂറ് ശതമാനം ആളുകൾ മോശമാണെന്ന് പറയാൻ പറ്റില്ല. മനുഷ്യരിൽ നല്ലതും മോശവുമുണ്ട്. ഒരു ഇൻഡസ്ട്രി മൊത്തം മോശമാണെന്ന് പറയാൻ പറ്റില്ല. റിയാസ് ഖാൻ എന്ന ആക്ടർ എന്റെ ഭർത്താവിന്റെ ഏറ്റവും നല്ല ഫ്രണ്ടാണ്. വർഷങ്ങളായി ഞങ്ങൾക്ക് അറിയാവുന്ന വ്യക്തിയാണ്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ എനിക്കത്രയും മലയാളം സംസാരിക്കാൻ അറിയാമെന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. തന്റെ അനുഭവത്തിൽ റിയാസ് ഖാൻ വളരെ നല്ല വ്യക്തിയാണെന്നും ശിവാനി പറയുന്നു.

ഞങ്ങൾ ഒരുപാട് വർഷമായി അദ്ദേഹത്തെ കാണുന്നതാണ്. പുള്ളിയുടെ രീതിയും എങ്ങനെ സംസാരിക്കും എന്നതൊക്കെ അറിയാം. പുള്ളി ഒരു ഫാമിലി മാൻ ആണ്. ഉമ ചേച്ചിയും പിള്ളേരും തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും വലുത്. ഡിഎൻഎ എന്ന സിനിമയിൽ രണ്ട് സീനാണ് ഞാൻ ചെയ്തത്. അതിൽ ഒന്ന് റേപ്പ് സീൻ ആണ്. റിയാസ് ഖാനും സുധീർ എന്ന ആക്ടറും.
എത്രത്തോളം ഒരു മനുഷ്യന് കെയർ ചെയ്യാമോ അത്രത്തോളം കെയർ ചെയ്തിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും മോളെ, നിനക്ക് നൊന്തില്ലല്ലോ, കൈ വേദനിച്ചോ എന്ന് ചോദിച്ചിരുന്നെന്നും ശിവാനി വ്യക്തമാക്കി. ഒരാൾ മോശമായി സംസാരിച്ചാൽ എനിക്ക് തന്റെ പടം വേണ്ട എന്ന് പറയാൻ പഠിക്കണം. അവസരം തരാമെന്ന് പറഞ്ഞ് ചിലർ പീഡിപ്പിച്ചു എന്ന വാദത്തെ താൻ അംഗീകരിക്കുന്നില്ലെന്നും ശിവാനി പറയുന്നു.

പതിനഞ്ച് തവണ പീഡിപ്പിച്ചെന്നൊക്കെ പറയുന്നു. സമ്മതമില്ലാതെയാണെങ്കിൽ ആദ്യത്തേതിൽ തന്നെ നമുക്ക് നിർത്താം. എങ്ങനെയാണ് പത്തും പതിനാറും പ്രാവശ്യം വരുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്. അപ്പോൾ സ്ത്രീകളിലും തെറ്റുണ്ട്. ഇപ്പോൾ ബാധിക്കപ്പെട്ടവരുടെ കാര്യമല്ല പറയുന്നത്. ഇനി കഥ പറയാൻ വിളിക്കുമ്പോൾ ആരെങ്കിലും ഒരാളെ കൂടെ കൊണ്ട് പോയാൽ നന്നായിരിക്കും. അപകടങ്ങൾ ഒഴിവാക്കാമെന്നും ശിവാനി വ്യക്തമാക്കി.
അതേസമയം തനിക്ക് ഒരു നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ശിവാനി അഭിമുഖത്തിൽ പറയുന്നുണ്ട്. രാത്രി താൻ മാസിക്കുന്ന മുറിയുടെ കതക് തട്ടി ഓടിപ്പോവുമായിരുന്നു. ആരാണെന്ന് കണ്ട് പിടിച്ചപ്പോൾ സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടു. ഇയാൾ തന്റെ അവസരങ്ങൾ മുടക്കാൻ ശ്രമിച്ചെന്നും ശിവാനി പറഞ്ഞു. രാഷ്ട്രീയത്തിലെ സജീവമാണ് ശിവാനി ഇന്ന്. സമാജ് വാദി പാർട്ടി നേതാവാണ് ശിവാനി ഭായ്.


Click it and Unblock the Notifications