'വിനുവിനെ അന്വേഷിച്ച് ബാഗുമായി ഒരു പെൺകുട്ടി വന്നു, ഭർത്താവില്ലാത്ത കുറവ് മക്കൾ അറിയിക്കാറില്ല'; ശോഭ മോഹൻ!
സിനിമാകുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ശോഭ മോഹൻ. അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ വഴിയെ സിനിമയിലെത്തിയ ശോഭയുടെ തുടക്കം 1965ൽ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. പിന്നീട് 1982ൽ ബലൂൺ എന്ന ചിത്രത്തിലൂടെ നായികയായും ശോഭ അരങ്ങേറ്റം കുറിച്ചു.
മുകേഷ് ആയിരുന്നു ചിത്രത്തിൽ ശോഭയുടെ നായകൻ. മുകേഷിന്റെ ആദ്യ നായിക എന്ന വിശേഷണവും അതോടെ ശോഭയ്ക്ക് സ്വന്തമായി. മുകേഷും ശോഭയും നായികാനായകന്മാരായി എത്തിയ ബലൂണിൽ സെക്കന്റ് ഹീറോ മമ്മൂട്ടിയായിരുന്നു.
ശോഭയ്ക്ക് പിന്നാലെ സഹോദരൻ സായ് കുമാറും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. നാടക കലാകാരനായ കെ.മോഹൻകുമാറിനെയാണ് ശോഭ വിവാഹം ചെയ്തത്. മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും അമ്മാവൻ സായ് കുമാറിന്റെയും അമ്മ ശോഭയുടെയും വഴി പിന്തുടർന്ന് മക്കളായ വിനു മോഹനും അനു മോഹനും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

വിനു മോഹന്റെ ഭാര്യ വിദ്യയും അഭിനേത്രിയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു മോഹൻ അഭിനയിച്ച് തുടങ്ങിയത്. നിവേദ്യത്തിന് ശേഷം വിനു മോഹൻ ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു.
2009ൽ മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം വിനു ചെയ്ത ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു.
ശോഭ മോഹൻ ഏറെയും അമ്മവേഷങ്ങളാണ് സിനിമയിൽ ചെയ്തിട്ടുള്ളത് ദിലീപ് മുതൽ നടി മീന വരെയുള്ള താരങ്ങളുടെ അമ്മയായി ശോഭ അഭിനയിച്ചിട്ടുണ്ട്. മക്കൾ കൂടി സിനിമയിൽ സജീവമായതോടെ വളരെ വിരളമായി മാത്രമെ ശോഭയെ ആരാധകർക്ക് സ്ക്രീനിൽ കാണാൻ സാധിക്കാറുള്ളു.
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018നാണ് ശോഭ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. രണ്ട് ആൺമക്കൾക്കും അവരുടെ ഭാര്യമാർക്കും പേരക്കുട്ടിക്കുമൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ഭർത്താവ് ഇല്ലാത്ത കുറവ് തനിക്ക് അനുഭവപ്പെടാതിരിക്കാൻ മക്കൾ അതീവശ്രദ്ധാലുക്കളാണെന്നും ശോഭ പറയുന്നു.

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുടുംബവിശേഷങ്ങൾ ശോഭ മോഹൻ പങ്കുവെച്ചത്. ഇളയമകൻ അനു മോഹനൊപ്പമാണ് ശോഭ അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയത്. നിവേദ്യം റിലീസ് ചെയ്ത സമയത്ത് ആരാധന മൂത്ത് തന്റെ മകൻ വിനുവിനെ അന്വേഷിച്ച് ഒരു പെൺകുട്ടി ബാഗുമായി വീട്ടിലെത്തിയതിനെ കുറിച്ചും ശോഭ വെളിപ്പെടുത്തി.
'ചക്കൻകുളങ്ങരയിലെ ഞങ്ങളുടെ വീട്ടിലേക്കാണ് വിനുവിനെ അന്വേഷിച്ച് ഒരു പെൺകുട്ടി ബാഗുമായി ഓട്ടോയിൽ എത്തിയത്. അനുവും എന്റെ ഭർത്താവും മുറ്റത്ത് എന്തോ ജോലിയിലായിരുന്നു. വിനു മോഹന്റെ വീടില്ലേ എന്ന് ചോദിച്ചു.'
'മോഹനകൃഷ്ണനൊപ്പം താമസിക്കാൻ വന്നതാണെന്ന് പറഞ്ഞു. നിവേദ്യം സിനിമയും മോഹനകൃഷ്ണനെന്ന വിനുവിന്റെ കഥാപാത്രത്തിനും ഒരുപാട് ആരാധകരുണ്ടായിരുന്നു. അച്ഛൻ ഒരു തരത്തിൽ ഉപദേശിച്ച് ആ പെൺകുട്ടിയെ പറഞ്ഞയച്ചു. ആ സമയത്ത് ഒരുപാട് പ്രേമലേഖനങ്ങൾ വിനുവിന് വരുമായിരുന്നു. ഞങ്ങളെല്ലാം കൂടി ഇരുന്നാണ് മറുപടി എഴുതി അയച്ചിരുന്നത്. രക്തത്തിൽ എഴുതിയ കത്തുകളുമുണ്ടായിരുന്നു', ശോഭ മോഹനും അനു മോഹനും പറഞ്ഞു.


Click it and Unblock the Notifications











