യുട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ അറിയാം, പ്രായമായാൽ സഹോദരൻ സഹായമായി ഉണ്ടാകും; ശ്രുതി രജനികാന്ത്
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ശ്രുതി രജനികാന്ത്. അഭിനയത്തിന് പുറമെ അടുത്തിടെയായി ബിസിനസിലും സജീവമാണ് നടി. തന്റെ നിലപാടുകളും ജീവിതത്തിലുണ്ടായ വിഷമ ഘട്ടങ്ങളെ കുറിച്ചുമെല്ലാം ശ്രുതി നടത്തിയിട്ടുള്ള തുറന്ന് പറച്ചിലുകൾ മുമ്പ് പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരമായി കേൾക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് താരം.
സെലിബ്രിറ്റികൾ കല്യാണം കഴിക്കണമെന്ന് നിയമമുണ്ടോ? എന്നാണ് വിവാഹം വൈകുന്നതിനെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ ശ്രുതി നൽകിയ മറുപടി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും താരം പങ്കുവെച്ചു. സെലിബ്രിറ്റികൾ കല്യാണം കഴിക്കണമെന്ന് നിയമമുണ്ടോ?. വിവാഹം ഓരോരുത്തരുടേയും പേഴ്സണൽ ചോയ്സാണ്.

വിവാഹിതരാകുന്നവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അവർ ഒരു പാട്നറെ കണ്ടുപിടിച്ചല്ലോ. അതൊരു വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്. അത് അവർ ചെയ്തുവെങ്കിൽ എനിക്ക് അതിൽ സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതി സംസാരിച്ച് തുടങ്ങുന്നത്. വിവാഹം നടക്കുന്നത് പോലെ തന്നെ അതേസമയം ഇപ്പുറത്ത് ഡിവോഴ്സ് റേറ്റും കൂടുന്നുണ്ട്.
മീഡിയക്കാർ അടക്കം എല്ലാവരും കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിക്കുന്നത് വെറുതെ ഒരു ഹൈപ്പിന് വേണ്ടിയാണ്. ആവേശപ്പുറത്ത് എടുത്ത് ചാടി കല്യാണം കഴിക്കേണ്ടതിലല്ലോ. യുട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ച ഒരുപാട് പേരെ എനിക്ക് അറിയാം. അത്ര ഗതികെട്ട് കല്യാണം കഴിക്കേണ്ട സാഹചര്യം എനിക്ക് ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ശ്രുതി പറഞ്ഞു.
പ്രായമാകുമ്പോൾ എനിക്ക് സഹായമായി എന്റെ സഹോദരനുണ്ടാകുമെന്നത് എനിക്കുറപ്പാണ്. ഇത് ഞാൻ പറയുമ്പോൾ എന്റെ വീട്ടുകാർ പറയും അവൻ കല്യാണം കഴിച്ച് കഴിയുമ്പോൾ നിന്നെ പുറത്താക്കുമെന്ന്. അനിയൻ മാറില്ലായിരിക്കാം പക്ഷെ അവന് പങ്കാളിയായി വരുന്ന പെൺകുട്ടി എങ്ങനെയാണെന്ന് നമുക്ക് അറിയില്ലല്ലോ. അത് സത്യമാണ്.
പിന്നെ ഞാൻ ഇപ്പോൾ പോലും എന്റെ വീട്ടുകാർക്ക് ഒരു ബാധ്യതയല്ല. കാരണം വളരെ ഇന്റിപെന്റന്റായി നിൽക്കാൻ ആഗ്രഹമുള്ളയാളാണ് ഞാൻ. ഞാൻ പൊതുവെ അങ്ങനെയാണ്. എന്റെ അനിയന് ഞാൻ ബാധ്യതയാവണമെങ്കിൽ അവന്റെ വീട്ടിൽ വലിഞ്ഞ് കയറി ചെന്ന് അവിടെ തിന്നും കുടിച്ചും കിടക്കണം. മാതാപിതാക്കളുമായും സഹോദരങ്ങളുമായും എല്ലാം ഉള്ള ബന്ധങ്ങളിൽ നമ്മൾ ഒരു ഡിസ്റ്റൻസ് ഇടുന്നതാണ് നല്ലത്. കപ്പിൾസിന് ഇടയിൽ മാത്രമാണ് ഈ ഡിസ്റ്റൻസ് പാടില്ലാത്തത്.

എന്നാലും കപ്പിൾസിന് ഇടയിലും പരസ്പരം ഒരു സ്പേസ് കൊടുക്കണം. കാരണം എപ്പോഴും നമ്മൾ പങ്കാളിക്ക് അവൈലബിളായിരുന്നാൽ നമ്മുടെ വാല്യുവില്ലാതെയാകും. അതുകൊണ്ട് സ്പേസ് കൊടുത്താൽ ആ വാല്യു രണ്ടുപേർക്കും മനസിലാകും. പിന്നെ എന്നെ എന്റെ അനിയൻ പുറത്താക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിന് എന്നെ അവന് വീട്ടിൽ കാണാൻ കിട്ടണമല്ലോ. എനിക്ക് ആരുമില്ലാതെയാകില്ല അവനുണ്ടാകും എന്നൊരു ധൈര്യം എനിക്കുണ്ടെന്നും ശ്രുതി പറയുന്നു.
താൽപര്യമില്ലാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങേണ്ടതില്ലെന്നും ശ്രുതി പറയുന്നു. ഇന്ന് കാണുന്നവരെ നാളെ കാണുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ആവശ്യമില്ല. ആർക്കെങ്കിലും വേണ്ടി നമ്മൾ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചിട്ട് വേറൊരൾ വന്ന് കഴിയുമ്പോൾ നമ്മുടെ അഡ്ജസ്റ്റ്മെന്റിന് വിലയില്ലാതെയാകും. ഓവറായി നമ്മൾ അവൈലബിളാകുമ്പോൾ ചിലർക്ക് അതിന്റെ വില മനസിലാവില്ല.
പങ്കാളി അങ്ങനെയുള്ള ആളല്ലെങ്കിൽ കുഴപ്പമില്ല. അതുകൊണ്ടാണ് പരസ്പരം സ്പേസ് കൊടുക്കുന്നത് നല്ലതാണെന്ന് ഞാൻ പറഞ്ഞത്. ചെറിയ കള്ളത്തരങ്ങൾ പോലും റിലേഷൻഷിപ്പിലുണ്ടാകരുത്. ഞാൻ ചെയ്യുന്ന ചെറിയ തെറ്റ് പോലും റിലേഷൻഷിപ്പിലായിരുന്നപ്പോൾ ഞാൻ തുറന്ന് പറയുമായിരുന്നു. അതിന്റെ വരും വരായ്കകൾ എന്ത് തന്നെയായാലും ഞാൻ മൂടിവെക്കാറില്ലായിരുന്നു. വേറൊരാൾ പറഞ്ഞ് അറിഞ്ഞാൽ അത് വിശ്വാസം തകർക്കുന്നത് പോലെയാകുമെന്ന തിരിച്ചറിവുണ്ടായിരുന്നുവെന്നും ശ്രുതി പറയുന്നു.


Click it and Unblock the Notifications











