'ബിരിയാണി കഴിച്ച് ഡയറ്റ് തെറ്റി, വയറ് പോലും പണിമുടക്കി'; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ശ്രുതി രാമചന്ദ്രൻ
മധുരം എന്ന സിനിമയിലെ ഒരോ ഡയലോഗും ചിത്രത്തിലെ കഥാപാത്രങ്ങളെന്ന പോലെ മനസ്സിൽ തങ്ങിനിൽക്കും കാരണം ഒരു ആശുപത്രി ചുറ്റുപാടിൽ നടക്കുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മധുരം. ദിനംപ്രതി നമ്മൾ കാണുന്ന ഒരു ആശുപത്രിയിൽ പലതരത്തിലുമുള്ള ആളുകൾ ഉണ്ടാകും അവരിൽ പലരുടെയും ജീവിതമാണ് മധുരം സിനിമയിലൂടെ അഹമ്മദ് കബീർ എന്ന സംവിധായകൻ നേർചിത്രം ആക്കിയിരിക്കുന്നത്. സിനിമയിൽ ഉടനീളം വന്നുപോയ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ കടമ കൃത്യമായി ചെയ്തു എന്ന് തന്നെ പറയാം.

ഓരോ വാക്കുകളും ഓരോ ആളുകളുടേയും മനസിലേക്ക് ആഴത്തിൽ തന്നെ എത്തിക്കാൻ സംവിധായകന് സാധിച്ചു. അതുകൊണ്ടുതന്നെ സിനിമയിലെ പല സീനുകളും സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ തന്നെ കാണും. ചിത്രത്തിലെ നായികയായ ചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രുതി രാമചന്ദ്രനായിരുന്നു. ജോജു ജോർജ്, ഇന്ദ്രൻസ്, അർജുൻ അശോകൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായത്. അഹമ്മദ് കബീർ ജൂൺ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു മധുരം. ജോജു ജോർജാണ് സിനിമ നിർമിച്ചതും.
ചിത്രത്തിൽ ബിരിയാണി പ്രിയയായ ഗുജറാത്തി പെൺകുട്ടിയായിട്ടാണ് ശ്രുതി രാമചന്ദ്രൻ എത്തിയത്. ചിത്രത്തിൽ നിരവധി തവണ ശ്രുതി ബിരിയാണി കഴിക്കുന്ന രംഗങ്ങളുണ്ട്. ആ രംഗങ്ങൾ ചിത്രീകരിക്കാൻ നേരിട്ട ബുദ്ധിമുട്ടികളെ കുറിച്ചും സിനിമാ ഷൂട്ടിങ് അനുഭവത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ. ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും ബിരിയാണി കഴിച്ച് അവശതയിലായി എന്നാണ് ശ്രുതി പറയുന്നത്. 'ചിക്കൻ ബിരിയാണി എനിക്ക് ഭയങ്കര ഇഷ്ടമാണ്. മധുരത്തിന്റെ സെറ്റിൽ ബിരിയാണി കഴിച്ച് ഞാൻ മടുത്തുപോയിരുന്നു. പത്തുദിവസം ബിരിയാണി കടയുടെ ഷൂട്ട് ഉണ്ടായിരുന്നു. എത്ര ബിരിയാണി കഴിച്ചു എന്നുപോലും ഓർക്കുന്നില്ല. രാവിലെ ഏഴരക്ക് തുടങ്ങും ബിരിയാണി തീറ്റ. ആദ്യത്തെ രണ്ടു ദിവസം കഴിക്കാൻ വലിയ താല്പര്യമായിരുന്നു. പക്ഷേ മൂന്നാമത്തെ ദിവസം മടുത്തു തുടങ്ങി. ആയുർവേദിക് ഡയറ്റ് ഒക്കെ പിന്തുടർന്നുകൊണ്ടിരുന്ന ആളാണ് ഞാൻ. ആ ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി. ബിരിയാണി സൂപ്പർ ആയിരുന്നു. ജോജു ചേട്ടന്റെ പ്രൊഡക്‌ഷനിൽ നല്ല ഭക്ഷണമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. വേറെ പലതരം ഭക്ഷണങ്ങൾ ഉണ്ടായിരുന്നു പക്ഷേ എനിക്ക് അതൊന്നും കഴിക്കാൻ പറ്റിയില്ല.'
'കോവിഡ് സമയത്ത് ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞപ്പോഴാണ് അഹമ്മദ് എന്നെ വിളിച്ചത്. ജൂൺ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അദ്ദേഹം ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ റോൾ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. എത്ര ചെറിയ റോൾ ആണെങ്കിലും ഈ സംവിധായകനോടൊപ്പം വർക്ക് ചെയ്യണം എന്ന് തീരുമാനിച്ചു. ഹോസ്പിറ്റലിലെ കൂട്ടിരിപ്പുകാരുടെ കഥയാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഓ ഭയങ്കര സങ്കടവും വിഷമവുമൊക്കെ വരുന്ന കഥയായിരിക്കും എന്നാണ് ആദ്യം കരുതിയത്. അദ്ദേഹം കഥ പറഞ്ഞപ്പോൾ ഒരു ആശുപത്രി ചുറ്റുപാടിൽ ഇത്രയും ഹൃദയസ്പർശിയായി ഒരു സിനിമ എടുക്കാൻ കഴിയുമോ എന്ന് ഞാൻ വിചാരിച്ചുപോയി. തിരക്കഥ കേട്ടയുടനെ ഞാൻ ഓക്കേ പറയുന്ന ആദ്യത്തെ സിനിമയിയിരിക്കണം മധുരം.'

'മധുരത്തിന്റെ സെറ്റിൽ വന്നപ്പോഴാണ് ഞാൻ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്. പ്രേതത്തിന്റെ വിജയാഘോഷത്തിനിടയിൽ അദ്ദേഹത്തെ കണ്ട് ഹലോ പറഞ്ഞിട്ടുണ്ട്. കലയിൽ എല്ലാം എനിക്ക് ഒരുപാടിഷ്ടമാണ്. എനിക്ക് ഇഷ്ടമല്ലാത്ത ഒന്നും ഞാൻ ചെയ്യാറില്ല. അഭിനയത്തോട് ഒരു പൊടി ഇഷ്ടം കൂടുതലുണ്ട്. ഡബ്ബിങ്, എഴുത്ത്, നൃത്തം എല്ലാം അഭിനയത്തെ കൂടുതൽ സഹായിക്കുന്നുണ്ട്. എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം. ഒരു നടി എന്ന നിലയിൽ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകൾ എല്ലാം കൂട്ടിവച്ചാലും അതിനേക്കാൾ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങൾ. ഒരുപാട് സന്തോഷമുണ്ട്' ശ്രുതി രാമചന്ദ്രൻ പറയുന്നു.


Click it and Unblock the Notifications