'ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ബ്ലെസിയേട്ടനെ വിളിച്ചു, പ്രസവം ഞാൻ എഞ്ചോയ് ചെയ്യുമ്പോൾ അത് വിവാദമായി'; ശ്വേത!
ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി കടിഞ്ഞൂൽ കൺമണിയുടെ ജനനം ക്യാമറയിൽ പകർത്തി ഒരു കാലത്ത് വലിയ വിവാദം സൃഷ്ടിച്ച നായിക നടിയാണ് ശ്വേത മേനോൻ. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഒരു നായിക തന്റെ പ്രസവം സിനിമയ്ക്കായി ചിത്രീകരിച്ചത്. കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ശ്വേത മേനോൻ സ്വന്തം പ്രസവത്തിന്റെ നിമിഷങ്ങൾ ഷൂട്ട് ചെയ്തുവെന്നത് അക്കാലത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ലോക സിനിമയിൽ മുമ്പും അത്തരം രംഗങ്ങൾ പകർത്തിയ സിനിമകൾ വന്നിട്ടുണ്ടെങ്കിലും അവയിൽ പലതും മലയാളികൾ കണ്ടിട്ടുണ്ടെങ്കിലും ഒരു മലയാള ചിത്രം പ്രസവരംഗം ചിത്രീകരിക്കുന്നതിനെ പത്ത് വർഷം മുമ്പ് ആർക്കും ഉൾക്കൊള്ളാനായിരുന്നില്ല.
പലരും ശ്വേത മേനോന്റെ പേരിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജത്തിൽ നിന്നും കൃത്രിമ ഗർഭധാരണം നടത്തുന്ന യുവതിയുടെ കഥപാത്രമായിരുന്നു കളിമണ്ണിൽ ശ്വേത കൈകാര്യം ചെയ്തത്.

ശ്വേത നേരിട്ട വിമർശനങ്ങളുടെ ഒരു ശതമാനം കഥാപാത്രമായ മീരയിലൂടെ സംവിധായകൻ പറയുകയും ചെയ്തിരുന്നു. ശ്വേതയുടെ പ്രസവം എത്തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അറിയാൻ വേണ്ടി മാത്രം കളിമണ്ണ് കാണാൻ ടിക്കറ്റ് എടുത്തവർ വരെ കേരളത്തിലുണ്ട്.
കേരളത്തിൽ വിവാദം ആളിപടരുമ്പോൾ താൻ ബോംബെയിൽ പ്രസവം എഞ്ചോയ് ചെയ്യുകയായിരുന്നുവെന്നാണ് ശ്വേത മേനോൻ പത്ത് വർഷം മുമ്പുള്ള ഓർമകൾ പുതുക്കി വെളിപ്പെടുത്തിയത്. മാധ്യമ സിൻഡികേറ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കളിമണ്ണ് സിനിമയിലെ അനുഭവങ്ങൾ ശ്വേത വെളിപ്പെടുത്തിയത്.
ബ്ലെസി എന്ന സംവിധായകനൊപ്പം നല്ലൊരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അവസരം ചോദിച്ചിട്ടുണ്ടെന്നും ശ്വേത പറയുന്നു. '2010, 2011 കാലഘട്ടത്തിലാണ് ഒരു അവാർഡ് ഫങ്ഷനിൽ വെച്ച് ഞാൻ ബ്ലെസിയേട്ടനെ കാണുന്നത്. ഒപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ കളിമണ്ണിന്റെ കഥ അദ്ദേഹം എന്നോട് പറഞ്ഞു.'
'മാത്രമല്ല റിയലായി ഗർഭിണിയായ സ്ത്രീയെ വെച്ച് ചെയ്യാൻ പ്ലാനുണ്ടെന്നും പറഞ്ഞു. ഒരു ചർച്ച മാത്രമെ അന്ന് നടന്നുള്ളു. പിന്നീട് ഞാൻ ഗർഭിണിയായപ്പോൾ എനിക്ക് ബ്ലെസിയേട്ടനെ ഓർമ വന്നു. വിളിച്ച് കാര്യം പറഞ്ഞു. ഗർഭിണിയാണെന്ന് കരുതി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.'

'ഉടൻ അദ്ദേഹം പറഞ്ഞ മറുപടി കഥ ആയില്ലെന്നും സമയം വേണമെന്നുമായിരുന്നു. പിന്നീട് അദ്ദേഹം എന്റെ ഭർത്താവിനെ കണ്ട് സംസാരിച്ച് പ്രസവത്തിന്റെ കുറച്ച് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന കാര്യവും പറഞ്ഞു. അദ്ദേഹം അത് ഓക്കെ പറഞ്ഞു. എനിക്ക് ബ്ലെസിയേട്ടനെ വിളിക്കാനൊക്കെ തോന്നിയത് എന്റെ മോൾ കാരണമാണ്.'
'അവൾ തീരുമാനിച്ചിരുന്നിരിക്കും ബ്ലെസിയേട്ടന്റെ സിനിമയിലൂടെ ഈ ലോകത്തേക്ക് വരാമെന്നത്', ശ്വേത പറയുന്നു. പ്രസവ രംഗം ഷൂട്ട് ചെയ്യുന്നതിനെ ചൊല്ലി ഉണ്ടായ കോലാഹലങ്ങളെ കുറിച്ചും ശ്വേത സംസാരിച്ചു. 'ഞാൻ ബോംബെയിലാണ് പ്രസവിച്ചത്. പ്രസവം ഞാൻ എഞ്ചോയ് ചെയ്യുമ്പോൾ കേരളത്തിൽ അത് വിവാദമായി.'
'പക്ഷെ ഇത് ഞാൻ അറിഞ്ഞിരുന്നില്ല. പലരും എന്റെ പേരിൽ കേസ് വരെ കൊടുത്തു. എന്നാൽ അതിന് ശേഷം ഇപ്പോൾ നോക്കൂ എല്ലാവരും ഗർഭിണിയാകുമ്പോൾ മുതൽ പ്രസവം വരെയുള്ള എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്ത് സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയാണ്. എന്നെ അന്ന് കുറ്റപ്പെടുത്തിയവരൊക്കെ തന്നെയാണ് ഇന്ന് ഇതൊക്കെ ചെയ്യുന്നതെന്നതാണ് മറ്റൊരു രസം', ശ്വേത കൂട്ടിച്ചേർത്തു.
കളിമണ്ണ് റിലീസിന് ശേഷം ശ്വേതയുടെ മകൾ സബൈന മേനോനെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമെന്ന വിശേഷണത്തിനർഹയാക്കി. ഗിന്നസ് വേൾഡ് റെക്കോർഡ് ടീം അടക്കമുള്ളവർ കളിമണ്ണ് ടീമുമായി ബന്ധപ്പെട്ടിരുന്നു.


Click it and Unblock the Notifications