ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ ആർത്തവം, എഴുന്നേൽക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു; കാക്കക്കുയിലിലെ അനുഭവം: ശ്വേത
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് ശ്വേത മേനോൻ. സിനിമാ രംഗത്തും മോഡലിംഗ് രംഗത്തും വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ശ്വേത ഇന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. ഗ്ലാമറസ് താരമായി ഒരു കാലത്ത് ബോളിവുഡിൽ ശ്രദ്ധ പിടിച്ച് പറ്റാൻ ശ്വേതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹിന്ദി സിനിമകൾ ചെയ്തെങ്കിലും ബി ടൗണിലെ മുൻനിര താരമായില്ല. എന്നാൽ പിന്നീട് മലയാളത്തിൽ വലിയ താരമായി ശ്വേത മേനോൻ മാറി. സിനിമാ, പരസ്യ രംഗത്തെ തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ശ്വേത മേനോൻ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്.
ബോംബെയിൽ ഞാനൊരു പെർഫ്യൂം ആഡ് ചെയ്യുകയായിരുന്നു. ഒരു പാർട്ടിയിലേക്ക് പെർഫ്യൂം അടിച്ച് ഞാൻ പോകുകയും ആളുകൾ വൗ എന്ന് പറയുകയും ചെയ്യുന്നതാണ് ആഡ്. ഈ പെർഫ്യൂം ഉണ്ടെങ്കിൽ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയം. ഞാൻ അതിൽ നഗ്നയായത് പോലെ അഭിനയിക്കണം. സ്കിൻ കളർ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം. നിർഭാഗ്യവശാൽ എനിക്ക് ആർത്തവമായി. വയർ കുറച്ച് വീർത്തിരുന്നു. ഞാൻ ബോഡി സ്യൂട്ട് ധരിച്ചു. എന്റെ ഡയരക്ടറെ വിളിച്ചു.

നോക്കൂ, കുറച്ച് വയറുണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് ലഞ്ജ തോന്നി. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. എന്നോട് ഒരു പെൺകുട്ടിയും ഇങ്ങനെ സംസാരിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. നിങ്ങളാണ് ഡയരക്ടർ. ആണാണോ പെണ്ണാണോ എന്നല്ല. സംവിധായകനാണ്. അതിനാൽ ഞാൻ തുറന്ന് പറയണം. പിരീയഡ്സ് ആയതിനാൽ ഞാൻ ബ്ലോട്ടഡ് ആണ് എന്ന് ഞാൻ പറഞ്ഞു.
കാക്കക്കുയിൽ എന്ന സിനിമയിൽ ആലാരേ ഗോവിന്ദ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ എനിക്ക് പിരീയഡ്സ് ആയി. 9 മണിക്കായിരുന്നു ഫിഫ്റ്റ്. 12.30 നാണ് ഞാൻ എത്തിയത്. പ്രിയൻ എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. മരുന്ന് വേണം, ഡോക്ടർ വേണം എന്ന് പറഞ്ഞു.

ഇഞ്ചക്ഷനെടുത്ത ശേഷമാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞാൻ ആരായാലും അവരോട് തുറന്ന് പറയുന്ന ആളാണ്. എന്റെ അച്ഛൻ എനിക്ക് ആദ്യം പിരീയഡ്സ് വന്ന സമയത്ത് തന്നെ സാനിറ്ററി നാപ്കിൻ പോയി വാങ്ങ് എന്ന് പഠിപ്പിച്ച ആളാണെന്നും ശ്വേത മേനോൻ പറയുന്നു.
1991 ൽ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത മേനോൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചു. മുംബൈയിലെ അറിയപ്പെടുന്ന മോഡലായി മാറുകയും മിസ് ഇന്ത്യ റണ്ണർ അപ്പാകുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം ആയിരുന്നു അനശ്വരത്തിൽ ശ്വേത അഭിനയിച്ചത്. അനശ്വരത്തിന് ശേഷം മലയാളത്തിൽ വലിയ ഇടവേള വന്നു. രണ്ടാം വരവിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ശ്വേതയ്ക്ക് ലഭിച്ചു. പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം തുടങ്ങിയ സിനിമകളിലൂടെ ശ്വേത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. എന്നാൽ അടുത്ത കാലത്തായി ശ്വേതയെ പഴയത് പോലെ തുടരെ സിനിമകളിൽ കാണാറില്ല. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയ നടിയാണ് ശ്വേത മേനോൻ.


Click it and Unblock the Notifications











