'വിടരും മുമ്പേ കൊഴിഞ്ഞു, നിന്റെ ഒരു അംശം ഇപ്പോഴും എന്നിൽ ജീവിക്കുന്നു'; സഹോദരിയെ കുറിച്ച് സിമ്രാന്റെ വാക്കുകൾ!
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു സിമ്രാൻ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്. പ്രായം നാൽപത്തിയാറ് പിന്നിട്ടെങ്കിലും അന്നും ഇന്നും ചെറുപ്പത്തോടെയും ചുറുചുറുക്കോടെയും മാത്രമെ സിനിമാ പ്രേമികൾ സിമ്രാനെ കണ്ടിട്ടുള്ളൂ. സിനിമകളെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല നടിക്കൊപ്പം അഭിനയിച്ചിട്ടുള്ള സൂപ്പർ സ്റ്റാറുകൾക്ക് പോലും സിമ്രാൻ ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.
സിമ്രാനെപ്പോലെ തന്നെ തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങാൻ സോഹദരി മോണൽ നേവലിനും സാദിച്ചിരുന്നു. വിജയിയുടെ ഹിറ്റ് ചിത്രം ബദ്രിയിലടക്കം മോണൽ അഭിനയിച്ചിരുന്നു. സിമ്രാൻ അഭിനയത്തിൽ എത്തി മൂന്ന് വർഷം പിന്നിട്ട ശേഷമാണ് മോണൽ അഭിനയത്തിലേക്ക് എത്തുന്നത്. കന്നട സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച മോണലിനെ മരണം കവർന്നെടുത്ത് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. സഹോദരിയുടെ അപ്രതീക്ഷിത വേർപാട് സിമ്രാനും താങ്ങാൻ കഴിയുന്നതായിരുന്നില്ല.

മോണലിന്റെ വേർപാടിന്റെ ഇരുപതാം വാർഷികത്തിൽ സഹോദരിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിമ്രാൻ. സഹോദരിയുടെ ഒരു അംശം ഇപ്പോഴും തന്നിൽ ജീവിക്കുന്നു എന്നാണ് പഴയൊരു ഓർമചിത്രം പങ്കുവെച്ച് സിമ്രാൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. 'നീ ഭൂമിയിൽ ഇല്ലായിരിക്കാം... പക്ഷേ നമ്മൾ തമ്മിൽ എപ്പോഴും ഒരു ബന്ധമുണ്ടെന്ന് എനിക്കറിയാം. 20 വർഷം കഴിഞ്ഞെങ്കിലും നിന്റെ ഒരു അംശം ഇപ്പോഴും എന്നിൽ ജീവിക്കുന്നു. ഞങ്ങൾ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു...' സിമ്രാൻ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം അടക്കം പങ്കുവെച്ചുകൊണ്ട് കുറിച്ചു. 2002ൽ ആയിരുന്നു മോണൽ ആത്മഹത്യ ചെയ്തത്.

പ്രണയനൈരാശ്യമാണ് മരണകാരണമെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മോണലിന്റെ ചെന്നൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2000ത്തിൽ ആയിരുന്നു മോണൽ ആദ്യ സിനിമ ചെയ്തത്. കന്നട ചിത്രമായിരുന്നു അത്. പിന്നീട് 2001ൽ പാർവൈ ഓൻട്രേ പോതുമേ എന്ന സിനിമയിലൂടെ തമിഴിലേക്ക് മോണൽ അരങ്ങേറി. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമ വിജയ്ക്കൊപ്പം ബദ്രിയായിരുന്നു. ചിത്രത്തിൽ ഭൂമിക ചൗളയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ലവ്ലി, സമുദിരം, വിവരമാന ആള്, ചാർളി ചാപ്ലിൻ, പേസാത കണ്ണും പേസുമെ തുടങ്ങിയ സിനിമകളിലും മോണൽ അഭിനയിച്ചു. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

സണ്ണി ഡിയോളിന്റെ മാ തുജെ സലാം ആയിരുന്നു മോണൽ അഭിനയിച്ച ഓരേയൊരു ബോളിവുഡ് സിനിമ. മോണലിന്റെ ആത്മഹത്യ സിനിമാ മേഖലയ്ക്കും ആരാധകർക്കും വലിയ ഞെട്ടലായിരുന്നു സൃഷ്ടിച്ചത്. ഒരുപാട് ഉയരങ്ങളിലേക്ക് ചെന്നെത്തേണ്ടിയിരുന്ന പ്രതിഭ കൂടിയായിരുന്നു മോണൽ. താരത്തിന്റെ അവസാന ചിത്രം ആദികം ആയിരുന്നു. മോണൽ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്തത്. സിമ്രാനെ കൂടാതെ ജ്യോതി, സുമിത്ത് എന്നീ രണ്ട് സഹോദരങ്ങൾ കൂടി മോണലിനുണ്ട്. 1995 ലാണ് സിമ്രാൻ സിനിമാ ലോകത്തേക്ക് എത്തിയത്. വടിവൊത്ത ശരീര സൗന്ദര്യവും ഡാൻസും തന്നെയായിരുന്നു സിമ്രാൻ എന്ന നടിയിലേക്ക് ആരാധകരെ ആകർഷിച്ചത്. ഗർഭിണിയായപ്പോഴും സിനിമയിൽ നിന്നും സിമ്രാൻ ഇടവേളയെടുത്തിരുന്നു.
Recommended Video

സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് സിമ്രാൻ. പഴയ ഓർമകളാണ് പലപ്പോഴും സിമ്രാൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ലൊക്കേഷൻ അനുഭവങ്ങളും, ചില കൂടിക്കാഴ്കളുമെല്ലാം സിമ്രാൻ ഇന്നലെ എന്ന പോലെ ഓർത്തെടുത്ത് പങ്കുവെക്കാറുണ്ട്. വിക്രം-ധ്രുവ് വിക്രം സിനിമ മഹാൻ ആണ് ഏറ്റവും അവസാനം സിമ്രാൻ അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ. വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ നാച്ചിയായിട്ടാണ് മഹാനിൽ സിമ്രാൻ എത്തിയത്. അതിന് മുമ്പ് നെറ്റ്ഫ്ലിക്സ് ആന്തോളജി പാവകഥൈകളിലാണ് സിമ്രാൻ അഭിനയിച്ചത്.


Click it and Unblock the Notifications











