നാല് വർഷത്തെ ഇടവേള; ചേച്ചി എല്ലാ പ്രശ്നങ്ങളെയും നേരിട്ടതാണ്; ഞങ്ങളൊരുമിച്ചായിരുന്നു തിരിച്ചെത്തിയത്; സിനി
സീരിയൽ രംഗത്ത് വലിയ ഞെട്ടലാണ് നടി രഞ്ജുഷ മേനോന്റെ മരണമുണ്ടാക്കിയത്. അഭിനയ രംഗത്ത് സജീവമായിരുന്ന രഞ്ജുഷയുടെ മരണം സഹപ്രവർത്തകരായിരുന്ന സുഹൃത്തുക്കൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ആത്മഹത്യക്ക് പിന്നാലെ പല അഭ്യൂഹങ്ങളും ഉയർന്നു. സംവിധായകൻ മനോജ് ശ്രീലകമായിരുന്നു രഞ്ജുഷയുടെ പങ്കാളി. മരിക്കുന്ന ദിവസം മനോജ് ശ്രീലകവുമായി രഞ്ജുഷ വഴക്കിട്ടിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. രഞ്ജുഷയെക്കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തായ നടി സിനി വർഗീസ്.
രഞ്ജുഷ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സിനി വർഗീസ് പറയുന്നു. സീരിയൽ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ഗ്യാപ്പ് വന്നിരുന്നു. ചേച്ചിക്ക് കുട്ടിയായപ്പോഴേക്കും നാല് വർഷത്തോളം ഗ്യാപ്പ് വന്നു. കുറച്ച് തടി വെച്ചിരുന്നു. ഇടവേള കഴിഞ്ഞ് ഞങ്ങൾ തിരിച്ചെത്തിയത് ഒരു സീരിയലിലൂടെയാണ്. ചേച്ചിയും അനിയത്തിയുമായാണ് എത്തിയത്.

രണ്ട് വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അത് കഴിഞ്ഞും ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ സങ്കടപ്പെട്ടിരിക്കുമ്പോഴും ഹാപ്പിയായിരിക്ക് എന്ന് പറഞ്ഞ് തരുന്ന ആളായിരുന്നു. വളരെ ബോൾഡായിരുന്നു. എല്ലാ പ്രശ്നങ്ങളും നല്ല രീതിയിൽ അഭിമുഖീകരിച്ച ആളായിരുന്നു രഞ്ജുഷ മേനോനെന്നും സിനിമ വർഗീസ് വ്യക്തമാക്കി. മരണ വാർത്ത തീരെ പ്രതീക്ഷിച്ചില്ല. വേറൊരു ആർട്ടിസ്റ്റാണ് എന്നെ വിളിച്ചത്. അപ്പോഴും മരിച്ചു എന്ന് ഞാൻ വിശ്വസിച്ചില്ല. ഏത് ആശുപത്രിയിലാണെന്നാണ് ഞാൻ ചോദിച്ചത്.
വിളിച്ച് രണ്ട് ചീത്ത പറയാം എന്നാണ് കരുതിയത്. പക്ഷെ അത് കഴിഞ്ഞാണ് മരിച്ചെന്ന് അറിയുന്നതെന്നും സിനി വർഗീസ് വ്യക്തമാക്കി. രഞ്ജുഷയുടെ മരണത്തിന് പിന്നാലെ വന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടൻ മനോജ് കുമാർ കഴിഞ്ഞ രംഗത്ത് വന്നിരുന്നു. മരണത്തെക്കുറിച്ച് വന്ന അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് മനോജ് കുമാർ വ്യക്തമാക്കി. മനോജ് സംവിധാനം ചെയ്യുന്ന സീരിയലിൽ രഞ്ജുഷയും പങ്കാളിയാണ്.

ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രഞ്ജുഷയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നങ്ങൾ തുടങ്ങിയത്. മനോജ് ശ്രീലകം പിറന്നാൾ ആശംസകൾ അറിയിച്ചില്ല. ഇതിന്റെ പേരിൽ രണ്ട് പേരും തമ്മിൽ വഴക്കുണ്ടായി. മനോജ് ലൊക്കേഷനിലേക്ക് പോയി. പോകുന്ന വഴിയിലും ഫോൺ വിളിച്ച് വഴക്ക് നടന്നു. ചിത്രീകരണ തിരക്കിലായതിനാൽ മനോജ് പിന്നീട് ഫോൺ നോക്കിയില്ല. തിരിച്ച് വിളിച്ചിട്ട് എടുക്കാതായപ്പോൾ വീട്ടിൽ പോയി നോക്കി. അപ്പോഴാണ് തൂങ്ങി മരിച്ചത് കണ്ടതെന്നാണ് മനോജ് തന്നോട് പറഞ്ഞതെന്ന് മനോജ് കുമാർ വ്യക്തമാക്കി.
അതേസമയം രഞ്ജുഷയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് ആവശ്യപ്പെട്ടത്. സീരിയൽ രംഗത്ത് നിന്ന് തുടരെ വരുന്ന രണ്ടാമത്തെ ആത്മഹത്യാ വാർത്തയാണിതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സീരിയൽ നടി അപർണ നായർ ആത്മഹത്യ ചെയ്തത്.
വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ നടിയെ മാനസികമായി ബാധിച്ചിരുന്നു. ഭർത്താവിനെതിരെ അപർണയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തു. സീരിയൽ രംഗത്തുണ്ടാകുന്ന പ്രശ്നങ്ങളിൽ ആത്മ സംഘടന ഇടപെടണെന്നാണ് ശാന്തിവിള ദിനേശിന്റെ ആവശ്യം. സംഘടനയിൽ അംഗമല്ലാത്തവരുടെ വിഷയത്തിൽ ഇടപെടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications