'സൂക്ഷിച്ചാണ് സംസാരവും പ്രവൃത്തിയും...എല്ലാം പെട്ടന്ന് പഠിക്കും, അവരോട് എങ്ങനെ ഇഷ്ടം വന്നുവെന്ന് അറിയില്ല'
മറിമായം എന്ന സിറ്റ്കോമിലൂടെ ജനപ്രിയരായി മാറിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും നിരവധി സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മറിമായത്തിലൂടെ ആരാധകരെ ലഭിച്ചത്. ഇരുവരും ഇപ്പോൾ രണ്ട് വയസുകാരൻ കേദാറിന്റെ മാതാപിതാക്കൾ കൂടിയാണ്. ഇപ്പോഴിതാ സ്റ്റോറി സീറ്റിന് നൽകിയ അഭിമുഖത്തിൽ മകനെ കുറിച്ചും മറിമായം സെറ്റിലെ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് ഇരുവരും.
മകൻ പിറന്നശേഷം ഓരോ വാക്കും പ്രവൃത്തിയും വളരെ ശ്രദ്ധയോടെയാണെന്ന് ഇരുവരും പറയുന്നു. പാരന്റിങ് എന്നത് ഒരു ചെറിയ സബ്ജെക്ടല്ല. കേദാറിൽ നിന്നും ഞങ്ങൾ പലതും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൊമന്റിലും അവൻ നമുക്ക് ഓരോ കാര്യങ്ങൾ പറഞ്ഞ് തരും. ചില പ്രത്യേക സമയത്തുള്ള പിണക്കങ്ങളും ചില സമയത്തുള്ള ഇഷ്ടങ്ങളും എല്ലാമുണ്ട് അവന്.

തെറ്റായൊരു വാക്ക് നമ്മുടെ വായിൽ നിന്ന് വീണാൽ വരെ അവൻ പെട്ടന്നത് പിടിച്ചെടുക്കും. ഞങ്ങളുടെ നായക്കുട്ടിയെ ഞാൻ ഇടയ്ക്ക് എടാ, പോടാ എന്നൊക്കെ വിളിക്കും. മോൻ അത് ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് കരുതിയില്ല. ഒരു ദിവസം അവൻ അതേ വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് സംസാരിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണമെന്ന് മനസിലായത്.
വീട്ടിൽ പരസ്പരം സംസാരിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും വളരെ കെയർഫുള്ളാണ്. ഞങ്ങൾ ചെയ്യുന്നത് അവൻ അതുപോലെ പഠിച്ച് വെയ്ക്കും. അതിനാൽ ഞങ്ങൾ വളരെ സൂക്ഷിച്ചാണ് ഒരോന്നും ചെയ്യുന്നത് ശ്രീകുമാർ പറഞ്ഞു. അവൻ വന്നശേഷമുള്ള ഓരോ മൊമന്റും ഞങ്ങൾ ആസ്വദിക്കുകയാണ്. മോന് എപ്പോഴും ഒരു പോസിറ്റീവ് വൈബാണ്. ഭയങ്കരമായി വഴക്കൊന്നുമുള്ള ആളല്ല.
എന്റെ കൂടെ ലൊക്കേഷനിൽ വരാറുണ്ട്. ഷൂട്ടിങിന് ഒപ്പം വരികയാണെന്ന് അവൻ ഇങ്ങോട്ട് പറയും. അവനെ ഞാൻ പ്രസവിച്ച് 39 ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഞാൻ മറിമായത്തിൽ വീണ്ടും ജോയിൻ ചെയ്തത്. അതിനുശേഷം അവൻ ഒരു ദിവസം സെറ്റിൽ വന്നതുകൊണ്ട് ഒരു എപ്പിസോഡിൽ അവിടെയും ഇവിടെയും എല്ലാമായി ചെറുതായി പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ അവൻ മെസി കോയ എന്നൊരു എപ്പിസോഡിൽ കുഞ്ഞ് മെസിയായി അഭിനയിച്ചിട്ടുണ്ട്. ഉടനെ എപ്പിസോഡ് വരും. മറിമായം അവന് ഭയങ്കര ഇഷ്ടമാണ്. എങ്ങനെയാണ് ആ ഇഷ്ടം വന്നതെന്ന് അറിയില്ല. അവിടെയുള്ളവരോടും അവന് ഭയങ്കര സ്നേഹമാണ്. സ്വന്തം വീട്ടിൽ ചെന്നത് പോലെയാണ് അവനെന്ന് സ്നേഹയും പറഞ്ഞു. പിന്നീട് ഇരുവരും മറിമായവുമായ ബന്ധപ്പെട്ട വിശേഷങ്ങളാണ് പങ്കുവെച്ചത്.

മറിമായത്തിലെ റോളുകളെല്ലാം ചലഞ്ചിങ് തന്നെയാണ്. റിപ്പീറ്റേഷൻ റോളുകൾ വരരുതെന്ന ആഗ്രഹം ഞങ്ങൾ എല്ലാവർക്കുമുണ്ട്. ആ സെറ്റിൽ കാര്യങ്ങൾ ഈസിയായി സമീപിക്കുന്ന ആരുമില്ല. എല്ലാവരും വളരെ സീരിയസായിട്ട് തന്നെയാണ് മറിമായത്തെ കാണുന്നത്. സോഷ്യൽമീഡിയ കമന്റ്സ് അധികം വായിക്കാറില്ല. പക്ഷെ സുഹൃത്തുക്കൾ അയച്ച് തരും.
പിന്നെ മറിമായവുമായി ബന്ധപ്പെട്ടത് ഞങ്ങൾക്ക് ഒരു ഗ്രൂപ്പുണ്ട്. അതിലേക്ക് കമന്റുകൾ സ്ക്രീൻഷോട്ടായി വരാറുണ്ട്. അല്ലാതെ സ്ഥിരമായി കമന്റുകൾ വായിക്കാറില്ല. ഒരുപാട് ആളുകൾ മറിമായത്തിലെ എപ്പിസോഡുകൾ കണ്ടും ക്യാരക്ടറുകൾ ഇഷ്ടപ്പെട്ടും അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. ചില എപ്പിസോഡുകൾ കണ്ട് കരഞ്ഞുവെന്ന് വരെ കമന്റുകൾ പറയാറുണ്ട്. എല്ലാ പ്രായക്കാരും കാണുന്ന പരിപാടിയാണ്.
അതുകൊണ്ട് തന്നെ നല്ലതാണെന്ന് ആളുകൾ പറയുമ്പോൾ ഉത്തരവാദിത്വം കൂടുകയാണ്. അടുത്ത എപ്പിസോഡ് അതിനേക്കാൾ നന്നാക്കണമല്ലോ. ഭാരമായി ഉത്തരവാദിത്വത്തെ തോന്നാറില്ല. ഇഷ്ടപ്പെട്ട ജോലി വൃത്തിയായി ചെയ്യുക എന്ന ലക്ഷ്യമെയുള്ളു. എന്ത് ടെൻഷനുണ്ടെങ്കിലും എപ്പിസോഡ് ഷൂട്ടിന് ചെന്ന് നിന്നാൽ അതിലേക്ക് ഇറങ്ങും സ്നേഹയും ശ്രീകുമാറും പറഞ്ഞു.


Click it and Unblock the Notifications











