'രണ്ട് സാഹചര്യങ്ങളിൽ രണ്ട് സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു'; സ്നേഹ!
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് മണ്ഡോദരിയും ലോലിതനും. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാർത്തവന്നപ്പോൾ ആരാധകർക്കും ത്രില്ലായിരുന്നു. എസ്.പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. നാല് വർഷം മുമ്പ് ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ച് കയ്യടിനേടി.

ഇന്നും ശ്രീകുമാറിനെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന ഒരു കഥാപാത്രം മെമ്മറീസിലെ വില്ലൻ വേഷമാണ്. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ. ചക്കപ്പഴത്തിലെ ഉത്തമനെ അവതരിപ്പിച്ച് തുടങ്ങിയ ശേഷം ശ്രീകുമാറിനുള്ള ആരാധകരുടെ കാര്യത്തിലും വലിയ വർധനയുണ്ടായി.
ഇപ്പോഴിതാ നാലാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് ആശംസകൾ നേർന്ന് സ്നേഹ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് സാഹചര്യങ്ങളിൽ രണ്ട് സ്ഥലങ്ങളിൽ വളർന്ന തങ്ങൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു എന്നാണ് സ്നേഹ കുറിച്ചത്. ഒപ്പം വിവാഹ ദിനത്തിൽ പകർത്തിയ ഒരു മനോഹര ചിത്രവും സ്നേഹ പങ്കിട്ടു. 'നാല് വർഷം മുന്നേയുള്ള ഡിസംബർ 11...'
'സംഭവബഹുലമായ നാല് വർഷങ്ങൾ അങ്ങനെ വിജയകരമായി മുന്നോട്ട്. രണ്ട് സാഹചര്യങ്ങളിൽ രണ്ട് സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു. ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും എന്റെ എന്നതിൽ നിന്നുംനമ്മുടെയായി. രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് ഓസ്കാർ സ്നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്. അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്നേഹം നിറഞ്ഞു.'
'ആ സ്നേഹം എന്നും നിലനിർത്താനും കൂടുതൽ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട്. ഇനിയും സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ... എന്റെ ശ്രീക്ക് ഹാപ്പി ആനിവേഴ്സറി', എന്നാണ് സ്നേഹ കുറിച്ചത്.

ശ്രീകുമാർ, കേദാർ, ഓസ്കർ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം സ്നേഹ ചേർത്തിരുന്നു. മറിമായം പരമ്പരയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. ശ്രീകുമാർ ഒട്ടും സംസാരിക്കാത്ത വ്യക്തിയായിരുന്നു.. മറിമായത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ആദ്യ നാളുകളിൽ ഞങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നു.
വിവാഹശേഷമാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും ശ്രീകുമാർ പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നുമാണ് സ്നേഹ മുമ്പ് ഒരിക്കൽ പറഞ്ഞത്. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കേദാർ എന്നാണ് മകന് ഇരുവരും പേരിട്ടിരിക്കുന്നത്. മകൻ പിറന്നശേഷം ഇരുവരും ആഘോഷിക്കുന്ന ആദ്യത്തെ വിവാഹ വാർഷികം കൂടിയാണിത്.
പ്രസവത്തിന് തൊട്ട് മുമ്പ് വരെ അഭിനയത്തിൽ സജീവമായിരുന്നു സ്‌നേഹ. പൊന്നോമന വന്നശേഷമുള്ള വിശേഷങ്ങൾ ഒക്കെയും സ്‌നേഹ തന്റെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു. താൻ ഗർഭിണിയാണെന്ന് അറിഞ്ഞത് പതിനൊന്ന് ആഴ്ചകൾ പിന്നിട്ടപ്പോഴായിരുന്നു എന്ന് സ്നേഹ പറഞ്ഞിട്ടുണ്ട്. സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചിരിച്ചൽ തോന്നിയപ്പോൾ ഡോക്ടറെ കാണുകയും ബ്ലെഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞതെന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications











