മീശ കടിച്ചെടുക്കുന്ന സീനുണ്ടായിരുന്നു; നരനിലെ കുന്നുമ്മല്‍ ശാന്തയായി അഭിനയിച്ചതിനെ കുറിച്ച് നടി സോന നായര്‍
മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയിലെ പാട്ടുകളും മറ്റ് കഥാപാത്രങ്ങളുമൊക്കെ ശ്രദ്ധേയമായിരുന്നു. നടി സോന നായര്‍ അവതരിപ്പിച്ച കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിനും വലിയ ജനപ്രീതി ലഭിച്ചു. പക്ഷേ തന്റെ കഥാപാത്രത്തിന് പ്രധാന്യമുള്ള ചില സീനുകളില്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി പറയുകയാണ് നടിയിപ്പോള്‍.
കുന്നുമ്മല്‍ ശാന്തയുടെ പ്രധാനപ്പെട്ടതെന്ന് താന്‍ കരുതിയ സീനുകളാണ് ഒഴിവാക്കിയതെന്ന് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സോന നായര്‍ വ്യക്തമാക്കുന്നു. അതുപോലെ ഭാവനയുടെ കൂടെ ചെയ്‌തൊരു സീനും സിനിമയില്‍ ഇല്ലെന്നാണ് നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം..

കുന്നമ്മല്‍ ശാന്തയായി അഭിനയിച്ചതിനെ കുറിച്ച് സോന നായര്‍ പറയുന്നതിങ്ങനെയാണ്..
'നരനിലെ തന്റെ ഫസ്റ്റ് ഷോട്ട് വേലായുധന്റെ മീശയിലെ ഒരു നര കടിച്ച് പറിക്കുന്നതാണ്. ഞാന്‍ വിറയ്ക്കുകയായിരുന്നു. വേറെ ഏതെങ്കിലും സീന്‍ ചെയ്തിട്ട് ഇതിലേക്ക് വരാമെന്നും അതല്ലെങ്കില്‍ എനിക്ക് പറ്റില്ലെന്നും സംവിധായകന്‍ ജോഷി സാറിനോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത്രയും ഭീകരമായിട്ടുള്ള സീന്‍ ആദ്യം എടുത്താല്‍ ബാക്കി എല്ലാം വളരെ എളുപ്പമായി നീ ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ അത് ചെയ്‌തെങ്കിലും സിനിമയില്‍ ആ സീനില്ല'.

ആ കഥാപാത്രത്തിന്റെ പോസിറ്റീവിറ്റി കാണിക്കുന്ന സീനുകളെ പറ്റി നടി..
കുന്നുമ്മല്‍ ശാന്തയുടെ വീടിന് മുന്നില്‍ കാവല്‍ കിടക്കുകയാണല്ലോ മുള്ളന്‍കൊല്ലി വേലായുധന്‍. എനിക്ക് അദ്ദേഹത്തോട് അഘാതമായ പ്രണയമാണ്. പുള്ളിയെ നന്നാക്കാന്‍ വേണ്ടിയാണ് ശാന്ത ദേഷ്യം പിടിച്ച് ഓരോന്ന് ചെയ്യുന്നത്. ശാന്തയ്ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്. പുള്ളി ഉറങ്ങി കിടക്കുമ്പോള്‍ അടുത്ത് പോയി ആസ്വദിച്ച് കൊണ്ട് നില്‍ക്കുന്ന ശാന്തയാണ് സീനില്‍. അങ്ങനെ നോക്കുമ്പോള്‍ മീശയില്‍ ഒരു നരയുണ്ട്. പതുക്കെ അത് കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്ത് വരെ പോകും. അതായിരുന്നു ആദ്യത്തെ ഷോട്ട്.

പക്ഷേ അടുത്ത് വരെ ചെന്നെങ്കിലും അത് എടുക്കാതെ ശാന്ത പിന്മാറും. കാരണം അത്രയും പോസിറ്റീവിറ്റിയുള്ള കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വേലായുധന്റെ അടുത്ത് ചെയ്യുകയില്ല. എന്നാല്‍ അദ്ദേഹത്തോട് അഘാതമായ പ്രണയമുണ്ട് താനും. പിന്നെ കൈ കൊണ്ടാണ് ആ നര പറച്ചെടുക്കുന്നത്. പക്ഷേ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല.

ഭാവനയുടെ കൂടെയുള്ള സീനും ഒഴിവാക്കപ്പെട്ടുവെന്നാണ് സോന വെളിപ്പെടുത്തുന്നത്..
'ഭാവന അവതരിപ്പിച്ച ലീല എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടൊരു സീനുണ്ടായിരുന്നു. ശാന്തയുടെ വീട്ടില്‍ വേലായുധന്‍ കിടക്കുന്നത് കൊണ്ടാണ് ലീല വേലായുധനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തത്. അങ്ങനെ ഭാവനയുടെ ലീല എന്ന കഥാപാത്രത്തിനൊപ്പം കിടിലനൊരു സീനുണ്ട്. അതൊരു കടവില്‍ വെച്ച് എടുത്തതാണ്. സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്. പക്ഷേ അതും സിനിമയില്‍ ഇല്ല. വേലായുധനെ കുറിച്ച് ശാന്ത ലീലയ്ക്ക് പറഞ്ഞ് കൊടുക്കുന്നതാണ് സീനിലുള്ളത്'.
Recommended Video

ആ സീന്‍ നരനില്‍ എനിക്ക് നഷ്ടമാണ്. എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി. ഞാനല്ല എന്റെ സൗണ്ട് ഡബ്ബ് ചെയ്തത്. സാധാരണ എല്ലാ സിനിമകൡലും ഞാനാണ് ഡബ്ബ് ചെയ്യുന്നത്. പക്ഷേ അന്നത് സാധിച്ചില്ല. സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അതുകൊണ്ട് സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനും ക്ലൈമാക്‌സ് സീനും അതിലൂടെ നഷ്ടമായെന്ന് സോന പറയുന്നു.


Click it and Unblock the Notifications











