'കാല് വേദനിക്കുമ്പോഴെല്ലാം സ്നേഹത്തോടെ തടവും... നടുവേദന വരുമ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കും'
സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് നടിയും നർത്തകിയുമായ താര കല്യാൺ. താരയുടെ അമ്മ മണ്‍മറഞ്ഞ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ, മകൾ സുദർശന എന്നിവരെല്ലാം സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്. അമ്മയേയും ഭർത്താവിനേയും പോലെ സിനിമയിൽ സജീവമല്ലെങ്കിലും സൗഭാഗ്യ യുട്യൂബ് ചാനൽ വഴി നിരന്തരമായി തന്റെ ആരാധകരുമായി സംവദിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരയേക്കാൾ ആരാധകർ ഇപ്പോൾ സൗഭാഗ്യയ്ക്കുണ്ട്.
താരയുടെ ഡാൻസ് അക്കാദമി ഇപ്പോൾ നോക്കി നടത്തുന്നത് അർജുനും സൗഭാഗ്യയും ചേർന്നാണ്. ആരൊക്കെ ജീവിതത്തിലുണ്ടെങ്കിലും സൗഭാഗ്യ ഏറ്റവും കൂടുതൽ മിസ് ചെയ്യാറുള്ളത് അച്ഛൻ രാജാറാമിനെയാണ്. ഏക മകളായതുകൊണ്ട് തന്നെ മാതാപിതാക്കളായല്ല സുഹൃത്തുക്കളായാണ് സൗഭാഗ്യയോട് താരയും രാജാറാമും ഇടപഴകിയിരുന്നത്.

രാജറാം 2017ലാണ് മരിച്ചത്. വൈറൽപ്പനി ബാധിക്കുകയും പിന്നീട് നെഞ്ചിൽ ഇൻഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം.
പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് കൊറിയോ ഗ്രാഫർ, ചാനൽ അവതാരകൻ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി. നൃത്ത അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതൽ ശ്രദ്ധേയനായത്.
താരയ്ക്കൊപ്പം നൃത്ത വേദികളിലും എത്തിയിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം തീര്‍ത്തും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകള്‍ സൗഭാഗ്യയും കൊച്ചുമകളും എന്തിനും അടുത്തുണ്ടെങ്കിലും വീട്ടില്‍ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് പലപ്പോഴും താര കല്യാണ്‍ ഇമോഷണലായിട്ടുണ്ട്. അച്ഛന്റെ വേർപാട് സംഭവിച്ച് ഏഴ് വർഷം പിന്നിടുമ്പോൾ പഴയ ചില ഫോട്ടോകൾക്കൊപ്പം അച്ഛനെ കുറിച്ച് സൗഭാഗ്യ എഴുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
അച്ഛന്റെ മരണത്തിന് ഒരു വർഷം മുമ്പ് പകർത്തിയ ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയ്ക്ക് ചോറ് വാരികൊടുക്കുന്ന രാജാറാമാണ് ഫോട്ടോയിലുള്ളത്. ഡാഡി ആന്റ് ഡോട്ടർ എന്ന തലക്കെട്ടോടെയാണ് അന്ന് സൗഭാഗ്യ ഈ ചിത്രം പങ്കുവെച്ചത്. നടുവേദന വരുമ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുമെന്നാണ് പഴയ ഓർമകൾ പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്.

എനിക്ക് ഭക്ഷണം നൽകുന്നതിൽ എപ്പോഴും സന്തുഷ്ടനായ ഒരു മനുഷ്യൻ. ഓരോ ദിവസവും അദ്ദേഹത്തെ കൂടുതൽ മിസ് ചെയ്യുന്നു. ഡാൻസ് പരിശീലനത്തിനുശേഷം എൻ്റെ കാലിന് വേദന വരുമ്പോഴെല്ലാം അദ്ദേഹം സ്നേഹത്തോടെ എൻ്റെ കാലുകൾ അമർത്തിയിരുന്നു. ഏത് വേദനയും സുഖപ്പെടുത്താൻ കഴിയുന്ന മാന്ത്രിക കൈകളായിരുന്നു അദ്ദേഹത്തിന്.
ഇപ്പോൾ നിരന്തരമായി നടുവേദനയുണ്ടാകുമ്പോൾ അച്ഛൻ എൻ്റെ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു എന്നാണ് സൗഭാഗ്യ കുറിച്ചത്. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛനെന്നാണ് രാജാറാമിനെ സൗഭാഗ്യ വിശേഷിപ്പിക്കാറുള്ളത്. തന്റെ മകളായി ജനിക്കുമെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്ന് സുദർശനയ്ക്ക് ജന്മം നൽകിയശേഷം സൗഭാഗ്യ പറഞ്ഞിരുന്നു. അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും.
ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു. അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെൺകുഞ്ഞ് വേണമെന്ന് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചു എന്നാണ് മുമ്പൊരിക്കൽ അച്ഛനെ കുറിച്ച് സൗഭാഗ്യ പറഞ്ഞത്.


Click it and Unblock the Notifications